മരച്ചക്ക് മാത്രമല്ല കാളയും തിരിച്ചുവരവിനൊരുങ്ങി
text_fieldsബാലുശ്ശേരി: ‘ചക്കിന് കെട്ടിയ മൂരി’പോലെയെന്ന പഴമൊഴിയിലെ പൊരുൾ പുതുതലമുറക്ക് പെട്ടെന്ന് മനസ്സിലാകാതായ കാലത്ത് ചക്കും കാളയും ജില്ലയിൽ ചില ഭാഗത്തെങ്കിലും തിരിച്ചുവരവിലാണ്. മരച്ചക്കിലാട്ടിയ എണ്ണക്കും വെളിച്ചെണ്ണക്കും ആവശ്യക്കാർ ഏറെയാണിപ്പോൾ. മോട്ടോറിനുപകരം കാളയെ ഉപയോഗിച്ചു തുടങ്ങിയിരിക്കയാണ് ഈ മേഖലയിലുള്ളവർ. വൈദ്യുതിലാഭത്തിനൊപ്പം ചാണകവും മൂത്രവുമെല്ലാം ഉപയോഗിക്കാനാകുമെന്നതാണ് മേൻമ.
അത്തോളി നമ്പുകുടിയിൽ അക്ഷയ് ആണ് ശുദ്ധമായ എണ്ണകൾക്കായി ഇക്കാലത്തും ചക്കിലാട്ടി എണ്ണ ഉൽപാദിപ്പിക്കാനുള്ള സംരംഭവുമായി ഇറങ്ങിപ്പുറപ്പെട്ടത്. ബാലുശ്ശേരി പനായിയിൽ ഒറ്റക്കാള വലിക്കുന്ന മരച്ചക്കിലാട്ടിയ ശുദ്ധമായ എണ്ണയും വെളിച്ചെണ്ണയുമൊക്കെ ഇനി അക്ഷയിന്റെതന്നെ സ്വന്തം ഔട്ട്ലറ്റിലൂടെ ഉപഭോക്താക്കൾക്കായി റെഡി. പരമ്പരാഗത കൈത്തൊഴിൽ മേഖലയിലേക്ക് പുതുതലമുറയിൽ ചിലരെങ്കിലും ചേക്കേറുന്നതിന്റെ സൂചനയാണ് അക്ഷയിന്റെ തീരുമാനം. അക്ഷയ് ചക്കിലാട്ടുന്നതിനായി കാൺഗ്രജ് ഇനത്തിൽപ്പെട്ട മൂന്നു കാളകളെയാണ് ഒരുക്കിയത്. രണ്ടര മണിക്കൂറാണ് ഒരുനേരം ഒരു കാള ചക്കിൽ തിരിയുക. ദിവസം രണ്ടു കാളകളെയാണ് മാറി മാറി ഉപയോഗിക്കുന്നത്. പനായിയിലെ സംസ്ഥാന പാതയോരത്ത് വാടകക്കെടുത്ത പറമ്പിൽ വൃത്താകൃതിയിൽ പ്രത്യേകം മണ്ണിട്ടുയർത്തിയ സ്ഥലത്താണ് മരച്ചക്ക് സ്ഥാപിച്ചത്. എണ്ണയാട്ടാനാവശ്യമായ കൊപ്രയും എള്ളുമൊക്കെ വില കൊടുത്തു വാങ്ങുകയാണ്. ദിവസം മുഴുവൻ ആട്ടിയാൽ 30 ലിറ്ററോളം എണ്ണ ലഭിക്കും. അതുകൊണ്ടുതന്നെ ഈ എണ്ണക്ക് വില അൽപം കൂടുതലുമാണ്. വെള്ളിച്ചെണ്ണക്ക് ലിറ്ററിന് 400 രൂപയോളമുണ്ട്. എണ്ണക്ക് 800 രൂപയും. കടുക്, കടല, ബദാം എന്നിവയും ചക്കിലാട്ടി എണ്ണയാക്കിക്കൊടുക്കുന്നുണ്ട്. മരച്ചക്കിലാട്ടിയെടുക്കുമ്പോൾ എണ്ണ ചൂടാകാത്തതിനാൽ ഇവയുടെ സ്വാഭാവിക ഗന്ധം നഷ്ടമാകുന്നില്ലെന്ന് അക്ഷയ് പറഞ്ഞു.
80 നാടൻ പശുക്കളെയും അക്ഷയ് വളർത്തുന്നുണ്ട്. ചക്കിൽനിന്നും ആട്ടിക്കഴിഞ്ഞതിനുശേഷം കിട്ടുന്ന കൊപ്രപ്പിണ്ണാക്കും എള്ളിൻപിണ്ണാക്കും കടലപ്പിണ്ണാക്കുമാണ് കാലിത്തീറ്റക്ക് പകരമായി പശുക്കൾക്ക് കൊടുക്കുന്നത്. ഫാമിലെ കാലികളുടെ എണ്ണംകൂടിയപ്പോൾ അവയിലെ കാളകളെയാണ് മരച്ചക്ക് ആട്ടാനായി ഉപയോഗിച്ചത്. ഇവയെയും പ്രത്യേകം ബ്രീഡ്ചെയ്ത് സൃഷ്ടിച്ചതാണ്. അക്ഷയിന്റെ പിതാവ് ബാലകൃഷ്ണനും പരമ്പരാഗതമായി കൃഷിക്കാരനാണ്. പശുഫാമിനു പുറമെ വിവിധ പച്ചക്കറികൃഷികളും നെൽകൃഷിയും നടത്തുന്നുണ്ട്.
പനായിയിലെ മരച്ചക്കിലാട്ടിയ എണ്ണകളും കീടനാശിനി ഉപയോഗിക്കാത്ത പച്ചക്കറികളും നെല്ലും അരിയും പാലും പാലുൽപന്നങ്ങളുടെയുമൊക്കെ വിൽപനക്കായി പനായിയിൽതന്നെ കണ്ടെയ്നർ ഔട്ട് ലറ്റും തുറന്നിട്ടുണ്ട്. അത്തോളി അങ്ങാടിക്കടുത്ത് വീട്ടുപറമ്പിലും അക്ഷയിന് മരച്ചക്കും കാളകളുമുണ്ട്. ബി.എഡ് ബിരുദധാരികൂടിയായ അക്ഷയ് ഇംഗ്ലീഷ് അധ്യാപകനായും ജോലി ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.