നിരോധിത ചെറുമത്സ്യങ്ങൾ മാർക്കറ്റിൽ സുലഭം
text_fieldsബേപ്പൂർ: മത്സ്യസമ്പത്ത് നശിക്കാതിരിക്കാൻ ഫിഷറീസ് വകുപ്പ് നിരോധിച്ച ചെറുമത്സ്യങ്ങൾ മാർക്കറ്റിൽ സുലഭം. കുഞ്ഞൻ മത്തി, കുഞ്ഞൻ അയില, ചെറിയ മുള്ളൻ, ചെറിയ മാന്തൾ, നിശ്ചിത വലുപ്പമെത്താത്ത ചൂട, വരിമീൻ കുഞ്ഞുങ്ങൾ എന്നിവയാണ് ജില്ലയിലെ മത്സ്യ ചന്തകളിൽ യഥേഷ്ടം ലഭിക്കുന്നത്. മത്സ്യ സമ്പത്ത് വർധിക്കുന്നതിനും പോഷകമൂല്യമുള്ള മത്സ്യങ്ങളുടെ വംശവർധനക്കും അതുവഴി മത്സ്യത്തൊഴിലാളികളുടെ വരുമാനമാർഗം ഉറപ്പാക്കുന്നതിനുമാണ് ചെറുമത്സ്യങ്ങളെ പിടിക്കുന്നതും വിൽപന നടത്തുന്നതും സർക്കാർ നിരോധിച്ചത്. കണ്ണി അടുപ്പമുള്ള നിരോധിത വലകൾ ഉപയോഗിച്ച് മത്സ്യക്കുഞ്ഞുങ്ങളെ കൂട്ടത്തോടെ പിടിക്കുന്നത് മത്സ്യസമ്പത്തിനും മത്സ്യത്തൊഴിലാളികൾക്കും വൻ ഭീഷണിയാണ്.
കേരള കടൽ മത്സ്യബന്ധന നിയന്ത്രണ നിയമത്തിന്റെ ഭാഗമായി 58 ഇനം വാണിജ്യ പ്രാധാന്യമുള്ള മത്സ്യങ്ങളെ പിടികൂടുന്നതിന് വലുപ്പത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മത്തി 10 സെ.മീ, മാന്തൾ 9 സെ.മീ, പൂവാലൻ 6, അയില 14, കോര 12, കരിക്കാടി 7, ചൂര 31 സെ.മീ. എന്നിങ്ങനെ നിശ്ചിത വലുപ്പമെത്താത്ത മത്സ്യ കുഞ്ഞുങ്ങളെ പിടിക്കരുതെന്നാണ് നിയമം. എന്നാൽ 10 സെന്റിമീറ്ററിൽ താഴെയുള്ള കുഞ്ഞൻ അയില, കുഞ്ഞൻ മത്തി തുടങ്ങിയ ചെറുമത്സ്യങ്ങൾ വ്യാപകമായി വിൽപന നടത്തുന്നുണ്ട്.
രണ്ട് ബോട്ടുകൾ ചേർന്ന് ഇരട്ടവല ഉപയോഗിച്ചുള്ള പെയർ ട്രോളിങ്ങിലൂടെയാണ് ചെറുമീനുകളെ അരിച്ചെടുക്കുന്നത്. അനധികൃത മീൻപിടിത്തത്തിലൂടെ കോടികളുടെ മത്സ്യസമ്പത്താണ് നശിപ്പിക്കപ്പെടുന്നത്. തെക്കൻ ജില്ലകളിൽ മത്സ്യത്തൊഴിലാളി മേഖല ഇരട്ട വല മീൻപിടിത്തം ഉപേക്ഷിക്കാൻ സംയുക്തമായി തീരുമാനിച്ചതോടെ, ബേപ്പൂർ, പുതിയാപ്പ, കൊയിലാണ്ടി ഹാർബറുകൾ കേന്ദ്രീകരിച്ചാണ് ഇരട്ട വല മീൻപിടിത്തം വ്യാപകമായി തുടരുന്നത്. കടൽക്കൊള്ളയിലൂടെ പിടിച്ചെടുത്ത ചെറുമത്സ്യങ്ങൾ കാലിത്തീറ്റ നിർമാണ കമ്പനികളിലേക്ക് കയറ്റിയയച്ച് കോടികളാണ് സമ്പാദിക്കുന്നത്.
മത്സ്യമേഖലയെ പാടെ തകർക്കുന്ന പ്രവൃത്തികളിൽനിന്ന് തൊഴിലാളികളും വിൽപനക്കാരും മാറിനിൽക്കണമെന്ന ഫിഷറീസ് വകുപ്പിന്റെ കർശന നിർദേശം പാടെ അവഗണിക്കുന്നു. നിർദേശങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്തി രജിസ്ട്രേഷനും ലൈസൻസും റദ്ദാക്കേണ്ടതും ഇത്തരം മത്സ്യം വാങ്ങുന്നവർക്കെതിരെയും മത്സ്യം കൊണ്ടുപോകുന്ന വാഹനങ്ങൾക്കെതിരെയും കർശന നിയമനടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതും ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റും കോസ്റ്റൽ പൊലീസുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.