ആടുപരിപാലനം കഴിഞ്ഞ് വോട്ട് പിടിത്തം
text_fieldsബാലുശ്ശേരി: സ്ഥാനാർഥിയാണെങ്കിലും രാധാകൃഷ്ണന് ആടുപരിപാലനം കഴിഞ്ഞേ വോട്ട് പിടിത്തമുള്ളൂ. വീടുകൾ കയറിയിറങ്ങി വോട്ടു ചോദിക്കുന്നതോടൊപ്പം ആടിനുള്ള പ്ലാവിലയുണ്ടോ എന്ന് ചോദിക്കാനും സ്ഥാനാർഥിക്ക് മടിയില്ല. ബാലുശ്ശേരി ടൗൺ വാർഡായ എട്ടിലെ ഇടതുമുന്നണി സ്ഥാനാർഥി കുന്നോത്ത് രാധാകൃഷ്ണെൻറ ജീവിത മാർഗംകൂടിയാണ് ആടുവളർത്തൽ. കുഞ്ഞുങ്ങളടക്കം 15 ഓളം ആടുകളെയാണ് രാധാകൃഷ്ണൻ പരിപാലിക്കുന്നത്. പാരലൽ കോളജ് അധ്യാപകനും പ്രഫഷനൽ നാടക കലാകാരനുമായ കുന്നോത്ത് രാധാകൃഷ്ണന് തെൻറ ജീവിത മാർഗമായിരുന്ന അധ്യാപനവും നാടകവും കോവിഡ് കാരണം നിലച്ചതോടെയാണ് ആടു വളർത്തലിലേക്ക് തിരിഞ്ഞത്. വിവാഹത്തലേന്ന് വരെ നാടകം കളിക്കാൻ പോയയാളാണ് രാധാകൃഷ്ണൻ. കോഴിക്കോട് ഉപാസന, സൂര്യകല എന്നീ നാടക ട്രൂപ്പുകളോടൊപ്പം ഇരുപതോളം നാടകങ്ങളിൽ വേഷമിട്ടിട്ടുണ്ട്.
പകൽ മുഴുവൻ ഇപ്പോൾ ആടുപരിപാലനമാണ്. ഒന്നു വിശ്രമിക്കാൻ സമയം കിട്ടാത്ത അവസ്ഥയാണെന്ന് രാധാകൃഷ്ണൻ പറയുന്നു. ഇതിനിടക്കാണ് സ്ഥാനാർഥിയാകാൻ പാർട്ടി നേതൃത്വം നിർദേശിച്ചത്. വോട്ട് തേടി വീടുകൾ കയറിയിറങ്ങുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ആടുകളിലൊന്ന് പ്രസവിച്ചത്. െതരഞ്ഞെടുപ്പ് പ്രചാരണം വഴിക്ക് നിർത്തി വീട്ടിലേക്ക് കുതിച്ച സ്ഥാനാർഥി പിന്നെ രണ്ടു ദിവസത്തേക്ക് ആടിനെയും കുട്ടികളെയും പരിചരിക്കുന്നതിലായി ശ്രദ്ധ. ആടുപരിപാലനത്തിനിടെ രണ്ടാം ഘട്ട പ്രചാരണവും പൂർത്തിയാക്കി. നാടക കലാകാരന്മാരുടെ സംഘടനയായ നന്മയുടെ ബാലുശ്ശേരി മേഖല കമ്മിറ്റി അംഗവും കൂടിയാണ്.
ഭാര്യ ശൈലജ കുന്നോത്ത് മുമ്പ് ബാലുശ്ശേരി പഞ്ചായത്ത് പ്രസിഡൻറായിരുന്നു. നാടക കലാകാരിയുമാണ്. യു.ഡി.എഫിലെ യു.കെ.വിജയനും ബി.ജെ.പി.യിലെ സുമ വെള്ളച്ചാലൻകണ്ടിയുമാണ് എതിർസ്ഥാനാർഥികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.