സുഹ്റയും മജീദും മാങ്കോസ്റ്റിൻ മരച്ചുവട്ടിൽ
text_fieldsകോഴിക്കോട്: സുഹ്റയും മജീദും സാറാമ്മയും കേശവൻ നായരും ഒറ്റക്കണ്ണൻ പോക്കറും ആനവാരി കുഞ്ഞിരാമൻ നായരും മണ്ടൻ മുസ്തഫയും മാങ്കോസ്റ്റിൻ മരച്ചുവട്ടിലെത്തിയപ്പോൾ ബഷീറിന്‍റെ ഓർമകളിൽ നനവു പടർത്തി മഴ ചന്നംപിന്നം പെയ്തു.
പാമ്പിനെയും പഴുതാരയെയും അണ്ഡകടാഹത്തിലെ മുഴുവൻ ജീവജാലങ്ങളെയും ചേർത്തുപിടിക്കുന്ന ബഷീറിന്‍റെ ഏറ്റവും ജീവനുള്ള കഥാപാത്രമായ നിറവയറുള്ള ആടിനെയും കൊണ്ടാണ് പാത്തുമ്മയെത്തിയത്. ബഷീറിനോടൊപ്പം അനുജന്മാരും കൂട്ടത്തിലുണ്ടായിരുന്നു. തിങ്ങിനിറഞ്ഞ ആൾക്കൂട്ടത്തിന് നടുവിൽ മന്ത്രി മുഹമ്മദ് റിയാസിനെ കണ്ടതോടെ ബഷീറിന്‍റെ കഥാപാത്രങ്ങൾക്കും സന്തോഷം ഇരട്ടിച്ചു. സുലൈമാനിയും കുടിച്ച് ചുണ്ടത്തൊരു എരിയുന്ന ബീഡിയുമായി ബേപ്പൂർ സുൽത്താൻ ചാരുകസേരയിൽ ചാഞ്ഞുകിടന്നിരുന്ന മാങ്കോസ്റ്റിന്‍റെ മരത്തണലിന്‍റെ ഗൃഹാതുരതയിൽ തന്നെയായിരുന്നു ആരാധകരായ ആൾക്കൂട്ടം.
വീട്ടുമുറ്റത്തിട്ട പന്തലും സ്റ്റേജും എല്ലാം നിറഞ്ഞുകവിഞ്ഞ് റോഡിലോളമെത്തിനിൽക്കുന്ന മനുഷ്യർ. കോവിഡ് സാഹചര്യത്തിൽ രണ്ടുവർഷങ്ങളായി വലിയ ആഘോഷങ്ങളില്ലാതെ കടന്നുപോയിരുന്നു ബഷീർ ഓർമദിനം. ബഷീറിന്‍റെ 28ാം ചരമ വാർഷിക ദിനത്തിൽ കനത്തമഴ വകവെക്കാതെയാണ് ആരാധകരെത്തിയത്.
ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി ആയിരത്തോളം കുട്ടികൾ ബേപ്പൂരിലെ വീട്ടിലെത്തി. ബഷീറിന്‍റെ ചാരുകസേരയും മറ്റു ജംഗമവസ്തുക്കളും കാണാൻ അവർ ക്ഷമയോടെ കാത്തുനിന്നു.
ബഷീർ അനുസ്മരണം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കാലത്തിന്‍റെ അനർഘ നിമിഷമായിരുന്നു ബഷീർ എന്ന് മുഖ്യപ്രഭാഷണം നടത്തിയ എം.പി. അബ്ദുസ്സമദ് സമദാനി പറഞ്ഞു. ബഷീർ സ്വയം ഒരു തത്ത്വചിന്തയായിരുന്നു. ഞാഞ്ഞൂലിനെയും ചിതൽപ്പുറ്റിനെയും കിളികളേയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ലോകക്രമത്തെക്കുറിച്ചാണ് പൗരസ്ത്യസംസ്ക്കാരത്തിന്‍റെ പ്രതിനിധിയായ ബഷീർ ചിന്തിച്ചത്. ആ ലോകക്രമത്തെ സാക്ഷാത്കരിക്കുന്നതാണ് ബഷീറിന്‍റെ എഴുത്തെന്നും 'ബഷീർ കാലത്തിന്‍റെ ദർപ്പണത്തിൽ' വിഷയത്തെക്കുറിച്ച് സംസാരിച്ച സമദാനി പറഞ്ഞു.
അല്ലാഹുവിന്‍റെ ഖലീഫയായി ജീവിച്ച വിശ്വസാഹിത്യകാരനാണ് ബഷീറെന്ന് ആലങ്കോട് ലീലാകൃഷ്ണൻ അനുസ്മരിച്ചു. മേയര്‍ ഡോ. ബീന ഫിലിപ് അധ്യക്ഷത വഹിച്ചു. കെ.വി. മോഹന്‍കുമാര്‍, എ. സജീവന്‍, അനീസ് ബഷീർ തുടങ്ങിയവർ പങ്കെടുത്തു.
ബഷീര്‍ സ്മാരകം സമയബന്ധിതമായി പൂർത്തീകരിക്കും –മന്ത്രി
കോഴിക്കോട്: ബഷീര്‍ സ്മാരകം സമയബന്ധിതമായി പൂര്‍ത്തീകരിക്കാനാകണമെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. നിലവിലുള്ള കമ്യൂണിറ്റിഹാൾ രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ പൊളിച്ചുതരാമെന്ന് കോര്‍പറേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. പൊളിച്ചുകഴിഞ്ഞ ഉടൻ ബഷീർ സ്മാരകത്തിനു വേണ്ട പ്രവര്‍ത്തനം തുടങ്ങും. ടൂറിസം വകുപ്പ് ഡയറക്ടര്‍ നേരിട്ട് ചുമതല ഏറ്റെടുത്തിട്ടുണ്ട്. ഭാവിയില്‍ ബഷീർ ഫെസ്റ്റ് മഴക്കാലത്തു തന്നെ നടത്തണോ എന്ന കാര്യം ആലോചിക്കണം. ചരമദിനത്തില്‍ തന്നെ ഫെസ്റ്റ് നടത്തണമെന്ന് നിർബന്ധമില്ല. ലോകമാകെ ശ്രദ്ധിക്കുന്ന രീതിയില്‍ ബഷീര്‍ ഫെസ്റ്റ് നടത്തണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.