ബാലുശ്ശേരിയിലെ ജലസ്രോതസ്സുകൾ നാശമടയുന്നു
text_fieldsബാലുശ്ശേരി: ജലദൗർലഭ്യം നാടിനെ ദുരിതത്തിലാഴ്ത്തുമ്പോൾ സംരക്ഷണ പ്രവർത്തനങ്ങളൊന്നുമില്ലാതെ പഞ്ചായത്തിലെ ജലസ്രോതസ്സുകൾ മിക്കതും നാശമടയുകയാണ്. പഞ്ചായത്തിൽ ചെറുതും വലുതുമായ നൂറിലേറെ കുളങ്ങളും ക്വാറികളുമുണ്ട്. എന്നാൽ, ഇവയിൽ പകുതിയിലധികവും സംരക്ഷണമില്ലാത്തതിനാൽ മണ്ണിട്ട് നികത്തപ്പെടുകയോ മാലിന്യങ്ങളാൽ ഉപകാരപ്രദമല്ലാതാവുകയോ ചെയ്തിരിക്കുകയാണ്.
ജനകീയാസൂത്രണ പദ്ധതിക്ക് തുടക്കംകുറിച്ച കാലം മുതൽക്കേ തണ്ണീർത്തടങ്ങളും ജലസ്രോതസ്സുകളും സംരക്ഷിച്ച് നിലനിർത്തണമെന്ന ലക്ഷ്യവുമായി എല്ലാ വാർഷിക പദ്ധതികളിലും ബജറ്റുകളിലും രേഖകൾ കാണുമെങ്കിലും ഇവ വേണ്ടവിധത്തിൽ സംരക്ഷിക്കപ്പെടാതെ നിലകൊള്ളുകയാണിപ്പോഴും.
കിണറുകളിലെ ജലനിരപ്പ് താഴുന്ന സ്ഥിതി നിലവിലുള്ള ജില്ലയിലെ പ്രധാന ബ്ലോക്കുകളിലൊന്ന് ബാലുശ്ശേരിയാണ്. നിലവിലുള്ള ജലസംഭരണികൾ സജീവമാക്കിയും കിണർ റീചാർജ് സംവിധാനം സജീവമാക്കിയും കിണറിലെ ജലനിരപ്പ് ഉയർത്തണമെന്നാണ് വിദഗ്ധോപദേശം. മഴവെള്ള സംഭരണികൾ സ്ഥാപിക്കാനുള്ള ശ്രമവുമുണ്ടാകണമെന്ന നിഷ്കർഷയും നിലവിലുണ്ട്.
എന്നാൽ, ഇതൊക്കെ ആരംഭശൂരത്വം കണക്കെ മാത്രം നടത്തുകയും തുടർനടപടികളില്ലാതെ കൂമ്പടയുകയും ചെയ്തിട്ടുണ്ട്. മഴവെള്ളം മണ്ണിൽ സംഭരിക്കപ്പെടുന്നതിനായി മണ്ണ്, ജല സംരക്ഷണ പ്രവൃത്തികൾ നീർത്തട മാസ്റ്റർ പ്ലാനിനെ അടിസ്ഥാനപ്പെടുത്തിയാണ് നടത്തേണ്ടതെങ്കിലും ഇതും നടക്കുന്നില്ല.
ബാലുശ്ശേരി ടൗണിലെ രണ്ടു വാർഡുകളിലായി ടൗണിനു തൊട്ടുസമീപമായി വിശാലമായ രണ്ടു ക്ഷേത്രക്കുളങ്ങളാണുള്ളത്. ചിറക്കൽ ക്ഷേത്രത്തിന്റെ ഭാഗമായ ചിറ ഏതാണ്ട് മൂന്നേക്കറോളം വിസ്തീർണമുള്ളതാണ്. വൈകുണ്ഠം വിഷ്ണുക്ഷേത്രത്തോടനുബന്ധിച്ച കുളവും ഒന്നര ഏക്കറോളം വ്യാപിച്ചുകിടക്കുന്നതാണ്.
എന്നാൽ, ഇവ രണ്ടും സംരക്ഷിക്കപ്പെടാതെ ചളി നിറഞ്ഞ് മാലിന്യങ്ങളാൽ നിറഞ്ഞിരിക്കുകയാണ്. വൈകുണ്ഠത്തിനടുത്ത് വയലിൽ ഒരേക്കറോളം വിസ്തീർണത്തിലുള്ള കുളം ഇന്ന് ഏതാണ്ട് മണ്ണടിഞ്ഞ് തൂർന്നനിലയിലാണ്. തോടുകളും നാശത്തിന്റെ വക്കിലെത്തിനിൽക്കുന്നു.
തോടുകളിൽ പഴയ കാലത്തെപ്പോലെ ശക്തമായ നീരൊഴുക്ക് ഇന്നില്ല. അവശേഷിക്കുന്നവ മണ്ണിട്ടും മാലിന്യം നിക്ഷേപിച്ചും നാശമടയുകയാണ്.
തോടും പുഴകളും നീർച്ചാലുകളും വീണ്ടെടുക്കാനായി സർക്കാർ ആവിഷ്കരിച്ച ‘ഇനി ഞാനൊഴുകട്ടെ’ കാമ്പയിനും എങ്ങുമെത്താത്ത നിലയിലാണ്. പഞ്ചായത്തിലെ ജലസ്രോതസ്സുകൾ മുഴുവൻ കണ്ടെത്തി സംരക്ഷിക്കപ്പെടാനായി ബൃഹത് പദ്ധതി തന്നെ ആവിഷ്കരിക്കേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.