തൊഴിൽ സഭകൾക്ക് തുടക്കം; ഡിസംബറിൽ 4279 തൊഴിൽ അവസരങ്ങളായി
text_fieldsകോഴിക്കോട്: കോർപറേഷന്റെ പതിനാലാം പഞ്ചവത്സര പദ്ധതി ഭാഗമായി തൊഴിലവസരങ്ങൾ വർധിപ്പിക്കുക എന്ന ലക്ഷ്യമിട്ട് തൊഴിൽ സഭകൾ ചേരുന്നതിന്റെ കോർപറേഷൻ തല ഉദ്ഘാടനം മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിച്ചു. അഭ്യസ്ത വിദ്യരായ യുവാക്കളെയും യുവതികളെയും സംഘടിപ്പിച്ച് തൊഴിലിലേക്ക് എത്തിക്കുന്ന പുത്തൻ മാതൃക ലോകത്തുതന്നെ ആദ്യമായി നടപ്പിലാക്കുന്നത് കേരളത്തിലാണെന്നും മന്ത്രി പറഞ്ഞു.
തൊഴിൽ തേടുന്നവർ, സ്വയം തൊഴിൽ സംരംഭകർ, തൊഴിൽദായക സംരംഭകർ, സംരംഭ പുനരുജ്ജീവനം ആവശ്യമുള്ളവർ, സംരംഭകത്വ മികവ് വർധിപ്പിക്കാൻ ആഗ്രഹിക്കുന്നവർ, നൈപുണ്യ വികസനം ആവശ്യമുള്ളവർ എന്നിവരുടെ കൂടിച്ചേരലാണ് ഓരോ തൊഴിൽ സഭകളിലും നടക്കുന്നത്.
കോർപറേഷനിൽ മൂന്നുമുതൽ നാലുവരെ വാർഡുകൾ ചേർത്ത 25 തൊഴിൽ സഭകൾ സംഘടിപ്പിക്കാനാണ് കോർപറേഷൻ തല സംഘാടന സമിതി തീരുമാനം. അടുത്ത അഞ്ചുവർഷംകൊണ്ട് 20 ലക്ഷം പേർക്ക് തൊഴിൽ നൽകുക എന്ന ലക്ഷ്യമാണ് സർക്കാർ നിർണയിച്ചിട്ടുള്ളത്.
കോർപറേഷനിൽ 46,000 അഭ്യസ്തവിദ്യരായ യുവജനങ്ങൾ നേരത്തേ രജിസ്റ്റർ ചെയ്തിരുന്നു. ഇവരും ഈ തൊഴിൽ സഭകളിൽ പങ്കെടുക്കും. പദ്ധതിയുടെ ചുവടുപിടിച്ചു നഗരസഭ ആവിഷ്കരിച്ച വിലിഫ്റ്റിന്റെ ഭാഗമായി ഡിസംബർ മാസം വരെ കോഴിക്കോട് കോർപറേഷൻ പരിധിയിൽ 1630 സംരംഭങ്ങൾ ആരംഭിച്ചു.
ഇതിലൂടെ 4279 തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി അധ്യക്ഷത വഹിച്ച മേയർ ഡോ. ബീന ഫിലിപ്പ് അറിയിച്ചു. ചൊവ്വാഴ്ച അഞ്ച് തൊഴിൽ സഭകളാണ് കോർപറേഷനിൽ നടന്നത്. ബാക്കി വാർഡിന്റെ തൊഴിൽ സഭകൾ 28, 29 തീയതികളിലായി വിവിധ സ്ഥലങ്ങളിലായി നടക്കും.
ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ. ദിവാകരൻ സ്വാഗതം പറഞ്ഞു. ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്, കൗൺസിലർമാരായ സ്മിത വള്ളിശ്ശേരി, ഇ.എം. സോമൻ, കെ. മോഹനൻ, ടി. സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു. നഗരസഭ സെക്രട്ടറി കെ.യു. ബിനി പദ്ധതി വിശദീകരിച്ചു. കുടുംബശ്രീ പ്രോജക്ട് ഓഫിസർ ടി.കെ. പ്രകാശൻ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.