ബീച്ച് ആശുപത്രിക്ക് തണലാണ്, പക്ഷേ...
text_fieldsകോഴിക്കോട്: ജില്ല ജനറൽ (ബീച്ച്) ആശുപത്രി വളപ്പിലെ കൂറ്റൻ വാകമരം അപകട ഭീഷണിയാവുന്നു. ആശുപത്രി അത്യാഹിത വിഭാഗത്തിന് മുന്നിലുള്ള കൂറ്റൻ മരത്തിന്റെ ശിഖരങ്ങൾ മുറിച്ചുമാറ്റാൻ അധികൃതർ ഒരു നടപടിയും സ്വീകരിക്കുന്നില്ല.
മരത്തിന്റെ കൊമ്പ് പൊട്ടിവീണാൽ അത് ഗുരുതര പ്രത്യാഘാതത്തിന് ഇടയാക്കും. രോഗികളും കൂട്ടിരിപ്പുകാരുമായി സദാ തിരക്കുള്ള ഭാഗത്താണ് ബലം കുറഞ്ഞ ഇനത്തിൽപ്പെട്ട വാകമരം ഉള്ളത്. 2022ൽ ആശുപത്രിക്ക് കായ കൽപ് അവാർഡിന് തയാറെടുക്കുന്നതിനായി മരത്തിന്റെ ശിഖരങ്ങൾ വെട്ടിമാറ്റിയിരുന്നു. എന്നാൽ, ഇവ പൂർവാധികം വിസ്തൃതിയിൽ വീണ്ടും പടർന്നു പന്തലിച്ചിരിക്കുകയാണ്. ശിഖരങ്ങൾ വളർന്ന് ഏത് സമയവും പൊട്ടിവീഴുന്ന അവസ്ഥയിലാണ്.
ശക്തമായ കാറ്റും മഴയും ഉണ്ടാവുമ്പോൾ ആശങ്കയോടെയാണ് ജീവനക്കാർ അത്യാഹിത വിഭാഗത്തിൽ അടക്കം ജോലി ചെയ്യുന്നത്. അത്യാഹിത വിഭാഗം, ഒ.പി കൗണ്ടർ എന്നിവിടങ്ങളിലേക്കും ലാബിൽ പരിശോധനക്കും മറ്റുമായി എത്തുന്ന നിരവധി പേർ മരത്തിനു ചുറ്റും എപ്പോഴും ഇരിക്കുന്നുണ്ടാവും. നൂറുകണക്കിന് പേർക്ക് തണലേകുന്ന മരം ദുരന്തത്തിനിടയാക്കുമോ എന്ന ആശങ്കയിലാണ് ജീവനക്കാരും രോഗികളും. ഇതിന്റെ ശിഖരങ്ങൾ വെട്ടിമാറ്റി അപകട ഭീഷണി ഒഴിവാക്കണമെന്ന ആവശ്യം ശക്തമായി. മുൻകാലങ്ങളിൽ യഥാസമയം ശിഖരങ്ങൾ വെട്ടിമാറ്റിയതിനാൽ അപകട ഭീഷണി ഉണ്ടായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.