മീൻപിടിത്ത വള്ളം കടലിൽ മുങ്ങി ഒരാളെ കാണാതായി
text_fieldsബേപ്പൂർ: ശക്തമായ കടൽക്ഷോഭത്തിൽപെട്ട് മുങ്ങിയ മീൻപിടിത്ത വള്ളത്തിലെ ആറു മത്സ്യത്തൊഴിലാളികളിൽ ഒരാളെ കാണാതായി. ചാലിയം സ്വദേശി തൈക്കടപ്പുറത്ത് ഹുസൈന്റെ മകൻ അലി അസ്കർ എന്ന കുഞ്ഞാപ്പുവിനെയാണ് (23) കാണാതായത്.
ഒരു രാത്രി മുഴുവൻ വള്ളത്തിൽ പിടിച്ചു നീന്തിയ അഞ്ചുപേരെയും അതുവഴി പോയ വിദേശ കപ്പൽ ജീവനക്കാരാണ് രക്ഷപ്പെടുത്തിയത്. കപ്പൽ അധികൃതർ കോസ്റ്റ് ഗാർഡിനെ വിവരമറിയിച്ചതിനെ തുടർന്ന് ഹെലികോപ്റ്ററിൽ അഞ്ചുപേരെയും ബുധനാഴ്ച നെടുമ്പാശ്ശേരിയിലെത്തിച്ചു. ശേഷം എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നടത്തി. കപ്പലിൽവെച്ച് തന്നെ ഇവർക്ക് അടിയന്തര ചികിത്സയും ഭക്ഷണവും നൽകിയിരുന്നു.
26ന് ചാലിയത്തുനിന്ന് മീൻപിടിത്തത്തിനു പോയ പുത്തൻപുരക്കൽ സഫീറിന്റെ ഉടമസ്ഥതയിലുള്ള 'സഫായത്ത്' എന്ന ഫൈബർ വള്ളം 28ന് വൈകുന്നേരം നാലോടെ ചാവക്കാടിനടുത്ത് ചേറ്റുവ ഭാഗത്ത് 25 നോട്ടിക്കൽ മൈൽ അകലെ പടിഞ്ഞാറാണ് കടൽത്തിരകളിൽപെട്ട് മുങ്ങിയത്. വള്ളത്തിൽനിന്ന് ആറുപേരും തെറിച്ചുപോയെങ്കിലും അലി അസ്കർ എന്ന കുഞ്ഞാപ്പുവിനൊഴികെ മറ്റുള്ളവർക്കെല്ലാം വള്ളത്തിൽ പിടികിട്ടി.
ചാലിയം സ്വദേശികളായ പുത്തൻപുരക്കൽ ഷമീം (37), ആനപ്പുറം ഷിഹാബ് (38), പശ്ചിമ ബംഗാളിലെ കൊൽക്കത്ത സ്വദേശികളായ പ്രണവ്ദാസ് (42), അബ്ദുൽ സലാം (55), ഗുരു പെത്തോ ഡിക്കുവ (40) എന്നിവർക്കാണ് കമിഴ്ന്ന വള്ളത്തിൽ പിടികിട്ടിയതിനാൽ രക്ഷപ്പെടാൻ സാധിച്ചത്. ഹെലികോപ്റ്ററിൽ നെടുമ്പാശ്ശേരിയിലെത്തിച്ച മത്സ്യത്തൊഴിലാളികളെ ഫോർട്ട്കൊച്ചി കോസ്റ്റൽ എസ്.ഐ കെ.ഇ. ഷാജി, സി.പി.ഒ ശ്രീജി എന്നിവർ ചേർന്നാണ് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആർക്കും ഗുരുതരമായ പരിക്കില്ല. രക്ഷപ്പെട്ടവർ അഞ്ചുപേരും വ്യാഴാഴ്ച ഉച്ചയോടെ ചാലിയത്ത് തിരിച്ചെത്തി.
വള്ളവും മീൻപിടിത്ത വലയും അനുബന്ധ ഉപകരണങ്ങളും കടലിൽ മുങ്ങിപ്പോയതിൽ എട്ടുലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി ബന്ധപ്പെട്ടവർ അറിയിച്ചു. കാണാതായ മത്സ്യത്തൊഴിലാളിക്കു വേണ്ടി തിരച്ചിൽ തുടരുകയാണ്. കടൽ പ്രക്ഷുബ്ധമായതിനാൽ യന്ത്രവത്കൃത ബോട്ടുകൾ ഉപയോഗിച്ചുള്ള തിരച്ചിലിന് പ്രയാസം നേരിടുന്നുണ്ട്. കാണാതായ തൊഴിലാളിക്കു വേണ്ടിയുള്ള തിരച്ചിൽ ഊർജിതപ്പെടുത്തണമെന്ന ആവശ്യവുമായി ചാലിയത്തെ കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ നാട്ടുകാർ ഏറെനേരം തടിച്ചുകൂടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.