ഹരമായി വയലട അൾട്രാ ഹിൽ റൺ
text_fieldsബാലുശ്ശേരി: വയലട മലയിലെ കാട്ടുപാതകളും പാറക്കെട്ടുകളും കാട്ടരുവികളും താണ്ടിയ വയലട അൾട്രാ ഹിൽ റണ്ണിന് ആവേശകരമായ പരിസമാപ്തി. സമുദ്രനിരപ്പിൽ നിന്നും 2500-ഓളം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ജില്ലയിലെ പ്രധാനപ്പെട്ട ഹിൽസ്റ്റേഷനായ വയലടയിലേക്ക് അൾട്രാ ഹിൽ റണ്ണിന്റെ ഭാഗമായി സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നുമായി 155 പേരാണ് പങ്കെടുത്തത്.
ബാലുശ്ശേരി മേഖലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് റോയൽ റണ്ണേഴ്സ് ക്ലബ് കാലിക്കറ്റിന്റെ നേതൃത്വത്തിലായിരുന്നു അൾട്രാ റൺ സംഘടിപ്പിച്ചത്. സാധാരണ മാരത്തണിൽനിന്നും വ്യത്യസ്തമായി ചെങ്കുത്തായ മലയോര പാതയിലൂടെ 30 കിലോമീറ്റർ, 60 കിലോമീറ്റർ എന്നീ രണ്ടു വിഭാഗത്തിലുള്ള ദീർഘദൂര ഓട്ടമത്സരമാണ് നടന്നത്.
ഇന്നലെ രാവിലെ ആറു മണിക്ക് ബാലുശ്ശേരി ഗവ. വി.എച്ച്.എസ്.എസ് ഗ്രൗണ്ടിലായിരുന്നു തുടക്കം. 30 കിലോമീറ്റർ വനിത വിഭാഗത്തിൽ ബംഗളൂരു സ്വദേശി സോണിയ നായിഡു ആറു മണിക്കൂർ രണ്ട് മിനിറ്റ് കൊണ്ട് വയലടയിലെ ഫിനിഷിംങ് പോയന്റിലെത്തി ഒന്നാം സ്ഥാനം നേടി.
മലപ്പുറത്ത് താമസിക്കുന്ന റഷ്യക്കാരി വോൾഗാ പ്രടോ (6മണിക്കൂർ 53 മിനിറ്റ്) രണ്ടാം സ്ഥാനവും ബംഗളൂരു സ്വദേശിനി സി. സുഹറ (7 മണിക്കൂർ, 27മിനിറ്റ്) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 30 കിലോമീറ്റർ പുരുഷ വിഭാഗത്തിൽ കോയമ്പത്തൂരിൽ നിന്നുള്ള ഹരികുമാർ 4 മണിക്കൂർ 15 മിനിറ്റു കൊണ്ട് ഒന്നാം സ്ഥാനത്ത് എത്തി.
ചെന്നൈയിൽൽനിന്നെത്തിയ ബി. നാഗരാജ് (4മണിക്കൂർ. 30.മി.), കോഴിക്കോട് സ്വദേശി പ്രവീൺ എടവലത്ത് (5മണിക്കൂർ.15 മിനുട്ട്) എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. 60 കിലോമീറ്റർ അൾട്രാ ഹിൽറൺ 9മണിക്കൂർ 17മിനുട്ട് കൊണ്ട് വഴോറ, നമ്പികുളം, തോരാട്, കോട്ടക്കുന്ന്, ചുരത്തോട് എന്നീ മലകൾ ഓടിക്കടന്ന് സതീഷ് കുമാർ(ചെന്നൈ) ഒന്നാമതായും കാസർകോട് നിന്നുള്ള നിതിൻ സാരംഗ് (വാച്ച് ആൻഡ് വാർഡ് കേരള നിയമസഭ) 10 മണിക്കൂർ 2 മിനിറ്റുകൊണ്ട് രണ്ടാമതായും കോഴിക്കോട് സ്വദേശി ബാലകൃഷ്ണൻ മൂന്നാമതായും ഫിനിഷ് ചെയ്തു.
രാവിലെ 5.30 ന് ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കോമ്പിലാട് അൾട്രാ റൺ ഫ്ലാഗ് ഓഫ് ചെയ്തു. അഡ്വ. കെ.എം. സച്ചിൻദേവ് എം.എൽ.എ വിജയികളെ അനുമോദിച്ചു. റോയൽ റണ്ണേഴ്സ് കാലിക്കറ്റിന്റെ ഭാരവാഹികളായ അരുണ വത്സരാജ്, എ. വിവേക്, റിജേഷ് സിറിയക്, വയലട ടൂറിസം പ്രമോട്ടേഴ്സ് കൺസോർഷ്യം ഭാരവാഹികളായ അരവിന്ദാക്ഷൻ, സന്തോഷ് കുമാർ, എ.വി. സുനിൽദത്ത് എന്നിവർ വിജയികൾക്കുള്ള മെഡലുകൾ സമ്മാനിച്ചു.
റൺ ടീമിനെ സഹായിക്കാനായി നൂറോളം വളന്റിയർമാരും, ഇഖ്റ ഹോസ്പിറ്റലിൽ നിന്നുള്ള സ്പോർട്സ് മെഡിസിൻ യൂനിറ്റും വിവിധ പോയന്റുകളിൽ സഹായത്തിനായുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.