ബേപ്പൂരിൽ ഹോട്ടൽ ഉടമക്കുനേരേ വധശ്രമം: പ്രതി പിടിയിൽ
text_fieldsബേപ്പൂർ: ഹോട്ടൽ ഉടമക്കു നേരേ വധശ്രമം നടത്തിയ പ്രതിയെ ബേപ്പൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ബേപ്പൂർ ബസ് സ്റ്റാൻഡിന് എതിർവശം നാഷനൽ ബിരിയാണി സെന്റർ ഉടമ ബേപ്പൂർ സ്വദേശിയും ഫാറൂഖ് കോളജിന് സമീപത്ത് താമസക്കാരനുമായ ആലുങ്ങൽ താഴെത്തൊടി അഷ്റഫി(52)നുനേരേയാണ് വധശ്രമം നടന്നത്. തിങ്കളാഴ്ച രാത്രി പത്തോടെയാണ് സംഭവം.
ഹോട്ടലിലെ ക്യാഷ് കൗണ്ടറിന് സമീപം വെച്ച് പ്രതി ഇയാളെ നിരവധി തവണ കത്തികൊണ്ട് കുത്തുകയായിരുന്നു. രക്തം വാർന്നു കിടന്ന ഇദ്ദേഹത്തെ ബേപ്പൂർ പൊലീസെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. മാങ്കാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതിന് ശേഷം അടിയന്തര ശസ്ത്രക്രിയ നടത്തി. കരളിന് പരിക്കേറ്റ ഇയാൾ അപകടനില തരണം ചെയ്തതായി ബന്ധുക്കൾ അറിയിച്ചു. കടയിലുണ്ടായിരുന്ന രണ്ട് ജോലിക്കാരെയും ഇയാൾ കത്തിവീശി ഭയപ്പെടുത്തി. ബേപ്പൂർ പുലിമുട്ട് സ്വദേശിയും കൊലപാതകമടക്കം നിരവധി മയക്കുമരുന്ന് ക്രിമിനൽ കേസുകളിൽ പ്രതിയുമായ ചെറുപുരക്കൽ അബ്ദുൽ ഗഫൂറാണ് (50) അറസ്റ്റിലായത്.
മുമ്പും മുൻവൈരാഗ്യത്താൽ പ്രതി ഇതേ ഹോട്ടലിൽ വന്ന് അഷ്റഫിനെ ആക്രമിച്ചിട്ടുണ്ട്. ആക്രമണത്തിനുശേഷം രക്ഷപ്പെട്ട പ്രതിക്കു വേണ്ടി ബേപ്പൂർ സ്റ്റേഷൻ ഇൻസ്പെക്ടർ വി. സിജിത്തിന്റെ നേതൃത്വത്തിൽ രാത്രിതന്നെ ഊർജിതമായ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ചൊവ്വാഴ്ച രാവിലെ പ്രതി ബേപ്പൂർ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു. ഇയാൾ നിരവധിതവണ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഫോറൻസിക് വിദഗ്ധർ സംഭവസ്ഥലമായ ഹോട്ടലിലെത്തി തെളിവുകൾ ശേഖരിച്ചു. ബേപ്പൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.