മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന ആവശ്യങ്ങൾ പരിഗണിക്കും -കേന്ദ്രമന്ത്രി
text_fieldsബേപ്പൂർ: മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന പ്രശ്നങ്ങൾക്ക് കേന്ദ്രം മതിയായ പരിഹാരം കാണുമെന്ന് കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രി പർഷോത്തം രൂപാല. ഇന്ത്യയിലെ തീരദേശ സംസ്ഥാനങ്ങളിലെ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കാനായി നടത്തുന്ന ‘സാഗർ പരികർമ യാത്ര’യുടെ ഭാഗമായി വെള്ളിയാഴ്ച ബേപ്പൂർ മത്സ്യബന്ധന തുറമുഖത്ത് സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര ഫിഷറീസ് വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർക്കൊപ്പമാണ് മന്ത്രി യാത്ര നടത്തുന്നത്. സെൻട്രൽ ഫിഷറീസ് ഏജൻസികളായ സി.എം.എഫ്.ആർ.ഐ, എം.പി.ഇ.ഡി.എ, ഫിഷറീസ് യൂനിവേഴ്സിറ്റി, കേന്ദ്ര സുരക്ഷ ഏജൻസികളായ ഇന്ത്യൻ കോസ്റ്റ് ഗാർഡ്, ഇന്ത്യൻ നേവി എന്നിവയുടെയടക്കം പങ്കാളിത്തത്തോടെയാണ് യാത്ര നടക്കുന്നത്. കേന്ദ്ര സർക്കാറിന്റെ വിവിധ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ മത്സ്യത്തൊഴിലാളികളോട് വിശദീകരിക്കുകയും അവരുമായി സംവദിക്കുകയുമാണ് യാത്രയുടെ ലക്ഷ്യം.
2022 മാർച്ച് അഞ്ചിന് ഗുജറാത്തിൽ നിന്നാരംഭിച്ച യാത്ര ഇതിനകം ആറു ഘട്ടങ്ങളിലായി പടിഞ്ഞാറൻ സംസ്ഥാനങ്ങളായ ഗുജറാത്ത്, ദാമൻ-ദിയു, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിലെ തീരദേശ സന്ദർശനം പൂർത്തിയാക്കി. ഏഴാം ഘട്ടത്തിന്റെ ഭാഗമായാണ് അഞ്ചു ദിവസം നീളുന്ന കേരളത്തിലെയും ലക്ഷദ്വീപിലെയും തിരഞ്ഞെടുത്ത തീരപ്രദേശങ്ങളിൽ സന്ദർശനം നടത്തുന്നത്.
സ്വീകരണ പരിപാടിയിൽ മന്ത്രിമാരായ സജി ചെറിയാനും പി.എ. മുഹമ്മദ് റിയാസും സംസാരിച്ചു. ജില്ല കലക്ടർ എ. ഗീത, കൗൺസിലർമാരായ എം. ഗിരിജ, രജനി തോട്ടുങ്ങൽ, കൊല്ലാരത്ത് സുരേശൻ, വാടിയിൽ നവാസ്, സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂനിയൻ ജില്ല സെക്രട്ടറി എം.പി. അബ്ദുമോൻ, ഭാരതീയ മത്സ്യപ്രവർത്തക സംഘം ജില്ല പ്രസിഡന്റ് എ. കരുണാകരൻ, എ.ഐ.ടി.യു.സി മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജില്ല ട്രഷറർ കെ.പി. ഹുസൈൻ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.