വെസ്റ്റ്ഹിൽ സൈനിക ക്യാമ്പിനു ചുറ്റുമുള്ള നിർമാണ നിരോധനം: പ്രതിഷേധം ശക്തമാവുന്നു
text_fieldsകോഴിക്കോട്: വെസ്റ്റ്ഹിൽ മിലിട്ടറി ബാരക്സ്, വിക്രം മൈതാനം എന്നിവക്കുചുറ്റും താമസിക്കുന്നവർ 100 മീറ്റർ പരിധിയിൽ നിർമാണപ്രവർത്തനങ്ങൾ നടത്തരുതെന്നും 500 മീറ്റർ പരിധിയിൽ നിർമാണത്തിന് എൻ.ഒ.സി ഹാജരാക്കണമെന്നുമുള്ള ഉത്തരവിനെതിരെ പ്രതിേഷധം ശക്തമാവുന്നു.
നിയമവിരുദ്ധ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് എളമരം കരീം എം.പി രാജ്യസഭയിൽ പ്രമേയം അവതരിപ്പിച്ചു. കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന് നിവേദനവും നൽകി. ജനനിബിഡമായ മേഖലയിലെ 3000 കുടുംബങ്ങൾ പുതിയ വീട് നിർമിക്കാനോ പഴയ വീടിെൻറ അറ്റകുറ്റപ്പണികൾ നടത്താനോ സ്ഥലം വിൽക്കാനോ പോലും കഴിയാതെ കഷ്ടപ്പെടുന്നതിൽ പ്രതിഷേധിച്ച് സമീപത്തെ 13 െറസിഡൻറ്സ് അസോസിയേഷനുകൾ ചേർന്ന് ഡിഫൻസ് എൻ.ഒ.സി കമ്മിറ്റി രൂപവത്കരിച്ചിരുന്നു.
ഡിസംബർ 10ന് വെസ്റ്റ്ഹിൽ ബാരക്സിനു സമീപം ജനകീയ കൂട്ടായ്മയും സംഘടിപ്പിച്ചിരുന്നു. കൂട്ടായ്മയിലെ തീരുമാനപ്രകാരമാണ് എം.പിയുടെ നടപടി. കേൻറാൺമെൻറ് പ്രദേശമായ കണ്ണൂരിൽപോലും പത്തു മീറ്ററിനപ്പുറത്ത് എൻ.ഒ.സി നൽകുന്നുണ്ടെന്ന് ആക്ഷൻ കമ്മിറ്റിയംഗങ്ങൾ പറയുന്നു.
വെസ്റ്റ് ഹിൽ ബാരക്സ് മിലിട്ടറി അധികൃതർ 2019 മാർച്ചിൽ കോഴിക്കോട് കോർപറേഷൻ സെക്രട്ടറിക്ക് അയച്ച കത്തിൽ 100 മീറ്റർ ചുറ്റളവിൽ സമ്പൂർണ നിർമാണ, പുനർനിർമാണ നിരോധനവും 100 മീറ്റർ മുതൽ 500 മീറ്റർ വരെ എൻ.ഒ.സിയോടെ നിർമാണപ്രവൃത്തി നടത്തുകയും ചെയ്യാം എന്ന് നിർദേശം നൽകിയിരുന്നു.
2003 മുതൽ 2016 വരെ 100 മീറ്റർ പരിധിയിൽ എൻ.ഒ.സി നൽകി. 2016 മുതൽ 50 മീറ്റർ പരിധിയിൽ അനുമതി നിഷേധിച്ചു. പിന്നീട് 2019ലാണ് 100 മീറ്റർ പരിധിയിൽ വീട് നിർമാണത്തിന് അനുമതി സമ്പൂർണമായി നിരോധിച്ചുകൊണ്ട്, സർക്കാർ ഉത്തരവ് പോലുമില്ലാതെ വെസ്റ്റ്ഹിൽ മിലിട്ടറി അധികൃതർ കോർപറേഷന് നിർദേശം നൽകിയത്.
കോർപറേഷൻ അധികാരികൾ അപേക്ഷകളെല്ലാം മടക്കി അയക്കുന്നു. ഇത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്നും സൈനിക അധികൃതർ നടപടിയിൽനിന്ന് പിന്മാറാൻ നിർദേശം നൽകണമെന്നും എം.പി പ്രമേയത്തിലും പ്രതിരോധമന്ത്രിക്കുള്ള കത്തിലും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.