മത്സ്യസമ്പത്ത് വർധിപ്പിക്കാൻ കൃത്രിമ പാരുകൾ ഒരുക്കുന്നു
text_fieldsമത്സ്യസമ്പത്ത് വർധിപ്പിക്കുന്നതിനായി തീരദേശ വികസന കോർപറേഷനും ഫിഷറീസ് വകുപ്പും ചേർന്ന് കടലിൽ നിക്ഷേപിക്കാൻ തയാറാക്കിയ കൃത്രിമ പാര്
ബേപ്പൂർ: മത്സ്യലഭ്യത വർധിപ്പിക്കുന്നതിന് തീരക്കടലിൽ കൃത്രിമ പാരുകൾ (മീൻകൂടുകൾ) സ്ഥാപിക്കുന്നു. ഒരു മീൻപിടിത്ത ഗ്രാമത്തിെൻറ പരിധിയിലുള്ള തീരക്കടലിൽ 280 പാരുകളാണ് നിക്ഷേപിക്കുക. പരീക്ഷണാടിസ്ഥാനത്തിൽ ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിൽ കോൺക്രീറ്റിൽ നിർമിച്ച പാരുകൾ കടലിൽ നിക്ഷേപിച്ചതിെൻറ ആദ്യ ഫലങ്ങൾ വിലയിരുത്തിയ ശേഷമാണ് ഫിഷറീസ് വകുപ്പ് വീണ്ടും പാരുകൾ സ്ഥാപിക്കാൻ ഒരുങ്ങുന്നത്.
ഒരു ടണ്ണിലധികം തൂക്കമുള്ള കോൺക്രീറ്റ് പാരുകൾ വലിയ ബോട്ടുകളിൽ എത്തിച്ചാണ് കടലിൽ ഇടുക. കടലിൽ ചൂണ്ടയിടുന്നവർക്കും ചെറുയാനങ്ങളിൽ മത്സ്യബന്ധനം നടത്തുന്നവർക്കുമാണ് പാരുകൾ നിക്ഷേപിക്കുന്നതിെൻറ ഗുണം ലഭിക്കുക. കുറഞ്ഞ ദൂരം യാത്ര ചെയ്ത് ധാരാളം മീൻ പിടിക്കാനാകുമെന്നതാണ് ഇതിെൻറ പ്രത്യേകത. ഒരു സ്ഥലം കേന്ദ്രീകരിച്ച് മീനുകൾ കൂട്ടമായി തമ്പടിക്കുന്നതിനുള്ള സൗകര്യമൊരുക്കലാണ് പാരുകൾ സ്ഥാപിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. പാരുകളിൽ പായലും സസ്യങ്ങളും പവിഴപ്പുറ്റുകളും വളരുന്നതോടെ മീനുകൾക്ക് തങ്ങാനുള്ള ആവാസവ്യവസ്ഥ രൂപപ്പെടും. ചെറുതും വലുതുമായ മത്സ്യങ്ങളെത്തി ആഹാര സമ്പാദനത്തിനും പ്രജനനത്തിനും അനുയോജ്യമായ സാഹചര്യം സൃഷ്ടിക്കും. കടലിെൻറ അടിത്തട്ടിലെ ദൃശ്യങ്ങൾ പകർത്തുന്ന അണ്ടർവാട്ടർ കാമറ ഉപയോഗിച്ച് വിവിധ ഘട്ടങ്ങളിലായി കൃത്രിമ പാരുകളിലെ പ്രജനനം, പുരോഗതി തുടങ്ങിയവ പഠനവിധേയമാക്കും.
കേന്ദ്ര സമുദ്ര മത്സ്യഗവേഷണ സ്ഥാപനമായ സി.എം.എഫ്.ആർ.ഐ ഉൾപ്പെടെ സ്ഥാപനങ്ങൾ നടത്തിയ ശാസ്ത്രീയ പഠനങ്ങൾ കൃത്രിമ പാരുകൾ മത്സ്യങ്ങളെ തീരസമുദ്രത്തിലേക്ക് ആകർഷിക്കുന്നതിനും അവയുടെ സ്വാഭാവിക പ്രജനനത്തിനും മത്സ്യസമ്പത്തിെൻറ സുസ്ഥിര പരിപാലനത്തിനും വളരെയധികം പ്രയോജനപ്പെടുമെന്നും കണ്ടെത്തിയിട്ടുണ്ട്.
രണ്ടുകോടി രൂപയാണ് പദ്ധതിയുടെ ചെലവ്. ഫിഷറീസ് വകുപ്പിന് വേണ്ടി തീരദേശ വികസന കോർപറേഷനാണ് പാരുകൾ നിർമിച്ച് നൽകുന്നത്. പദ്ധതിയുടെ മൂലധനവും ലാഭവും വിലയിരുത്തിയശേഷം കേരളത്തിലെ മറ്റ് തീരദേശ ജില്ലകളിലും കൃത്രിമ പാരുകൾ സ്ഥാപിച്ച് മത്സ്യലഭ്യത ഉറപ്പുവരുത്താനാണ് ഫിഷറീസ് വകുപ്പ് ആലോചിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.