യുവ അഭിഭാഷകെൻറ മരണം; അപകടത്തിനിടയാക്കിയ ലോറി ഡ്രൈവർ അറസ്റ്റിൽ
text_fieldsതേഞ്ഞിപ്പലം: യുവ അഭിഭാഷകെൻറ അപകട മരണത്തിനിടയാക്കിയ കേസിൽ 40 ദിവസത്തിനുശേഷം ഡ്രൈവർ അറസ്റ്റിൽ. വാഹനവും പൊലീസ് കസ്റ്റഡിയിൽ എടുത്തു. നിലമ്പൂർ മരുത മുണ്ടപ്പെട്ടി സ്വദേശി കാരാടന്‍ മുഹമ്മദിെൻറ മകനും മഞ്ചേരി ബാറിലെ അഭിഭാഷകനുമായ അഡ്വ. ഇര്‍ഷാദാണ് (30) ആഗസ്റ്റ് 10ന് രാത്രി 12.40ഓടെ ഉണ്ടായ അപകടത്തിൽ മരിച്ചത്. തിരുവനന്തപുരം പെരുമാതുറ സ്വദേശി തെരുവിൽ തൈവീട്ടിൽ മുസ്തഫയാണ് (29) അറസ്റ്റിലായത്.
തിരുവനന്തപുരത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് മുസ്തഫ ഓടിച്ച മീൻ ലോറിയാണ് അപകടം വരുത്തിയത്. ചേളാരി ഭാഗത്തുനിന്ന് അമിതവേഗതയില്‍ നിയന്ത്രണം വിട്ടെത്തിയ ലോറി പൈങ്ങോട്ടൂര്‍ വളവില്‍ റോഡിെൻറ മറുഭാഗത്തേക്ക് കയറി എതിര്‍ദിശയില്‍നിന്ന് വന്ന ഇർഷാദ് സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ലോറി നിർത്താതെ ഓടിച്ചുപോയി. സംഭവം കണ്ട കാര്‍ യാത്രക്കാരൻ ഐക്കരപ്പടി സ്വദേശി ദുല്‍ഖിഫിലാണ് ഇടിച്ചത് ലോറിയാണെന്ന് തിരിച്ചറിഞ്ഞതും പൊലീസിൽ അറിയിച്ചതും. തേഞ്ഞിപ്പലം ഇൻസ്പെക്ടർ എൻ.ബി. ഷൈജുവിെൻറ നേതൃത്വത്തിലുള്ള സംഘമാണ് ലോറി കണ്ടെത്തിയത്.
ദേശീയപാത വികസനം കാരണം കടകളിൽ സ്ഥാപിച്ച നിരവധി സി.സി.ടി.വികൾ അഴിച്ചുമാറ്റിയത് കാരണം വാഹനം കണ്ടെത്താൻ വലിയ പ്രയാസം നേരിട്ടിരുന്നു. മലപ്പുറം ജില്ല പൊലീസ് മേധാവി സുജിത് ദാസ്, കൊണ്ടോട്ടി ഡിവൈ.എസ്.പി അഷറഫ് എന്നിവരുടെ നിർദേശപ്രകാരം അന്വേഷണസംഘം രൂപവത്കരിച്ചിരുന്നു.
ദേശീയപാതയിലെ തലപ്പാറ മുതൽ രാമനാട്ടുകര കടവ് റിസോർട്ടുവരെ കാമറയിൽ പതിഞ്ഞ ദൃശ്യങ്ങളും അപകടം നടന്ന ദിവസം തിരുവനന്തപുരം മുതൽ കാസർകോട് വരെ നിരവധി വാഹനങ്ങൾ അനേഷിച്ച് കണ്ടുപിടിച്ചും നേരിട്ട് പരിശോധന നടത്തിയും ശാസ്ത്രീയ പരിശോധന നടത്തിയുമാണ് അപകടം നടന്ന വാഹനവും ഡ്രൈവറെയും കണ്ടെത്തിയത്. സബ് ഇൻസ്പെക്ടർമാരായ സംഗീത് പുനത്തിൽ, സി. ശാഹുൽ ഹമീദ്, എ.എസ്.ഐ രവീന്ദ്രൻ, സി.പി.ഒ റഫീക്ക്, ഹോം ഗാർഡ് മണികണ്ഠൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.