ട്രോളിങ് നിരോധനം ജൂൺ ഒമ്പത് അർധരാത്രി മുതൽ
text_fieldsകോഴിക്കോട്: ഈ വർഷത്തെ ട്രോളിങ് നിരോധനം ജൂൺ ഒമ്പതിന് അർധരാത്രി 12ന് തുടങ്ങുന്നതിനാൽ ഈ കാലയളവിൽ രണ്ടു വള്ളങ്ങൾ ഉപയോഗിച്ചുള്ള പെയർ ട്രോളിങ് അഥവ ഡബിൾ നെറ്റ് കർശനമായി നിരോധിച്ചതായി ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട് ബുധനാഴ്ച കലക്ടറേറ്റിൽ മത്സ്യത്തൊഴിലാളികൾക്കായി വിളിച്ചുചേർത്ത യോഗം വ്യക്തമാക്കി.
യന്ത്രവത്കൃത ബോട്ടുകൾ ഒന്നുംതന്നെ കടലിൽ പോകാനോ മത്സ്യബന്ധനം നടത്താനോ പാടില്ല. ജൂൺ ഒമ്പത് അർധരാത്രി 12ന് മുമ്പ് എല്ലാ യന്ത്രവത്കൃത ബോട്ടുകളും ഹാർബറിൽ പ്രവേശിക്കണം.
കേരളതീരത്ത് മത്സ്യബന്ധനം നടത്തിക്കൊണ്ടിരിക്കുന്ന അന്യസംസ്ഥാന ബോട്ടുകൾ ജൂൺ ഒമ്പതിന് മുമ്പ് തീരം വിട്ടുപോകണം. ഇന്ബോർഡ് വള്ളങ്ങൾ ഒരു കാരിയർ വള്ളം മാത്രമേ മത്സ്യബന്ധനത്തിന് ഉപയോഗിക്കാൻ പാടുള്ളൂ. തീവ്രതയേറിയ പ്രകാശമുള്ള ലൈറ്റുകൾ ഉപയോഗിച്ചുള്ളതോ മറ്റു നിരോധിത മാർഗങ്ങളിലൂടെയുള്ളതോ ആയ മത്സ്യബന്ധനം പാടില്ല. നിയമാനുസൃതം സൂക്ഷിക്കാവുന്ന സാധനസാമഗ്രികൾ ഒഴിച്ചുള്ള യാതൊന്നും യാനങ്ങളിൽ സൂക്ഷിക്കാനും കൈമാറ്റം ചെയ്യാനോ പാടില്ലെന്നും യോഗം അറിയിച്ചു. ട്രോളിങ് സമയത്ത് ഹാർബറിൽ കരക്കടുപ്പിച്ച ബോട്ടുകളിൽനിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന വസ്തുക്കൾ മോഷണം പോകാറുണ്ടെന്നും ബോട്ടുകൾക്ക് കാവൽ ഏർപ്പെടുത്തണമെന്നും മത്സ്യത്തൊഴിലാളി പ്രതിനിധികൾ ആവശ്യപ്പെട്ടു. ഹാർബറിലെ കുടിവെള്ള പ്രശ്നം, മാലിന്യപ്രശ്നം എന്നിവ പരിഹരിക്കണമെന്നും ആവശ്യമുയർന്നു. 52 ദിവസത്തെ ട്രോളിങ് ജൂലൈ 31 അർധരാത്രി 12 മണിവരെയാണ്. യോഗത്തിൽ ഡെപ്യൂട്ടി കലക്ടർ സജീദ് എസ്, ഡി.സി.പി അനൂജ് പലിവാൾ, ഫിഷറിസ് വകുപ്പ് അസി. ഡയറക്ടർ വി. സുനീർ, മത്സ്യത്തൊഴിലാളി സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
ബേപ്പൂർ ഫിഷറീസ് സ്റ്റേഷൻ: 0495-2414074
കൺട്രോൾ റൂം: 9496007052
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.