ടൂറിസ്റ്റ് ഹോം മാനേജറെ മർദിച്ച് മുറിയിൽ പൂട്ടിയിട്ട് നാലംഗ സംഘം രക്ഷപ്പെട്ടു
text_fieldsരാമനാട്ടുകര: നഗരത്തിലെ ടൂറിസ്റ്റ് ഹോം മാനേജറെ മർദിച്ച് മുറിയിൽ പൂട്ടിയിട്ട് നാലംഗ സംഘം രക്ഷപ്പെട്ടു. രജിസ്റ്ററും പണവും അക്രമിസംഘം കൊണ്ടുപോയി. കമ്പ്യൂട്ടറും ഡോറുകളും സി.സി.ടി.വി കാമറയും ഉൾപ്പെടെ രണ്ടുലക്ഷം രൂപയുടെ നാശനഷ്ടവും വരുത്തി.
രാമനാട്ടുകര ഇൻറിമേറ്റ് ടൂറിസ്റ്റ് ഹോമിൽ, കഴിഞ്ഞ ഒമ്പതാം തീയതി രാത്രിയിലാണ് സംഭവം. മാനേജറും സ്ഥാപന ഉടമയുടെ സഹോദരനുമായ കാരാട് പുഞ്ചപ്പാടം അബ്ദുൽ റഷീദിനാണ് മർദനമേറ്റത്. കണ്ണിനും ശരീരത്തിലും സാരമായ പരിക്കേറ്റ ഇദ്ദേഹത്തെ ചുങ്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്ഥാപന ഉടമ തിരുത്തിയാട് പുഞ്ചപാടം സ്വദേശി അഷറഫ് പറയുന്നതിങ്ങനെ: കഴിഞ്ഞ ബുധനാഴ്ച രാത്രി ഏഴരയോടെ ടൂറിസ്റ്റ് ഹോമിലെത്തിയ നാലംഗ സംഘം റൂം ആവശ്യപ്പെട്ടു. മാനേജർ രേഖകളും വാടകയും ആവശ്യപ്പെട്ടു. തിരിച്ചറിയൽ രേഖ കൊടുത്തെങ്കിലും പണം കൊടുത്തില്ല.
എ.ടി.എമ്മിൽനിന്ന് പണമെടുത്തുതരാം എന്നുപറഞ്ഞ് കാർഡ് റിസപ്ഷനിൽ നൽകി. രാവിലെ പണം നൽകാമെന്നു പറഞ്ഞ് പണത്തിനു പകരമായി രണ്ട് മൊബൈൽ ഫോൺ നൽകിയെങ്കിലും ഫോൺ മാനേജർ വാങ്ങിയില്ല. രാവിലെ പണം നൽകാമെന്ന ഉറപ്പിൽ റൂം നൽകി.
എന്നാൽ, റൂമിൽ കയറിയ ഉടനെ സംഘം പാട്ടും ബഹളവും തുടങ്ങി. ഇതേ തുടർന്ന് റൂം ഒഴിയാൻ ആവശ്യപ്പെട്ടെങ്കിലും സംഘം അതിന് തയാറായില്ല. മാനേജർ റൂമിൽ കയറി ഇവരോട് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും നാലംഗ സംഘം മർദിക്കുകയായിരുന്നു.
ഫോൺ പിടിച്ചുവാങ്ങി തറയിൽ എറിഞ്ഞു നശിപ്പിക്കുകയും ബാത്റൂം ഡോർ തകർക്കുകയും മാനേജറെ മുറിയിൽ പൂട്ടിയിടുകയുമായിരുന്നു. തുടർന്ന് സംഘം ലാപ്ടോപ്, ടാബ്, സി.സി.ടി.വി കാമറകൾ എന്നിവ തകർക്കുകയും റിസപ്ഷൻ കൗണ്ടറിലെ വലിപ്പിൽനിന്ന് 21,000 രൂപ, രജിസ്റ്റർ, ബിൽബുക്ക് എന്നിവയുമായി കടന്നുകളയുകയും ചെയ്തു. ബുള്ളറ്റിലും സ്കൂട്ടറിലുമാണ് നാലംഗ സംഘമെത്തിയത്.
ഫോൺ നശിപ്പിക്കുകയും മുറി പുറമെനിന്ന് പൂട്ടുകയും ചെയ്തതിനാൽ സംഭവം നടന്ന സമയത്തുതന്നെ മാനേജർക്ക് ആരെയും അറിയിക്കാൻ കഴിഞ്ഞില്ല. തുടർന്ന് രാത്രി 10.40ന് സമീപത്തെ കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ പ്രാഥമിക കാര്യത്തിന് ടൂറിസ്റ്റ് ഹോമിെൻറ പിറകുവശത്ത് എത്തിയ സമയത്ത് മുകളിലെ ജനലിൽകൂടി മാനേജർ സഹായം അഭ്യർഥിക്കുകയായിരുന്നു. തുടർന്ന് സ്ഥാപന ഉടമ രാത്രി 11നുശേഷം എത്തി മറ്റൊരു താക്കോൽ ഉപയോഗിച്ച് റൂം തുറന്നാണ് രക്ഷപ്പെടുത്തിയതും ആശുപത്രിയിൽ പ്രവേശിപ്പിച്ചതും.
ഉടൻതന്നെ ഫറോക്ക് പൊലീസിൽ വിവരം അറിയിച്ചു. അക്രമിസംഘത്തിെൻറ വിവരങ്ങളെല്ലാം അവർ കൊണ്ടുപോയ രജിസ്റ്ററിലാണ് ഉണ്ടായിരുന്നത്. സംഘം റിസപ്ഷനിൽ നൽകിയ എ.ടി.എം കാർഡ് മാത്രമാണ് തെളിവായി അവിടെയുള്ളത്. എസ്.ബി.ഐയുടെ കാർഡിൽ എ.കെ. ഫർഹാൻ എന്നാണ് പേരുള്ളത്. ബേപ്പൂർ സ്വദേശികളാണെന്നാണ് സൂചന. സ്ഥാപനത്തിലെ സി.സി.ടി.വി കാമറയിൽ ഇവർ അക്രമം നടത്തിയതും നാശനഷ്ടം വരുത്തുന്നതും പണവും രജിസ്റ്ററും മറ്റും കൊണ്ടുപോകുന്നതിെൻറയും ദൃശ്യങ്ങളുണ്ട്.
പ്രതികൾക്കായി ഫറോക്ക് പൊലീസ് അന്വേഷണം ഊർജിതമാക്കി. പ്രതികളെപ്പറ്റി വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു. ഫോൺ: 04952482230.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.