ബീച്ച് ആശുപത്രി; മൂന്ന് ഒ.പി ടിക്കറ്റ് കൗണ്ടറുകൾ കൂടി തുടങ്ങും
text_fieldsകോഴിക്കോട്: ബീച്ച് ഗവ. ജനറൽ ആശുപത്രിയിൽ ഒ.പി ടിക്കറ്റ് കൗണ്ടറുകളിലെ തിരക്ക് കുറക്കാൻ പുതിയ ഒ.പി.ഡി ബ്ലോക്കിൽ മൂന്ന് കൗണ്ടറുകൾ കൂടി തുടങ്ങാൻ ആശുപത്രി വികസന സമിതി യോഗത്തിൽ തീരുമാനമായി.
ആശുപത്രി ഒ.പി ടിക്കറ്റ് കൗണ്ടറിലെ വരി റോഡിലെത്തിയിട്ടും ഒരു വർഷം മുമ്പ് ഉദ്ഘാടനം ചെയ്ത ഒ.പി.ഡി ട്രാൻസ്ഫോർമേഷൻ ബ്ലോക്കിലേക്ക് ഒ.പി ടിക്കറ്റ് കൗണ്ടർ മാറ്റാൻ ആശുപത്രി അധികൃതർ തയാറാവാത്തത് വ്യാപക ആക്ഷേപത്തിന് ഇടയാക്കിയിരുന്നു. ഒ.പി ടിക്കറ്റ് കൗണ്ടറിൽ കാത്തുനിൽക്കുന്ന രോഗികളുടെ ദുരിതം ‘മാധ്യമം’ നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു.
ഇതിനു പിന്നാലെയാണ് നടപടി. ആശുപത്രി വികസന സമിതിയുടെ വരുമാനം വർധിപ്പിക്കുന്നതിന് നിലവിൽ സൗജന്യമായി നൽകിവരുന്ന ലാബ് പരിശോധനകൾക്കും മറ്റും കുറഞ്ഞ നിരക്കിലുള്ള ഫീസ് ഈടാക്കാനും തീരുമാനമായി.
ആശുപത്രി വികസന സമിതിക്കു കീഴിലെ കരാർ ജീവനക്കാരുടെ കാലാവധി 179 ദിവസമായി പരിമിതപ്പെടുത്താനും തുടർന്ന് നിശ്ചിത ദിവസത്തെ അവധിക്കുശേഷം പുതുക്കിനൽകാനും തീരുമാനമായതായും വിവരമുണ്ട്. ഇ-ഹെൽത്ത് നടപ്പാക്കുന്നതിന്റെ ഭാഗമായി ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് യു.എച്ച്.ഐ.ഡി കാർഡ് നൽകും.
ഇതിന് രോഗികളിൽനിന്ന് ഫീസ് ഈടാക്കാനും തീരുമാനമായി. വരുമാന വർധനക്കായി ആശുപത്രിയിൽ ഈയിടെ ഉദ്ഘാടനം ചെയ്ത ലെക്ചർ ഹാൾ പരിപാടികൾക്ക് വിട്ടുകൊടുക്കുമ്പോൾ 5000 രൂപ വാടക ഈടാക്കും. ഇ.എൻ.ടി, പീഡിയാട്രിക്, ഗൈനക്കോളജി വിഭാഗങ്ങളുടെ ഒ.പി ടിക്കറ്റാണ് പുതിയ ബ്ലോക്കിലേക്ക് മാറ്റിയത്.
ഒ.പി.ഡി കെട്ടിടം സെമിനാറുകളും മറ്റു പരിപാടികളും നടത്താൻ ഉപയോഗിക്കുകയായിരുന്നു ആശുപത്രി അധികൃതർ. ഇവിടെ രോഗികൾക്ക് ഇരിക്കാൻ വിശാലമായ സൗകര്യങ്ങളുണ്ട്. ഒ.പി കൗണ്ടറുകൾ പുതിയ ബ്ലോക്കിലേക്ക് മാറ്റുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കഴിഞ്ഞ ദിവസം ജില്ല ലീഗൽ സർവിസ് അതോറിറ്റിയും ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.
രാവിലെ എട്ടു മണിക്ക് എത്തുന്ന രോഗിക്ക് ഉച്ചക്ക് 12.30നും ടിക്കറ്റ് ലഭിക്കാത്ത അവസ്ഥയായിരുന്നു. ദിനംപ്രതി 2000ത്തിൽ അധികം രോഗികളാണ് ബീച്ച് ആശുപത്രിയിൽ ചികിത്സ തേടി എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.