നാളെ ബഷീർ വിടപറഞ്ഞ ദിവസം; സാഹിത്യ നഗരത്തിൽ ബഷീർ സ്മാരകം ആദ്യഘട്ട പണി പാതി തീർന്നു
text_fieldsകോഴിക്കോട്: സാഹിത്യ നഗരത്തിന് കിരീടമാവുമെന്ന പ്രതീക്ഷയിൽ ഉയരുന്ന ബേപ്പൂരിലെ വൈക്കം മുഹമ്മദ് ബഷീർ സ്മാരകത്തിന് കൂടുതൽ സ്ഥലം ഏറ്റെടുക്കാൻ കോർപറേഷൻ അനുമതി. ബേപ്പൂർ ബി.സി റോഡിൽ ആദ്യഘട്ട പ്രവൃത്തിയുടെ 60 ശതമാനത്തിലേറെ തീർന്നതായി കോർപറേഷൻ നഗരാസൂത്രണ സ്ഥിരം സമിതി അധ്യക്ഷ കെ. കൃഷ്ണകുമാരി പറഞ്ഞു.
സർക്കാർ പ്രഖ്യാപിച്ച മലബാർ ലിറ്റററി ടൂറിസം സർക്യൂട്ടിൽപെട്ടയിടമാണ് ബേപ്പൂർ. സാഹിത്യ സർക്യൂട്ടിൽ തുഞ്ചത്ത് എഴുത്തച്ഛൻ, വൈക്കം മുഹമ്മദ് ബഷീർ, ഒ.വി. വിജയൻ, എം.ടി. വാസുദേവൻ നായർ എന്നിവരിലൂടെ പ്രശസ്തി നേടിയ തുഞ്ചൻ സ്മാരകം, ബേപ്പൂർ, തസ്രാക്ക്, ഭാരതപ്പുഴയുടെ തീരങ്ങൾ, പൊന്നാനി, തൃത്താല എന്നീ സ്ഥലങ്ങളാണ് ഉൾക്കൊള്ളിച്ചത്. ബഷീർ സ്മാരകത്തിന്റെ പണി നടക്കുന്നതിനു പിറകിലുള്ള സ്വകാര്യ സ്ഥലംകൂടി ഏറ്റെടുക്കാനാണ് ഒടുവിലത്തെ തീരുമാനം.
ഉദ്യാനവും സാഹിത്യ സംവാദവും മറ്റും സംഘടിപ്പിക്കാനും ഒന്നിച്ചിരിക്കാനുമുള്ള ഇടവുമെല്ലാം ഒരുക്കുകയാണ് രണ്ടാം ഘട്ടത്തിൽ ലക്ഷ്യമിടുന്നത്. ഇതിനുള്ള സർക്കാർ അനുമതിക്ക് അപേക്ഷ സമർപ്പിക്കാനുള്ള നടപടി ആരംഭിച്ചു. സ്ഥലമെടുപ്പിന് എങ്ങനെ പണം കണ്ടെത്തുമെന്ന് റിപ്പോർട്ട് തയാറാക്കാൻ കോർപറേഷൻ അനുമതിയായിട്ടുണ്ട്.
പഴയ ബേപ്പൂർ പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ വളപ്പിലും സമീപത്തുമായി ഒരേക്കറോളം സ്ഥലത്താണ് ബേപ്പൂർ സുൽത്താന് സ്മാരകമുയരുന്നത്. ഇതിന് 13.43 കോടി ചെലവ് പ്രതീക്ഷിക്കുന്ന വിശദ പദ്ധതിരേഖ (ഡി.പി.ആർ) 2021ൽ തന്നെ തയാറാക്കിയിരുന്നു. 16,12,37,450 രൂപയെങ്കിലും അവസാനഘട്ടത്തിൽ ചെലവാകുമെന്നാണ് അന്ന് കണ്ടെത്തിയത്.
ബേപ്പൂർ ബി.സി റോഡിലെ ബേപ്പൂർ കമ്യൂണിറ്റി ഹാൾ പൊളിച്ചുമാറ്റിയാണ് സ്മാരകം ഉയരുന്നത്. 2006ലാണ് ബഷീറിന് സ്മാരകം പണിയാൻ സർക്കാർ തീരുമാനിച്ചതെങ്കിലും കാര്യമായൊന്നും നടന്നില്ല.
വൈലാലിൽ സാംസ്കാരിക സംഗമം നാളെ
ബേപ്പൂർ: വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമദിനത്തിൽ ബേപ്പൂർ വൈലാലിൽ സാംസ്കാരിക സംഗമം നടത്തും. ബഷീറിന്റെ മുപ്പതാം ചരമവാർഷിക ദിനമായ വെള്ളിയാഴ്ച രാവിലെ 10.30ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
ബഷീർ കുടുംബം ഒരുക്കുന്ന പരിപാടിയിൽ ബഷീറിന്റെ ‘ബാല്യകാലസഖി’യുടെ 80ാം പിറന്നാൾ പതിപ്പിന്റെ പ്രകാശനവും നടക്കും. ലോക സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര ബഷീറിനെ അനുസ്മരിച്ച് സംസാരിക്കും. ഡി.സി. രവി അധ്യക്ഷത വഹിക്കും. വിവിധ ജില്ലകളിൽനിന്നുള്ള വിദ്യാർഥികളും അധ്യാപകരും സംഗമത്തിനെത്തുമെന്ന് അനീസ് ബഷീർ പറഞ്ഞു.
ഏറ്റെടുക്കുന്നത് സാംസ്കാരിക ഭവനത്തിനുള്ള സ്ഥലം
കോർപറേഷനും വിനോദസഞ്ചാര വകുപ്പും ചേർന്നാണ് ബഷീർ സ്മാരക പദ്ധതികൾ നടപ്പാക്കുന്നത്. കോർപറേഷന്റെ 67 സെന്റ് സ്ഥലത്ത് 10.43 കോടി രൂപ ചെലവിൽ കോൺഫറൻസ് ഹാൾ, ലിറ്റററി കഫേ, ശുചിമുറികൾ, ഓപൺ സ്റ്റേജ്, ലാൻഡ് സ്കേപിങ്, വിളക്കുകൾ എന്നിവയാണ് ആദ്യഘട്ടമായി ഒരുക്കുക.
ഇതിന്റെ പണിയാണ് പുരോഗമിക്കുന്നത്. രണ്ടാം ഘട്ടത്തിനായി 17.86 സെന്റ് സ്ഥലമാണ് കോർപറേഷൻ ഏറ്റെടുക്കുക. ഇവിടെ സാംസ്കാരിക ഭവനം ഉയരും. ഇതിനുള്ള വിശദ പദ്ധതിരേഖ തയാറായി. ബഷീർ ആർക്കൈവ്സ്, കിനാത്തറ, ബോർഡ്റൂം, ലൈബ്രറി, ആംഫി തിയറ്റർ, അക്ഷരത്തോട്ടം എന്നിവയെല്ലാം ഒരുക്കും. ബഷീർ കഥാപാത്രങ്ങൾ ചുറ്റുമതിലിൽ നിറയും. ചൂണ്ടുപലകകളും ബഷീർ കഥാപാത്രങ്ങളാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.