ബേപ്പൂർ-യു.എ.ഇ കപ്പൽ സർവിസ് എം.ഡി.സി സംഘം ദുബൈയിൽ
text_fieldsബേപ്പൂർ: പ്രവാസികൾക്ക് കുറഞ്ഞ ചെലവിൽ കേരളത്തിലെത്തുന്നതിന് കപ്പൽ-വിമാന കമ്പനികളുമായി ചർച്ച നടത്താൻ മലബാർ ഡെവലപ്മെന്റ് കൗൺസിൽ ചെയർമാൻ സി.ഇ. ചാക്കുണ്ണിയുടെ നേതൃത്വത്തിലുള്ള സംഘം ദുബൈയിലെത്തി. സർക്കാർ ചുമതലപ്പെടുത്തിയാൽ യു.എ.ഇ-കേരള കപ്പൽ സർവിസ് ആരംഭിക്കാൻ തയാറാണെന്ന് കപ്പൽ സർവിസ് പ്രതിനിധി കരിം വെങ്കിടങ്ങ് അറിയിച്ചതായി സി.ഇ. ചാക്കുണ്ണി പറഞ്ഞു.
കേന്ദ്രസർക്കാർ അനുവദിച്ചാൽ വിമാന സർവിസ് ടിക്കറ്റ് നിരക്ക് കുറച്ച് ആരംഭിക്കാൻ തയാറാണെന്ന് ഫ്ലൈ ദുബൈ കമേഴ്സ്യൽ ഓപറേഷൻ സീനിയർ വൈസ് പ്രസിഡന്റ് സുധീർ ശ്രീധരനും അറിയിച്ചതായി അദ്ദേഹം പറഞ്ഞു. ആഘോഷ-അവധി വേളകളിൽ അമിത വിമാന നിരക്ക് നിയന്ത്രിക്കാൻ സാധ്യമല്ലെന്ന് യു.എ.ഇ വ്യോമയാന മന്ത്രാലയവും ഡി.ജി.സി.എയും മലബാർ ഡെവലപ്മെന്റ് കൗൺസിലിനെ രേഖാമൂലം അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സാധാരണക്കാർക്ക് താങ്ങാവുന്ന നിരക്കിൽ യാത്രക്ക് യു.എ.ഇ കേരള സെക്ടറിൽ ചാർട്ടേഡ് യാത്ര കപ്പൽ-വിമാന സർവിസ് എന്ന ആവശ്യം കേന്ദ്ര-കേരള സർക്കാറുകളുടെ മുന്നിൽ മലബാർ ഡെവലപ്മെന്റ് കൗൺസിൽ സമർപ്പിച്ചത്. കഴിഞ്ഞ ബജറ്റിൽ 15 കോടി രൂപയാണ് കേരള സർക്കാർ പ്രവാസികളുടെ യാത്രക്കായി അനുവദിച്ചത്. എം.ഡി.സിയുടെ നിർദേശത്തിന് അനുകൂല നിലപാടാണ് കേരള മുഖ്യമന്ത്രിയും സർക്കാറും സ്വീകരിച്ചത്.
തുറമുഖ മന്ത്രിയുടെ സാന്നിധ്യത്തിൽ നോർക്കയും കേരള മാരിടൈം ബോർഡും മലബാർ ഡെവലപ്മെന്റ് കൗൺസിലും കേരളത്തിൽ നടത്തിയ യോഗത്തിലാണ് പദ്ധതിയുമായി മുന്നോട്ടുപോകാൻ ഐകകണ്ഠ്യേന തീരുമാനമെടുത്തത്. തുടർപ്രവർത്തനങ്ങൾക്ക് വിമാന-കപ്പൽ കമ്പനി പ്രതിനിധികളും പ്രമുഖ ഓപറേറ്റർമാരും പ്രവാസി സംഘടനകളുമായി ചർച്ച ചെയ്യാനാണ് എം.ഡി.സി പ്രതിനിധിസംഘം ദുബൈയിൽ എത്തിയത്. 2001ൽ ദുബൈ-കേരള സെക്ടറിൽ രണ്ടുതവണ ചാർട്ടർ കപ്പൽ സർവിസ് നടത്തി വിജയിപ്പിച്ച കരീം വെങ്ങിടങ്ങുമായാണ് ഭാരവാഹികൾ ആദ്യ കൂടിക്കാഴ്ച നടത്തിയത്.
എം.ഡി.സി പ്രസിഡന്റ് ഷെവലിയാർ സി.ഇ. ചാക്കുണ്ണി, വൈസ് പ്രസിഡന്റ് ജോബ് കൊള്ളന്നൂർ, യു.എ.ഇ റീജ്യൻ വൈസ് പ്രസിഡന്റ് സി.എ. ബ്യൂട്ടി പ്രസാദ്, ജനറൽ സെക്രട്ടറി അഡ്വ. എം.കെ. അയ്യപ്പൻ, ഫ്ലോറ ഗ്രൂപ് സി.ഇ.ഒ മുഹമ്മദ് റാഫി എന്നിവരാണ് ചർച്ച നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.