ബാങ്ക് മാനേജറുടെ തട്ടിപ്പ്; പണം തിരിമറി നടന്നത് മേയ്, ജൂൺ മാസങ്ങളിൽ
text_fieldsകോഴിക്കോട്: കോർപറേഷൻ അക്കൗണ്ട് തട്ടിപ്പ് സംബന്ധിച്ച് കുടുംബശ്രീ വിഭാഗം തദ്ദേശ വകുപ്പ് നഗരകാര്യ വിഭാഗത്തിന് റിപ്പോർട്ട് നൽകി. നഗരസഭയുടെ മുഴുവൻ അക്കൗണ്ടും വിശദമായി പരിശോധിക്കാൻ പ്രത്യേക സംഘം രൂപവത്കരിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
നേരത്തേ അക്കൗണ്ടിൽ നിന്ന് പത്തുകോടിയിലേറെ നഷ്ടമായെന്ന് കോർപറേഷൻ അറിയിച്ചിരുന്നു. എന്നാൽ ഈ തുകയിൽ നിന്ന് ഒരു വിഹിതം തട്ടിപ്പ് കണ്ടെത്തുന്നതിന് മുമ്പ് തന്നെ തിരിച്ച് അക്കൗണ്ടിലേക്ക് നിക്ഷേപിച്ചിട്ടുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തി.
2022 മേയ്, ജൂൺ മാസങ്ങളിലായി 1.14 കോടി പലതവണ അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെട്ടതായും കണ്ടെത്തി. ജൂൺ മുതൽ ആഗസ്റ്റ് വരെ അഭയം ഭവനപദ്ധതി അക്കൗണ്ടുകളിൽ നിന്ന് 8,49,74,167 രൂപയും നഷ്ടമായി. ബാങ്ക് നൽകിയ സ്റ്റേറ്റ്മെന്റ് പ്രകാരം 1.14 കോടി തിരിച്ച് അക്കൗണ്ടിൽ നിക്ഷേപിച്ചെന്നാണ് കണ്ടെത്തിയത്. തട്ടിപ്പ് കണ്ടെത്തിയ സമയം സ്റ്റേറ്റ്മെന്റ് പരിശോധിച്ചപ്പോൾ മൊത്തം ആശയക്കുഴപ്പമായിരുന്നു.
ഇ.എം.എസ് ഭവനപദ്ധതിക്കായി 2010 മാർച്ചിൽ കെ.ഡി.സി ബാങ്കിൽ കോർപറേഷന് അക്കൗണ്ട് തുടങ്ങിയിരുന്നു. ഇതിൽ നിന്നുള്ള 7.5 കോടി അഭയം പദ്ധതിക്കായി പി.എൻ.ബിയിൽ പുതിയ അക്കൗണ്ട് തുടങ്ങി മാറ്റുകയായിരുന്നെന്നും റിപ്പോർട്ടിലുണ്ട്. അഡീഷനൽ ചീഫ് സെക്രട്ടറിക്ക് കോർപറേഷൻ കുടുംബശ്രീ പ്രോജക്ട് ഓഫിസറാണ് റിപ്പോർട്ട് നൽകിയത്.
കോർപറേഷന് പലിശസഹിതം 12.62 കോടി കിട്ടാനുണ്ടെന്ന് മേയർ
കോഴിക്കോട്: പഞ്ചാബ് നാഷനൽ ബാങ്കിലെ (പി.എൻ.ബി) അക്കൗണ്ട് തിരിമറിയിൽ കോഴിക്കോട് കോർപറേഷന് പലിശസഹിതം 12.62 കോടി രൂപ കിട്ടാനുണ്ടെന്ന് മേയർ ഡോ. ബീന ഫിലിപ്പ് അറിയിച്ചു. പണം തിരികെ തരുമെന്ന് ബാങ്ക് അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്. കോർപറേഷന്റെ അക്കൗണ്ടുകൾ ഓഡിറ്റ് വിഭാഗം പരിശോധിക്കാറുണ്ട്.
ക്രമക്കേട് കണ്ടെത്തുന്നതിന് തൊട്ടുമുമ്പുള്ള സ്റ്റേറ്റ്മെന്റ് പ്രകാരം കണക്കുകളിൽ പിഴവുണ്ടായിരുന്നില്ല. ഇനി ദിവസവും സ്റ്റേറ്റ്മെന്റ് എടുത്ത് മോണിറ്റർ ചെയ്യാൻ സംവിധാനം ഉണ്ടാക്കുമെന്നും മേയർ വ്യക്തമാക്കി. പണം തിരികെ നൽകാത്തതിനാൽ ചൊവ്വാഴ്ച പി.എൻ.ബി ശാഖകളിലേക്ക് എൽ.ഡി.എഫ് നടത്താനിരുന്ന സമരത്തിൽ മാറ്റമില്ലെന്ന് ഡെപ്യൂട്ടി മേയർ സി.പി. മുസാഫിർ അഹമ്മദ് അറിയിച്ചു.
പ്രതി കോടതിയിൽ ഉന്നയിക്കുന്ന വാദമാണ് യു.ഡി.എഫ് ഉയർത്തുന്നത്. എന്തുകൊണ്ടാണ് ബാങ്കിൽ സമരം നടത്താൻ യു.ഡി.എഫ് തയാറാകാത്തതെന്നും അദ്ദേഹം ചോദിച്ചു. അതിനിടെ, കുടുംബശ്രീയിലെ പണം നഷ്ടമായ സംഭവത്തിൽ കോഴിക്കോട് കോർപറേഷൻ തദ്ദേശവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.