മത്സരത്തിനിടെ തോണികൾ കൂട്ടിയിടിച്ച് മുങ്ങിയയാളെ രക്ഷപ്പെടുത്തി
text_fieldsബേപ്പൂർ: ജലമേളയിൽ തുഴയൽ മത്സരത്തിനിടെ തോണികൾ കൂട്ടിയിടിച്ച് പുഴയിൽ മുങ്ങിയ ആളെ രക്ഷപ്പെടുത്തി. തോണി തുഴയൽ ഫൈനൽ റൗണ്ട് മത്സരം കഴിഞ്ഞദിവസം വൈകീട്ട് മറീന ജെട്ടി ഭാഗത്ത് നടക്കുമ്പോഴാണ് തോണികൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ടുപേർ മുങ്ങിയത്. ഒരാൾ തൊട്ടടുത്ത തോണിയിലേക്ക് നീന്തിക്കയറിയെങ്കിലും രണ്ടാമൻ തോണിയിൽ കയറാനാവാതെ ക്ഷീണിതനായി ഒഴുക്കിൽപ്പെട്ട് അപകടാവസ്ഥയിലായി.
ഈ സമയം കപ്പൽ ചാലിൽ എൻജിൻ ഘടിപ്പിച്ച ഡിങ്കിയുമായി സുരക്ഷ ജോലിയിലുണ്ടായിരുന്ന അസിസ്റ്റൻറ് സ്റ്റേഷൻ ഓഫിസർ വി.കെ. ബിജുവിെൻറ നേതൃത്വത്തിലുള്ള അഗ്നിശമന സേനാംഗങ്ങൾ സംഭവ സ്ഥലത്തേക്ക് കുതിക്കുകയും അപകടാവസ്ഥയിലായ ആളെ രക്ഷപ്പെടുത്തുകയുമായിരുന്നു. മീഞ്ചന്ത അഗ്നിരക്ഷ നിലയത്തിലെ ശിഹാബുദ്ദീൻ, വെള്ളിമാട്കുന്ന് നിലയത്തിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ സി.ഷിജു, മുക്കം നിലയത്തിലെ അഖിൽ എന്നിവർ ചേർന്ന് ഡിങ്കിയിൽ കയറ്റിയാണ് രക്ഷപ്പെടുത്തിയത്. ആയിരക്കണക്കിന് ജനങ്ങളുടെ മുന്നിൽവെച്ച് നടന്ന അഗ്നിരക്ഷ സേനയുടെ രക്ഷാപ്രവർത്തനം കാണികളുടെ പ്രശംസക്ക് കാരണമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.