സൗന്ദര്യം കാടുമൂടി; കോന്നാട് കടപ്പുറം നശിക്കുന്നു
text_fieldsകോഴിക്കോട്: കൊല്ലങ്ങൾക്കുമുമ്പ് കോടിയിലേറെ രൂപ ചെലവഴിച്ച് സൗന്ദര്യവത്കരിച്ച കോന്നാട് കടപ്പുറം കാടുമൂടി നശിക്കുന്നു. ഇതോടെ സാമൂഹിക വിരുദ്ധരടക്കം ഇവിടം താവളമാക്കുന്നത് പരിസരവാസികൾക്കടക്കം ദുരിതമാകുകയാണ്.ബീച്ച് റോഡിനോട് ചേർന്ന് സിമന്റ് കട്ടകൾ വിരിച്ച ഭാഗമാകെ ഒരാൾ പൊക്കത്തിലാണ് പച്ചിലക്കാടുകൾ നിറഞ്ഞത്. വിളക്ക് തൂണുകളിലെ ലൈറ്റുകൾ പൂർണമായും മോഷണം പോയതോടെ രാത്രി ഈ ഭാഗത്ത് കൂരിരുട്ടാണ്. ഇരിപ്പിടമായി ഒരുക്കിയ ഭാഗങ്ങളിലെ ഗ്രാനൈറ്റ് അടക്കമുള്ളവ കവരുകയും നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
പൊന്തക്കാടുകൾ നിറയുകയും പകൽ സമയത്തുപോലും ആളുകൾ എത്താത്തതും മറയാക്കി ഇവിടെ അനാശാസ്യവും ലഹരി വിൽപനയും നടക്കുന്നതായും പരാതിയുണ്ട്. 2008ൽ സുനാമി പുനരധിവാസ പദ്ധതിയിലുൾപ്പെടുത്തി സംസ്ഥാന സർക്കാർ 1.21 കോടി രൂപ ചെലവഴിച്ചാണ് ഇവിടം നവീകരിച്ചത്. ഹാർബർ എൻജിനീയറിങ് വിഭാഗം നടപ്പാക്കിയ വികസനത്തിന്റെ ഏജൻസി ടൂറിസം വകുപ്പായിരുന്നു. കോഴിക്കോട് ബീച്ചിൽ ഉൾക്കൊള്ളാനാവുന്നതിലധികം ആളുകൾ എത്തി തിരക്ക് നിയന്ത്രണാതീതമായതോടെയാണ് ഇവിടെ വികസിപ്പിച്ച് സായാഹ്നം ചെലവഴിക്കാവുന്ന തരത്തിൽ മാറ്റിയത്.
വിനോദ സഞ്ചാരികളെ ആകർഷിക്കുകയടക്കം ലക്ഷ്യമിട്ട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കോടിക്കണക്കിന് രൂപ ചെലവഴിച്ച് പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുമ്പോഴാണ് നിലവിലെ പല പദ്ധതികളും നാശത്തിന്റെ വക്കിലുള്ളത്. കാട് പൂർണമായും വെട്ടിയും മാലിന്യങ്ങൾ നീക്കിയും നവീകരിച്ചാൽ കോഴിക്കോട് ബീച്ചിലെ തിരക്കിനുവരെ കുറവുണ്ടാക്കാനാകുമെന്നാണ് പ്രദേശവാസികൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.