ബേപ്പൂർ ജലമേളക്ക് സമാപനം
text_fieldsബേപ്പൂർ: കരയിലും കടലിലും ആകാശത്തും വിസ്മയം തീർത്ത ജല സാഹസിക മേളയ്ക്ക് സമാപ്തി. നാലുദിവസം നീണ്ടുനിന്ന മേളയുടെ സമാപന സമ്മേളനം പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ബേപ്പൂരിൽ സർഫിങ് സ്കൂൾ ആരംഭിക്കുമെന്നും പ്രാദേശികരായ മത്സ്യത്തൊഴിലാളികളിൽനിന്നും തെരഞ്ഞെടുക്കപ്പെട്ടവരെ ഭാവിയിൽ സർഫിങ് സ്കൂളിൽ അധ്യാപകരായി നിയമിക്കാൻ ടൂറിസം വകുപ്പ് ആലോചിക്കുന്നതായും മന്ത്രി പറഞ്ഞു.
സെയ്ലിങ് ഉൾപ്പെടെയുള്ള അഡ്വഞ്ചർ ടൂറിസത്തിൽ രാജ്യത്തെ പ്രധാന കേന്ദ്രമാക്കി ബേപ്പൂരിനെ മാറ്റുന്നതിനുള്ള ശ്രമങ്ങൾക്ക് ടൂറിസം വകുപ്പ് നേതൃത്വം കൊടുക്കും. വിനോദസഞ്ചാര മേഖലയുടെ സമഗ്ര വികസനത്തിനാണ് സർക്കാർ ഊന്നൽ നൽകുന്നതെന്നും മന്ത്രി പറഞ്ഞു. ആസൂത്രണ ബോർഡ് അംഗം സന്തോഷ് ജോർജ് കുളങ്ങര മുഖ്യപ്രഭാഷണം നടത്തി. മഞ്ജു വാര്യർ ഓൺലൈനിലൂടെ വിശിഷ്ടാതിഥിയായി. ജില്ല കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി അധ്യക്ഷത വഹിച്ചു. മേയർ ഡോ. ബീന ഫിലിപ്, കോർപറേഷൻ നഗരാസൂത്രണകാര്യ സ്ഥിരം സമിതി ചെയര്പേഴ്സൻ കൃഷ്ണ കുമാരി, വിനോദ സഞ്ചാര വകുപ്പ് ഡയറക്ടർ വി.ആർ. കൃഷ്ണതേജ, ജില്ല പൊലീസ് മേധാവി എ.വി. ജോർജ്, സബ് കലക്ടർ വി. ചെൽസ സിനി, ഡി.സി.പി സ്വപ്നിൽ മധുകർ മഹാജൻ, എ.ഡി.എം. സി മുഹമ്മദ് റഫീഖ്, വിനോദസഞ്ചാരവകുപ്പ് ജോ. ഡയറക്ടർ സി.എൻ. അനിതകുമാരി തുടങ്ങിയവർ സംസാരിച്ചു.
തുഴച്ചിൽ മത്സരത്തിനിടെ തോണി മറിഞ്ഞു; മുങ്ങിയ ആളെ രക്ഷപ്പെടുത്തി
ബേപ്പൂർ: ജലമേളയിൽ തുഴച്ചിൽ മത്സരത്തിനിടെ തോണികൾ മറിഞ്ഞ് പുഴയിൽ മുങ്ങിയ ആളെ രക്ഷപ്പെടുത്തി. ബുധനാഴ്ച വൈകീട്ട് അഞ്ചിന് മറീന ജെട്ടിയുടെ ഭാഗത്ത് മത്സരത്തിൽ പങ്കെടുത്ത തോണികൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
അഗ്നിശമന സേനാംഗങ്ങളാണ് തോണിയും മുങ്ങിയ ആളെയും രക്ഷപ്പെടുത്തിയത്. കൺട്രി ബോട്ട് റൈസിൽ ടീം ക്യാപ്റ്റൻ സുകുവിെൻറ നേതൃത്വത്തിൽ തുഴച്ചിൽ മത്സരത്തിൽ പങ്കെടുത്ത കളേർസ് കീഴുപറമ്പിെൻറ തോണിയാണ് മറിഞ്ഞത്.
ആദ്യ റൗണ്ട് തുഴച്ചിൽ മത്സരത്തിനിടയിൽ റോവേഴ്സ് കല്ലിങ്ങൽ ടീമിെൻറ തോണിയുമായാണ് കൂട്ടിയിടിച്ചത്. ഒമ്പതുപേരാണ് തോണിയിൽ ഉണ്ടായിരുന്നത്. ഈ സമയം എൻജിൻ ഘടിപ്പിച്ച ഡിങ്കിയുമായി സുരക്ഷ ജോലിയിലുണ്ടായിരുന്ന ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ ഇ. ശിഹാബുദീനിെൻറ നേതൃത്വത്തിൽ അഗ്നിശമന സേനാംഗങ്ങൾ ഉടൻ സംഭവ സ്ഥലത്തേക്ക് കുതിച്ച് അപകടത്തിൽപെട്ടവരെ രക്ഷപ്പെടുത്തി കരയിലെത്തിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.