ബീച്ച് ആശുപത്രി: പുതിയ ഒ.പി ടോക്കൺ കൗണ്ടർ തുറന്നു; ഇ.എൻ.ടിയിൽ ടോക്കൺ ലഭിക്കാതെ വാക്കേറ്റം
text_fieldsകോഴിക്കോട്: ജില്ല ജനറൽ (ബീച്ച്) ആശുപത്രിയിൽ പുതിയ ഒ.പി.ഡി ട്രാൻസ്ഫോർമേഷൻ ബ്ലോക്കിൽ ഒ.പി ടിക്കറ്റ് കൗണ്ടർ പ്രവർത്തനം ആരംഭിച്ചു. കണ്ണ്, ഇ.എൻ.ടി, കുട്ടികളുടെ വിഭാഗത്തിലേക്കുള്ള ഒ.പി ടിക്കറ്റുകളാണ് ഇവിടെ വിതരണം ചെയ്യുന്നത്.
എന്നാൽ, തിങ്കളാഴ്ച ഇ.എൻ.ടി വിഭാഗത്തിൽ ഒ.പി ടോക്കൺ പരിമിതപ്പെടുത്തിയത് ഒ.പി ടിക്കറ്റ് കൗണ്ടറിൽ രോഗികളും ജീവനക്കാരും തമ്മിൽ വാക്കേറ്റത്തിന് ഇടയാക്കി. ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനാലാണ് ടോക്കൺ പരിമിതപ്പെടുത്തിയതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
ഇ.എൻ.ടി വിഭാഗത്തിൽ നാലു ഡോക്ടർമാരാണ് ബീച്ച് ആശുപത്രിയിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരാൾ കഴിഞ്ഞ ജൂണിൽ സ്ഥലം മാറിപ്പോയി.
പകരം ഇതുവരെ ഡോക്ടറെ നിയമിച്ചിട്ടില്ല. അതിനാൽ മൂന്നുപേർ മാത്രമാണുള്ളത്. ഒരാൾ തിങ്കളാഴ്ച ലീവായിരുന്നു. ഒരാൾക്ക് ഓപറേഷൻ തിയറ്ററിലായിരുന്നു ചുമതല. ഒരു ഡോക്ടർ മാത്രമാണ് ഒ.പിയിൽ രോഗികളെ പരിശോധിക്കാൻ ഉണ്ടായിരുന്നത്. അതിനാൽ 120 ഒ.പി ടിക്കറ്റ് മാത്രമേ അനുവദിക്കൂവെന്ന് നേരത്തെ തന്നെ ടോക്കൺ കൗണ്ടറിൽ ബോർഡ് വെച്ചിരുന്നു. 11 മണിയോടെ 120 ടോക്കണും തീർന്നു.
ഇതോടെ ബോർഡിന് താഴെ ടോക്കൺ തീർന്നുവെന്ന് കൂടി എഴുതിവെച്ചു. തുടർചികിത്സക്ക് എത്തിയവർ ഇത്തരത്തിൽ ടോക്കൺ ലഭിക്കാതെ മടങ്ങുന്ന അവസ്ഥയുണ്ടായി. മണിക്കൂറുകൾ വരിനിന്ന് ടോക്കൺ കൗണ്ടറിന് സമീപം എത്തിയപ്പോൾ ടോക്കൺ ഇല്ലെന്ന് അറിയിച്ചതോടെ രോഗികളിൽ പലരും ക്ഷുഭിതരായി.
ടോക്കൺ കൗണ്ടറിൽ ഇരിക്കുന്നവരോടും സുരക്ഷ ജീവനക്കാരോടും രോഗികൾ വാക്തർക്കത്തിലേർപ്പെട്ടു. ഒ.പിയിലെ പരിശോധന ഉച്ചക്ക് ഒരുമണിയോടെയാണ് പൂർത്തിയായത്. ഇതിന് ശേഷമാണ് വാർഡുകളിൽ ചികിത്സയിൽ കഴിയുന്നവരുടെ പരിശോധന നടത്തിയതെന്നും അധികൃതർ പറഞ്ഞു.
മൂന്നു ഇ.എൻ.ടി ഡോക്ടർമാരിൽ ഒരാൾ അവധിയാവുന്ന ദിവസങ്ങളിലെല്ലാം സമാന അവസ്ഥയാണെന്ന് രോഗികൾ പറയുന്നു. ഡോക്ടർമാരുടെ ഒഴിവ് നികത്തി സാധാരണക്കാരായ ജനങ്ങൾക്ക് ചികിത്സ ഉറപ്പാക്കണമെന്ന് നാട്ടുകാരുടെ ആവശ്യം. ഒ.പി.ഡി ട്രാൻസ്ഫോർമേഷൻ ബ്ലോക്ക് ഉദ്ഘാടനം കഴിഞ്ഞ് ഒരുവർഷം കഴിഞ്ഞിട്ടും ഒ.പി കൗണ്ടർ പ്രവർത്തനം ആരംഭിക്കാത്തത് വിമർശനത്തിന് ഇടയാക്കിയിരുന്നു.
രോഗികളുടെ വരി ആശുപത്രി കോമ്പൗണ്ടും കടന്ന് റോഡിലേക്ക് നീളുന്നത് പതിവായിട്ടും പരിഹാരം കണ്ടെത്താത്തതിനെത്തുടർന്ന് ജില്ല ലീഗൽ സർവിസ് അതോറിറ്റി ഇടപെട്ടിരുന്നു. ഒ.പി.ഡി ട്രാൻസ്ഫോർമേഷൻ ബ്ലോക്കിൽ ഒരാഴ്ചക്കകം ഇ-ഹെൽത്ത് കൗണ്ടർ കൂടി സജ്ജീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.