കക്കയത്ത് കാട്ടുപോത്തുകൾ ജനവാസ മേഖലയിലിറങ്ങി കൃഷി നശിപ്പിക്കുന്നു
text_fieldsബാലുശ്ശേരി: കക്കയത്ത് ജനവാസ മേഖലയിൽ കാട്ടുപോത്തുകൾ ഇറങ്ങി കൃഷിയിടങ്ങൾ നശിപ്പിക്കുന്നു. കക്കയം ഡാം സൈറ്റ് റോഡിൽ ഏഴാം പാലത്തിനു സമീപമുള്ള സ്വകാര്യ കൃഷിയിടങ്ങളിലാണ് കാട്ടുപോത്തിൻ കൂട്ടമെത്തി കൃഷി നശിപ്പിച്ചത്. കോയിക്കൽ കുന്നേൽ ജോർജിന്റെ റബർ തൈകൾ, പുത്തൻ പുരക്കൽ ജിബി, മണ്ണനാൽ സ്കറിയ എന്നിവരുടെ കൊക്കോ, കവുങ്ങ് എന്നിവയാണ് നശിപ്പിച്ചത്. തൊട്ടടുത്ത കക്കയം വന്യജീവി സങ്കേതത്തിൽ നിന്നാണ് ഡാം സെറ്റ് റോഡിലൂടെ കാട്ടുപോത്തുകൾ എത്തുന്നത്.
സ്ഥിരമായി കാട്ടുപോത്തുകൾ എത്തുന്നതായി വീട്ടുകാർ പറഞ്ഞു. കോയിക്കൽ കുന്നേൽ ജോൺസൺ, കൊച്ചുപുരക്കൽ ജോസഫ്, കുന്നുംപുറം രാമചന്ദ്രൻ എന്നിവരുടെ വീട്ടുമുറ്റം വരെ കഴിഞ്ഞ ദിവസം കാട്ടുപോത്തുകൾ എത്തിയിട്ടുണ്ട്. നേരത്തേ കക്കയം വാലി ഭാഗത്ത് റോഡിൽ കാട്ടുപോത്തിൻ കൂട്ടം ഇറങ്ങാറുണ്ട്. റോഡ് വഴി താഴോട്ടിറങ്ങി ഇപ്പോൾ ജനവാസ മേഖലയിലേക്കും കക്കയം അങ്ങാടി വരെയും കാട്ടുപോത്തുകൾ ഇറങ്ങുന്നത് നാട്ടുകാർക്ക് ഭീഷണിയായിട്ടുണ്ട്.
രാവിലെ റബർ ടാപ്പിങ്ങിനു പോകുന്ന തൊഴിലാളികൾ ഈ ഭാഗത്ത് ഏറെയുണ്ട്. അമ്പലക്കുന്ന് ആദിവാസി കോളനിയും സമീപത്തു തന്നെയാണ്. കുരങ്ങ്, കാട്ടുപന്നി, മലയണ്ണാൻ എന്നീ വന്യജീവികളുടെ ശല്യം കാരണം കർഷകർ പൊറുതിമുട്ടുമ്പോഴാണ് കാട്ടുപോത്തുകളും കൃഷിയിടങ്ങളിലേക്കിറങ്ങി നാശം വിതക്കുന്നത്.
കക്കയം വാലി ഭാഗത്ത് സൗരോർജ കമ്പിവേലി സ്ഥാപിച്ച് കാട്ടുപോത്തുകൾ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് തടയണമെന്നും ഈ ഭാഗങ്ങളിൽ വനം വകുപ്പ് രാത്രികാല പട്രോളിങ് ശക്തമാക്കണമെന്നും വിഫാം നേതാക്കളായ തോമസ് വെളിയംകുളം, ജോൺസൺ കക്കയം, തോമസ് പോക്കാട്ട് എന്നിവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.