കടപ്പുറത്തെ പാർക്ക് ഇനിയുമകലെ: പൊറുതിമുട്ടി സമീപവാസികൾ
text_fieldsകോഴിക്കോട്: കടപ്പുറത്തെ പഴയ ലയൺസ് പാർക്ക് നവീകരിച്ച് നഗരത്തിന്റെ അഭിമാനമാവുമെന്ന പ്രതീക്ഷ ഇനിയും അകലെ. കേന്ദ്ര സഹായത്തോടെയുള്ള ‘അടൽ മിഷൻ ഫോർ റിജുവനേവഷൻ ആൻഡ് അർബൻ ട്രാൻസ്ഫോർമേഷൻ’ (അമൃത്) രണ്ട് പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള നിർമാണമാണ് നീളുന്നത്. ഇതിനുള്ള വിശദ പദ്ധതിരേഖ തയാറായിട്ടുണ്ട്. 7.5 കോടി രൂപ ചെലവുള്ള നിർമാണത്തിന് അനുമതി കിട്ടേണ്ടതുണ്ടെന്ന് കൗൺസിലർ കെ. റംലത്തിനെ കോർപറേഷൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
അമൃത് രണ്ട് പദ്ധതിയിൽ ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാറിന്റെ സമിതിയെ സമീപിച്ചിരിക്കയാണിപ്പോൾ കോർപറേഷൻ. സമിതി അനുവദിച്ചാൽ പദ്ധതിക്ക് അമൃത് സ്റ്റേറ്റ് ഹൈപവർ സ്റ്റിയറിങ് കമ്മിറ്റിയിൽനിന്ന് ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിക്കണം. അതിനുശേഷം ടെൻഡർ നടപടി പൂർത്തിയാക്കിയശേഷമേ നിർമാണത്തിലേക്ക് കടക്കാനാവൂ. ഈ നടപടികൾക്ക് ഇനിയും കാലതാമസമെടുക്കും. പാർക്കിലും സമീപത്തും കഴിയുന്നവർക്ക് മതിൽ പൊളിച്ചിട്ട് പാർക്കിനകത്ത് രാത്രിയും പകലുമെത്തുന്ന സാമൂഹിക വിരുദ്ധരെ കൊണ്ട് പൊറുതി മുട്ടിയിരിക്കയാണ്. ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ നടത്തുന്ന ശുചിമുറിയുടെ ടാങ്ക് നിറഞ്ഞൊഴുകി വൃത്തികേടായി. ജില്ല കലക്ടറടക്കമുള്ളവർക്ക് കൗൺസിലറുടെ നേതൃത്വത്തിൽ നിവേദനം നൽകിയിട്ടുണ്ട്. ലഹരി ഉപയോഗിക്കുന്നവരുടെ നഗരത്തിലെ പ്രധാന കേന്ദ്രമായി മാറിയിരിക്കയാണ് ലയൺസ് പാർക്കും ബീച്ച് ആശുപത്രി പരിസരവും മൊയ്തു മൗലവി സ്മാരകത്തിന് ചുറ്റുമെല്ലാം. ബീച്ചിന്റെ പരിപാലനം ഏറ്റെടുത്ത പരസ്യ കമ്പനി ലയൺസ് പാർക്ക് ഭാഗത്ത് കാര്യമായൊന്നും ചെയ്തിട്ടില്ല. ലൈറ്റുകളും കുറവാണ്.
ഒരേക്കറിലേറെ ഭൂമിയിൽ 34 സെന്റ് സ്ഥലത്ത് 5.25 കോടി ചെലവിൽ 1500 ചതുരശ്രമീറ്ററിൽ പുതിയ കുളവും 2.25 കോടി ചെലവിൽ ഉദ്യാനവും നിർമിക്കാനാണ് പദ്ധതി. 1965 സെപ്റ്റംബർ 19ന് അന്നത്തെ മേയർ എ. ബാവുട്ടി ഹാജിയാണ് ലയൺസ് ഇന്റർനാഷനൽ ക്ലബിന് ബീച്ചിലെ സ്ഥലം പാർക്കാക്കാൻ കൈമാറിയത്. തുറമുഖ വകുപ്പിന്റെ സ്ഥലം നഗരസഭ താൽകാലികമായി ഏറ്റെടുത്ത് ക്ലബിന് കൈമാറുകയായിരുന്നു. 1973ൽ കുട്ടികളുടെ പാർക്കും തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.