കക്കയം ഡാമിൽ ജലനിരപ്പ് താഴുന്നു; വൈദ്യുതി ഉൽപാദനത്തിൽ കുറവ്
text_fieldsബാലുശ്ശേരി: സംസ്ഥാനത്തെ പ്രധാന വൈദ്യുതി ഉൽപാദന കേന്ദ്രങ്ങളിലൊന്നായ കുറ്റ്യാടി ജലവൈദ്യുതി പദ്ധതിയുടെ ആസ്ഥാനമായ കക്കയം ഡാമിൽ ജലനിരപ്പ് താഴ്ന്നതിനാൽ വൈദ്യുതി ഉൽപാദനം കുറഞ്ഞു. കക്കയം ഡാമിലെ ജലനിരപ്പ് ഇന്നലെ വരെ 744.809 മീറ്ററാണ്.
കഴിഞ്ഞ വർഷം ഇതേ ദിവസം 750.5705 മീറ്ററായിരുന്നു. കഴിഞ്ഞ വർഷത്തേതിൽനിന്നും ജലനിരപ്പ് 6.4896 മീറ്റർ കുറവാണിപ്പോൾ. ഇതുമൂലം വൈദ്യുതി ഉൽപാദനത്തിലെ കുറവ് 0.2453 ദശലക്ഷം യൂനിറ്റിന്റെതാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 0.5828 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ 0.3375 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് ഉൽപാദിപ്പിച്ചത്.
വൃഷ്ടിപ്രദേശത്ത് മഴ കുറവായതിനാൽ കക്കയം ഡാമിലെയും അനുബന്ധമായുള്ള തരിയോട് ഡാമിലെയും ജലനിരപ്പ് കുറഞ്ഞുകൊണ്ടിരിക്കുകയാണ്. കക്കയം ഡാമിലെ ജലസംഭരണിയിൽ കഴിഞ്ഞ വർഷം ജൂണിൽ 16.929 ദശലക്ഷം ക്യുബിക് മീറ്റർ ജലമാണ് ലഭിച്ചതെങ്കിൽ ഇത്തവണ ഇതേമാസം 7. 189 ദശലക്ഷം ക്യുബിക് മീറ്റർ ജലമാണ് ലഭ്യമായത്.
തരിയോട് ഡാമിലും ഇതേ അവസ്ഥ തന്നെയാണ്. കഴിഞ്ഞ വർഷം 17.75 ദശലക്ഷം ക്യുബിക് മീറ്റർ ജലമുണ്ടായിരുന്ന സ്ഥാനത്ത് ഈ മാസം 15.85 ദശലക്ഷം ക്യുബിക് മീറ്റർ ജലമാണ് ലഭിച്ചത്. കക്കയം ഡാമിലേക്കുള്ള നീരൊഴുക്കും ഗണ്യമായി കുറഞ്ഞു. കക്കയം ഡാമിലേക്കുള്ള നീരൊഴുക്ക് കൂട്ടാനായി തരിയോട് ഡാമിന്റെ ഷട്ടർ ഇന്നു തുറക്കാനാണ് തീരുമാനം.
മഴലഭ്യത ഇനിയും കുറഞ്ഞാൽ വൈദ്യുതി ഉൽപാദനത്തിൽ ഗണ്യമായ കുറവ് സംഭവിച്ച് പ്രതിസന്ധിക്ക് കാരണമാകാനും ഇടയുണ്ട്. ജലനിരപ്പ് താഴ്ന്നത് ഡാമിലെ ഹൈഡൽ ടൂറിസം പദ്ധതിയെയും ബാധിച്ചിട്ടുണ്ട്. സഞ്ചാരികളുടെ ബോട്ട് സർവിസ് നിർത്തിവെച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.