വന്യമൃഗഭീതി: കക്കയത്ത് സന്ദർശകർ കുറവ്
text_fieldsബാലുശ്ശേരി: കക്കയത്തെ ഇക്കോ ടൂറിസം കേന്ദ്രം തുറന്നെങ്കിലും സന്ദർശകരുടെ എണ്ണത്തിൽ വൻ കുറവ്. മൂന്നരമാസക്കാലത്തെ ഇടവേളക്കുശേഷമാണ് ഇക്കോ ടൂറിസം കേന്ദ്രം കഴിഞ്ഞ 11ന് തുറന്നതെങ്കിലും അവധിക്കാലമായിട്ടും സന്ദർശകരുടെ എണ്ണം കുറയാൻ കാരണം വന്യമൃഗഭീതി നിലനിൽക്കുന്നതാണെന്ന് കരുതുന്നു. കഴിഞ്ഞവർഷം ഇതേസമയത്ത് ദിനംപ്രതി നൂറുകണക്കിന് സഞ്ചാരികളാണ് കുടുംബസമേതം ഇവിടേക്ക് എത്തിയിരുന്നത്.
വിനോദസഞ്ചാരികളെ കാട്ടുപോത്ത് ആക്രമിച്ചതിനെതുടർന്ന് കഴിഞ്ഞ ജനുവരി 20നാണ് ഇക്കോ ടൂറിസം കേന്ദ്രം അടച്ചത്. കാട്ടാനയുടെ സാന്നിധ്യം കൂടിയായതോടെ കേന്ദ്രം തുറക്കുന്നത് അനിശ്ചിതമായി നീണ്ടു. അവധിക്കാലമായിട്ടും ഇപ്പോഴും ആശങ്കയൊഴിഞ്ഞിട്ടില്ല. കെ.എം. സച്ചിൻദേവ് എം.എൽ.എ ഇടപെട്ടാണ് കഴിഞ്ഞദിവസം ഇക്കോ ടൂറിസം കേന്ദ്രം തുറക്കാൻ തീരുമാനിച്ചത്. എന്നാൽ, കാര്യമായ ഫലമുണ്ടായില്ല.
കെ.എസ്.ഇ.ബിയുടെ കീഴിലുള്ള ഹൈഡൽ ടൂറിസം നേരത്തേ തുറന്നെങ്കിലും ഇവിടെയും സന്ദർശകരുടെ കുറവ് ബാധിച്ചിട്ടുണ്ട്. വന്യമൃഗഭീതി നിലനിൽക്കുന്നുണ്ടെങ്കിലും കൂടുതൽ വാച്ചർമാരെ ഇവിടേക്ക് നിയമിച്ചിട്ടില്ല.
ഇക്കോ ടൂറിസം കേന്ദ്രത്തിലേക്കുള്ള ടിക്കറ്റ് നിരക്കു കൂട്ടിയതും ഉരക്കുഴിയിലേക്കുള്ള വനത്തിലൂടെയുള്ള വഴിയും സന്ദർശകരെ പിന്തിരിപ്പിക്കുന്നുണ്ട്. ഒഴിവ് ദിവസങ്ങളിൽ മാത്രമാണ് അൽപം തിരക്കുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.