ബീച്ച് ആശുപത്രി ഒ.പി ടിക്കറ്റ് കൗണ്ടർ തർക്കത്തിന് പരിഹാരം
text_fieldsകോഴിക്കോട്: ബീച്ച് ജനറൽ ആശുപത്രിയിൽ മതിയായ സൗകര്യങ്ങളില്ലാതെ ഒ.പി ടിക്കറ്റ് കൗണ്ടർ പ്രവർത്തിക്കുന്നതിൽ രോഗികൾക്കുണ്ടായ പ്രയാസങ്ങൾ പരിഹരിക്കാൻ തീരുമാനം. ജില്ല നിയമ സേവന അതോറിറ്റി നടത്തിയ ഓൺലൈൻ അദാലത്തിലാണ് തീരുമാനമായത്.
മൂന്ന് ഒ.പി കൗണ്ടറുകൾ ആവശ്യമായ സജ്ജീകരണങ്ങളും മാറ്റങ്ങളും വരുത്തിയശേഷം പുതിയ ഒ.പി ബ്ലോക്കിലേക്ക് ഒരു മാസത്തിനകം മാറ്റും. ഒ.പി ടിക്കറ്റ് കൗണ്ടർ പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് തർക്കങ്ങൾ നിലവിലുണ്ടെന്നും കൗണ്ടർ മാറ്റാൻ നിയമനടപടി ഉണ്ടാവണമെന്നും ആവശ്യപ്പെട്ട് ജില്ല നിയമ സേവന അതോറിറ്റിയുടെ പാരാ ലീഗൽ വളന്റിയർ ചന്ദ്രൻ ഇയ്യാടാണ് പരാതി നൽകിയത്.
അടിയന്തര തർക്കപരിഹാരം എന്ന നിലയിൽ തിരക്ക് കുറക്കുന്നതിനായി മൂന്ന് ഒ.പികൾ (പീഡിയാട്രിക്, ഏർലി ഇന്റർവെൻഷൻ, ഇൻട്രാ ടെർമൽ റാബിസ് വാക്സിൻ) നിലവിലെ കൗണ്ടറിന്റെ പിൻഭാഗത്ത് പ്രത്യേകമായി ആരംഭിക്കുകയും ചെയ്തു.
ഓൺലൈൻ അദാലത്തിന് ജില്ല നിയമസേവന അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ എം.പി. ഷൈജൽ നേതൃത്വം നൽകി. ഓൺലൈൻ അദാലത്തിൽ പരാതിക്കാരൻ ചന്ദ്രൻ ഇയ്യാട്, ജില്ല കലക്ടറും ബീച്ച് ഹോസ്പിറ്റൽ ഡെവലപ്മെന്റ് കമ്മിറ്റി ചെയർമാനുമായ സ്നേഹിൽ കുമാർ സിങ്, ബീച്ച് ആശുപത്രി സൂപ്രണ്ട് ആശാദേവി എന്നിവർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.