ജനവാസകേന്ദ്രത്തിൽ വിദേശ മദ്യഷാപ്പ് തുടങ്ങുന്നതിനെതിരെ പ്രതിഷേധം ശക്തം
text_fieldsബാലുശ്ശേരി: വൈകുണ്ഠത്തിനടുത്ത് ജനവാസകേന്ദ്രത്തിൽ വിദേശ മദ്യഷാപ്പ് തുടങ്ങുന്നതിനെതിരെ സമരസമിതിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ നടത്തി. ബാലുശ്ശേരി പൊലീസ് സ്റ്റേഷന് സമീപം കല്ലങ്കി ബിൽഡിങ്ങിലാണ് കൺസ്യൂമർ ഫെഡിന്റെ നേതൃത്വത്തിൽ വിദേശ മദ്യഷാപ്പ് തുറക്കാൻ തീരുമാനിച്ചിട്ടുള്ളത്. മുമ്പ് കൈരളി റോഡിൽ പ്രവർത്തിച്ചിരുന്ന വിദേശ മദ്യഷാപ്പ് നാട്ടുകാരുടെ പ്രതിഷേധം കാരണം അടച്ചുപൂട്ടിയിരുന്നു.
വീണ്ടും ജനവാസമേഖലയിൽ തുറക്കാനുള്ള നീക്കത്തിനെതിരെയാണ് പ്രതിഷേധമുയർന്നിട്ടുള്ളത്. ചാല ശ്രീ ഭഗവതിക്ഷേത്രം, ആദർശ സംസ്കൃത വിദ്യാപീഠം എന്നീ സ്ഥാപനങ്ങൾ ഇതിനു സമീപത്തായുണ്ട്. പ്രതിഷേധധർണ കേരള മദ്യനിരോധന സമിതി സംസ്ഥാന സെക്രട്ടറി ഭരതൻ പുത്തൂർവട്ടം ഉദ്ഘാടനം ചെയ്തു. കെ. അബൂബക്കർ അധ്യക്ഷത വഹിച്ചു.
കെ.പി. മനോജ് കുമാർ, ടി.എ. കൃഷ്ണൻ, എം.എം. ഹരീന്ദ്രനാഥ്, കെ.പി. സുരേഷ് ബാബു, വിനു, മനോജ് കുന്നോത്ത് എന്നിവർ സംസാരിച്ചു. വിവിധ റസിഡന്റ്സ് അസോസിയേഷനുകൾ, പൗരസമിതി, വിവിധ രാഷ്ട്രീയ-സാമൂഹിക പ്രവർത്തകർ എന്നിവർ ധർണയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.