അക്വേറിയം ‘സുന്ദരികളെ’ ഇനി കൃത്രിമമായി പ്രജനനം നടത്താം
text_fieldsബേപ്പൂർ: സമുദ്ര അലങ്കാരമത്സ്യ മേഖലയിൽ നിർണായക നേട്ടവുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ). ഉയർന്ന വിപണി മൂല്യമുള്ള കടൽ വർണമത്സ്യങ്ങളായ ഡാംസെൽ, ഗോബി വിഭാഗങ്ങളിൽപെട്ട രണ്ടു മീനുകളുടെ കൃത്രിമ വിത്തുൽപാദനം സി.എം.എഫ്.ആർ.ഐ വിജയകരമായി പൂർത്തിയാക്കി.
അക്വേറിയങ്ങളിലെ കടൽ സുന്ദരികളായി അറിയപ്പെടുന്ന അസ്യൂർ ഡാംസെൽ, ഓർണേറ്റ് ഗോബി എന്നീ മീനുകളുടെ വിത്തുൽപാദന സാങ്കേതികവിദ്യയാണ് സി.എം.എഫ്.ആർ.ഐയുടെ വിഴിഞ്ഞം പ്രാദേശിക കേന്ദ്രത്തിലെ ഗവേഷകർ വികസിപ്പിച്ചത്.
അലങ്കാരമത്സ്യ പ്രേമികളുടെ ഇഷ്ട മീനുകളുമാണ് ഇവ. കടലിൽ പവിഴപ്പുറ്റുകളോടൊപ്പമാണ് അസ്യൂർ ഡാംസലിന്റെ ആവാസകേന്ദ്രം. കടുംനീല-മഞ്ഞ നിറങ്ങളും നീന്തുന്ന രീതികളുമാണ് പ്രധാന ആകർഷണീയത. അമിത ചൂഷണഫലമായി വംശനാശഭീഷണിക്കരികിലാണ് ഈ മീൻ. ഒരു മീനിന് 350 രൂപ വരെയാണ് വില.
മറൈൻ അക്വേറിയങ്ങളിലെ ജനപ്രിയ മീനാണ് ഓർണേറ്റ് ഗോബി. തിളങ്ങുന്ന കണ്ണുകളും നീലയും തവിട്ട്-ചുവപ്പ്-വെള്ള നിറങ്ങളിലുള്ള പുള്ളികൾകൊണ്ട് അലങ്കരിച്ച ശരീരവുമാണ് ഈ മീനിന്റെ ദൃശ്യഭംഗി കൂട്ടുന്നത്.
അക്വേറിയങ്ങളിൽ അടിയുന്ന മണൽ തുടച്ചെടുത്ത് ടാങ്കുകളെ വൃത്തിയായി സൂക്ഷിക്കുന്നതിലും മിടുക്കിയാണ്. മീനൊന്നിന് 250 രൂപവരെ വിലയുണ്ട്. ഉൽപാദനം കൂട്ടാനും കടലിൽ ഇവയുടെ അമിതചൂഷണം തടയാനും സി.എം.എഫ്.ആർ.ഐ യുടെ പ്രജനന സാങ്കേതികവിദ്യ വഴിയൊരുക്കും.
അക്വേറിയം സംരംഭകർക്കും അലങ്കാരമത്സ്യ കർഷകർക്കും ഇവയുടെ വിത്തുൽപാദനം സ്വന്തമായി നടത്താവുന്ന രീതിയിൽ സാങ്കേതികവിദ്യ സി.എം.എഫ്.ആർ.ഐ കൈമാറും. സാങ്കേതികവിദ്യ എളുപ്പത്തിൽ ഉപയോഗപ്പെടുത്തുന്നതിനുള്ള പ്രോട്ടോകോളും വികസിപ്പിച്ചിട്ടുണ്ട്.
കർഷകരിലേക്ക് വ്യാപകമായി ഈ സാങ്കേതികവിദ്യ കൈമാറുന്നതിനും അവരെ പരിശീലിപ്പിക്കുന്നതിനും സി.എം.എഫ്.ആർ.ഐ ഒരുക്കമാണെന്ന് വിഴിഞ്ഞം പ്രാദേശിക കേന്ദ്രം മേധാവി ഡോ. ബി. സന്തോഷ് പറഞ്ഞു.
ഉയർന്ന ആവശ്യകതയും വിപണി മൂല്യവും, കുറഞ്ഞ ഉൽപാദനച്ചെലവും വിപണിയും സംരംഭകരെ ആകർഷിപ്പിക്കും. സാധ്യതാപഠനപ്രകാരം, 24000 മത്സ്യക്കുഞ്ഞുങ്ങളെ പ്രതിവർഷം ഉൽപ്പാദിപ്പിക്കുന്ന ഇടത്തരം വിത്തുൽപാദന യൂനിറ്റിൽ നിന്ന് ഏകദേശം 12 ലക്ഷം രൂപ വാർഷിക വരുമാനമുണ്ടാക്കാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.