സുന്ദര നഗരമേ, സെൻട്രൽ മാർക്കറ്റിനെ കുറിച്ച് കേട്ടിട്ടുേണ്ടാ?
text_fieldsകോഴിക്കോട്: മത്സ്യ-മാംസ വ്യാപാര മേഖലയായ കോഴിക്കോട് സെൻട്രൽ മാർക്കറ്റിൽ ജോലി ചെയ്യുന്നവർ മനുഷ്യരല്ലേ എന്ന് ചോദിച്ചുേപാവും ഇവിടുത്തെ അവസ്ഥ നേരിൽ കണ്ടാൽ. കച്ചവടക്കാരും തൊഴിലാളികളുമായി 2,500 ലേറെ പേർ ജോലി ചെയ്യുന്നിടത്ത് കുടിവെള്ളമില്ല. ജോലി കഴിഞ്ഞ് കുളിക്കാൻ കുളിമുറിയില്ല. ജോലിസ്ഥലം വൃത്തിയാക്കാൻ വെള്ളമില്ല, പ്രാഥമിക കൃത്യം നിർവഹിക്കാൻ കക്കൂസില്ല. പൊതുടാപ്പില്ല. ശുചിത്വത്തിന് ഒരു പരിഗണനയുമില്ലാത്ത വല്ലാത്തൊരു ലോകം.
പേരിന് നാലു ശുചിമുറിയുണ്ട്. അതിൽ വെള്ളമില്ല. സെപ്റ്റിക് ടാങ്കും പ്ലമ്പിങ് സംവിധാനവും അലേങ്കാലമാണ്. പുതിയതൊന്ന് നിർമിച്ചത് പകുതിവഴിയിൽ കിടക്കുന്നുണ്ട്. അപ്രധാനമായ പദ്ധതി പോലെ. ശുചിത്വകേരളം സുന്ദരകേരളം എന്ന സർക്കാറിെൻറ പരസ്യം അതിന് മുകളിൽ തൊഴിലാളികളെ നോക്കി ചിരിക്കുന്നു.
സെൻട്രൽ മാർക്കറ്റിൽ ഏറ്റവും ആദ്യം പണിയേണ്ടത് സൗകര്യവും വിശാലതയുമുള്ള ശുചിമുറിയാണ്. തൊഴിലാളികൾ മാത്രമല്ല, ഇവിടെ മീനും ഇറച്ചിയുമൊക്കെ സ്ഥിരമായി വാങ്ങാൻ വരുന്ന മൂവായിരത്തോളം ചെറുകിട കച്ചവടക്കാരുമുണ്ട്. രാത്രി എട്ടു മണിക്കാണ് തൊഴിലാളികൾ എത്തുക. അർധരാത്രിയോടെ മീനുമായി ഇതര സംസ്ഥാനങ്ങളിൽ നിന്നു ലോറികളെത്തും.
ലോറിത്തൊഴിലാളികൾക്കും ഇവിടെ അടിസ്ഥാന സൗകര്യം ആവശ്യമുണ്ട്. പുലർച്ചെ നാല് മണിയാവുന്നതോടെ ഇവിടം മഹാസമ്മേളന നഗരിയാവും. അത്രയേെറ പേർ ഒരേസമയം ഇടപാടുകളിലേർപ്പെടും. രാവിലെ പത്തു വരെ വൻ തിരക്കാണ് െസൻട്രൽ മാർക്കറ്റിൽ.
പേരിനുമില്ല, പൊതുടാപ്പുകൾ
മത്സ്യവും മാംസവുമായി മല്ലിടുന്ന പണിയാണിവിടുത്തെ തൊഴിലാളികൾക്ക്. അതിനാൽ, ഏറ്റവും സുലഭമായി വേണ്ടത് വെള്ളമാണ്. പേരിനു േപാലും പൊതു ടാപ്പുകൾ എവിടെയുമില്ല. വലിയ മീനുകൾ മുറിക്കുന്നത് വൃത്തിഹീനമായ മരമുട്ടികളിൽ വെച്ച്. മീനുകൾ കഷണമാക്കുന്ന സ്ഥലമൊക്കെ കണ്ടാൽ ഞെട്ടിപ്പോവും. ശുചീകരണം കാര്യക്ഷമമായി നടക്കാത്തതിനാൽ മൂക്കുതുളഞ്ഞുപോകുന്ന നാറ്റം. മുറ്റം നിറയെ മലിനജലം. ഒട്ടും ശാസ്ത്രീയമല്ലാത്ത മാർക്കറ്റ് നിർമിതി. തൊട്ടപ്പുറത്ത് മീൻ, ഇറച്ചി മാലിന്യം ചാക്കിൽ കെട്ടി സൂക്ഷിച്ചിരിക്കുകയാണ്. ബയോഗ്യാസ് പദ്ധതി പരാജയമായതിനാൽ മാലിന്യച്ചാക്കുകൾ അതേ പടി കിടക്കുന്നു. മുറ്റത്ത് തെരുവ് നായ്ക്കളും പരുന്തുകളും ആഘോഷിക്കുന്നു. ഒരു പക്ഷെ അവരില്ലായിരുന്നെങ്കിൽ ഈ മാർക്കറ്റിലേക്ക് പുറത്തുള്ള മനുഷ്യർക്ക് കടന്നു വരാൻ പറ്റിയെന്നു വരില്ല. അത്രയധികം മാലിന്യം അവർ 'മാനേജ്' ചെയ്യുന്നുണ്ട്.പരിഷ്കൃത ലോകത്ത് ഒരു മീൻ മാർക്കറ്റ് എങ്ങനെയാവരുത് എന്നതിന് ഇതിലും വലിയ ഉദാഹരണമില്ല.
രണ്ടു പതിറ്റാണ്ട് പിന്നിടുന്ന ദുരിതം
ബ്രിട്ടീഷുകാർ നിർമിച്ച പഴയ മാർക്കറ്റ് തല്ലിപ്പൊളിച്ച് പുതിയത് ഉണ്ടാക്കിയിട്ട് 21 വർഷമായി. അന്നുമുതൽ തുടങ്ങിയതാണ് ഇവിടുത്തെ ദുരിതമെന്ന് വ്യാപാരികളും തൊഴിലാളികളും ഒരു പോലെ പറയുന്നു. ലോകോത്തര മാർക്കറ്റ് എന്ന രീതിയിലാണ് പുതിയ മാർക്കറ്റ് പദ്ധതി അവതരിപ്പിച്ചിരുന്നത്.
ഞങ്ങൾക്ക് മനുഷ്യാവകാശങ്ങളൊന്നുമില്ലേ എന്ന് ചോദിച്ച് രോഷം െകാള്ളുകയാണ് തൊഴിലാളിയായ ഇസ്മായിൽ. അദ്ദേഹം 45 വർഷമായി ഇവിടെ. തൊട്ടടുത്താണ് വീട്. മാർക്കറ്റിെൻറ ചരിത്രവും വർത്തമാനവും ചേർത്തുവെച്ചതാണ് അദ്ദേഹത്തിെൻറ ജീവിതം.
ഇവിടെയല്ലാതെ പിന്നെ എവിെടയാണ് പൊതുശൗചാലയം
''കുടിവെള്ളമില്ല, കക്കൂസും കുളിമുറിയുമില്ല, മത്സ്യത്തൊഴിലാളികൾക്ക് പണികഴിഞ്ഞ് കുളിക്കാതെ പുറത്തിറങ്ങാൻ കഴിയില്ല. ഒരു മാർക്കറ്റിൽ ഏറ്റവും കൂടുതൽ വേണ്ടത് വെള്ളമാണ്. വലിയ പദ്ധതികളൊന്നും വേണ്ട സർ, കുറച്ചു പൊതു ടാപ്പുകളും മലിനജലം ഒഴുകിപ്പോകാൻ നല്ല അഴുക്കുചാലും മതി ഞങ്ങൾക്ക്'' ഇസ്മായിൽ പറയുന്നു.
കക്കൂസിലേക്കും മാർക്കറ്റിലേക്കും വെള്ളം ചുമന്നുകൊണ്ടുപോവണം. ഇത്രയും വലിയ മാർക്കറ്റിൽ വെള്ളം കോരിക്കൊണ്ടുവന്ന് ശുചിയാക്കിയാൽ എവിടെ എത്താനാണെന്ന് തൊഴിലാളിയായ ലത്തീഫ് ചോദിക്കുന്നു.
''24 മണിക്കൂറും പ്രവർത്തിക്കുന്ന വ്യാപാരകേന്ദ്രമാണ് സെൻട്രൽ മാർക്കറ്റ്. ഇവിടെ കച്ചവടക്കാർ മാത്രമല്ല, സ്ത്രീകളും കുട്ടികളുമുൾപ്പെടെ പൊതുജനങ്ങളും സാധനങ്ങൾ വാങ്ങാനെത്തുന്നു. ഇതിനോട് അനുബന്ധമായി മറ്റ് കച്ചവടക്കാരുമുണ്ട്.
പച്ചക്കറി, പലവ്യഞ്ജനങ്ങൾ, നിേത്യാപയോഗ സാധനങ്ങൾ എന്നിവ വിൽക്കുന്ന കടകൾക്ക് പുറമെ മാർക്കറ്റിന് ചുറ്റും തെരുവ് കച്ചവടക്കാരുമുണ്ട്. ചുരുക്കത്തിൽ ആയിരക്കണക്കിന് ജനങ്ങൾ എത്തുന്ന പ്രധാന വ്യാപാരമേഖല. ഇവിടെ എല്ലാവർക്കും ഉപയോഗിക്കാവുന്ന പൊതുശൗചാലയം ഉണ്ടാക്കേണ്ടത് അത്യാവശ്യമാണ്.
മഹാമാരിക്കാലം വന്നതോടെ ശുചിത്വത്തിെൻറ പ്രാധാന്യമേറിയതല്ലേ...''കച്ചവടക്കാരനായ കബീർ കല്ലായി ചോദിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.