ബേപ്പൂർ തുറമുഖത്ത് വലിയ കപ്പലുകൾ അടുപ്പിക്കാൻ ശ്രമം
text_fieldsബേപ്പൂർ: വലിയ കപ്പലുകൾ ബേപ്പൂർ തുറമുഖത്ത് അടുപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. കപ്പൽചാലിലെ ആഴം ഏഴു മീറ്ററാക്കി നിലനിർത്തുന്നതിനുവേണ്ടി ചളിയും മണ്ണും നീക്കാൻ ഡ്രഡ്ജർ എത്തിക്കുന്നതിനുള്ള ശ്രമമാണ് ആരംഭിച്ചത്. ഇതിനായി തുറമുഖ വകുപ്പിന്റെ അധീനതയിൽ കണ്ണൂർ അഴീക്കൽ തുറമുഖത്ത് പ്രവർത്തിക്കുന്ന 'ചന്ദ്രഗിരി' ഡ്രഡ്ജറിനെ ബേപ്പൂരിൽ എത്തിക്കും. വാർഫ് ബേസിനിലും കപ്പൽചാലിലും അടിഞ്ഞുകൂടുന്ന ചളിയും മണലും യഥാസമയം നീക്കി, വലിയ കപ്പലുകളടക്കം, മുഴുവൻ യാനങ്ങൾക്കും യാത്രാസൗകര്യം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.
കഴിഞ്ഞ മാസം, കേരള മാരിടൈം ബോർഡ് 62 ലക്ഷം രൂപ ചെലവിൽ കപ്പൽചാലിലെ ആഴം നാലു മീറ്ററാക്കി വർധിപ്പിച്ചിരുന്നു. ഇതോടെ, ചെറിയതരം കപ്പലുകൾക്കും കണ്ടെയ്നർ കപ്പലുകൾക്കും ലക്ഷദ്വീപുകളിലേക്കുള്ള ചെറിയ യാത്രക്കപ്പലുകൾക്കും ഉരുക്കൾക്കും ബാർജുകൾക്കും അനായാസം തുറമുഖത്തെത്താനും വാർഫിൽ നങ്കൂരമിടാനും സാധിക്കും.
എന്നാൽ, വലിയ കപ്പലുകൾ കൂടുതൽ കണ്ടെയ്നറുകൾ കയറ്റിയ വലിയ കാർഗോ കപ്പലുകൾ അന്താരാഷ്ട്ര വിനോദ സഞ്ചാരികളുമായി യാത്രചെയ്യുന്ന ക്രൂസ് കപ്പലുകൾ, ഭക്ഷ്യ എണ്ണകൾ കയറ്റിവരുന്ന എഡിബ്ൾ ഓയിൽ ടാങ്കറുകൾ തുടങ്ങിയവക്ക് അഴിമുഖം കടന്ന് തുറമുഖത്ത് നങ്കൂരമിടണമെങ്കിൽ, കപ്പൽചാലിന് ചുരുങ്ങിയത് ഏഴു മീറ്ററെങ്കിലും ആഴം അത്യാവശ്യമാണ് . ഒമ്പത് മീറ്റർ വരെ ആഴത്തിലുള്ള മണലും ചളിയും നീക്കി അത്യാധുനിക സംവിധാനങ്ങൾ 'ചന്ദ്രഗിരി' ഡ്രഡ്ജറിൽ ഉണ്ട്.
ഡ്രഡ്ജറിന്റെ സഹായത്തോടെ കപ്പൽചാലിന്റെ ആഴം ഏഴു മീറ്ററാക്കി വർധിപ്പിച്ച് എല്ലാതരം വലിയ കപ്പലുകൾക്കും തുറമുഖത്തേക്ക് പ്രവേശനം ഒരുക്കാൻ ബേപ്പൂർ പോർട്ട് ഓഫിസറുടെ നേതൃത്വത്തിൽ പദ്ധതികൾ തയാറാക്കി വരുകയാണ് . കപ്പൽചാലിൽനിന്നു കുഴിച്ചെടുക്കുന്ന മണൽ, പൈപ്പ് ഉപയോഗിച്ച് ബേപ്പൂരിലെയും ചാലിയത്തെയും അഴിമുഖ പ്രദേശങ്ങളിലെ തീരങ്ങളിൽ പുറംതള്ളാനാണ് പദ്ധതി . 2012ൽ തുറമുഖ വകുപ്പിന്റെ ഭാഗമായി എത്തിയ ചന്ദ്രഗിരി ഡ്രഡ്ജർ കഴിഞ്ഞ പത്തു വർഷവും അഴീക്കൽ തുറമുഖത്താണ് പ്രവർത്തിക്കുന്നത്. രണ്ട് താൽക്കാലിക ജീവനക്കാർ മാത്രമാണ് കപ്പലിൽ ഇപ്പോഴുള്ളത്. കപ്പലിൽ സ്ഥിരമായി ഒരു ക്രൂവിനെയും ആവശ്യത്തിന് ജീവനക്കാരെയും നിയമിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായാൽ ഡ്രഡ്ജറിനെ ബേപ്പൂർ തുറമുഖത്തേക്ക് കൊണ്ടുവരും.
മറൈൻ ഹൈഡ്രോഗ്രാഫിക് എൻജിനീയറിങ് വിഭാഗം നടത്തിയ സർവേയിൽ ബേപ്പൂർ തുറമുഖ പരിധിയിൽ കടലിനടിയിൽ പലഭാഗങ്ങളിലായി നിരവധി ചെങ്കൽ പാറകൾ ഉള്ളതായി കണ്ടെത്തിയിരുന്നു. ഇവ പൊടിച്ചുകളയണമെങ്കിൽ റോട്ടറി ഡയമണ്ട് കട്ടർ, റിവോൾവിങ് റോക്ക് കട്ടർ തുടങ്ങിയ ആധുനിക സംവിധാനങ്ങളുള്ള 'കട്ടർ സ്പെഷൽ' ഡ്രഡ്ജറുകൾക്ക് മാത്രമാണ് സാധിക്കുക. നിലവിൽ ബേപ്പൂരിൽ എത്തിക്കാൻ ശ്രമിക്കുന്ന 'ചന്ദ്രഗിരി' ഡ്രഡ്ജറിന് ഇത്തരം സംവിധാനങ്ങളില്ലാത്തതിനാൽ, അത്യാധുനിക സംവിധാനങ്ങളുള്ള സ്വകാര്യ ഡ്രഡ്ജറുകളുടെ സഹായവും തേടേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.