ബേപ്പൂർ-ചാലിയം ജങ്കാർ സർവിസ് പുനരാരംഭിച്ചു
text_fieldsബേപ്പൂർ: നിർത്തിവെച്ച ബേപ്പൂർ-ചാലിയം ജങ്കാർ സർവിസ് വ്യാഴാഴ്ച പുനരാരംഭിച്ചു. ബേപ്പൂർ-ചാലിയം ഭാഗങ്ങളിൽ ജങ്കാർ അടുപ്പിക്കുന്ന ജെട്ടിയുടെ പുനർനിർമാണം നടത്തുന്നതിനുവേണ്ടിയാണ് ഈമാസം ഏഴു മുതൽ ജങ്കാർ സർവിസ് നിർത്തിവെച്ചത്. ഇരുകരകളിലും ജെട്ടിയുടെ നിർമാണം പൂർത്തീകരിച്ചതോടെ സർവിസ് സാധാരണപോലെ തുടരും. രാവിലെ ഏഴിന് ബേപ്പൂരിൽനിന്ന് സർവിസ് ആരംഭിച്ച് വൈകീട്ട് ഏഴിന് ബേപ്പൂരിൽനിന്ന് ചാലിയത്തേക്കുള്ള ട്രിപ്പോടെ സർവിസ് അവസാനിപ്പിക്കുന്ന രൂപത്തിലാണ് ക്രമീകരണം.
ബദൽസംവിധാനങ്ങൾ ഒരുക്കാതെ സർവിസ് നിർത്തിവെച്ചത് ജങ്കാറിനെ ആശ്രയിക്കുന്നവർക്ക് കടുത്ത പ്രയാസം സൃഷ്ടിച്ചിരുന്നു. കോഴിക്കോട് ടൗൺ, മാത്തോട്ടം, അരക്കിണർ, നടുവട്ടം, മാറാട്, ബേപ്പൂർ തുടങ്ങി ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലുള്ളവർക്ക് കരുവൻതിരുത്തി, ചാലിയം ചെട്ടിപ്പടി, താനൂർ തുടങ്ങിയ പ്രദേശങ്ങളിലേക്ക് എളുപ്പത്തിൽ എത്തിപ്പെടാനുള്ള മാർഗമാണ് ജങ്കാർ സർവിസ്. സാധാരണ ദിവസങ്ങളിൽ 500ൽപരം യാത്രക്കാരും നൂറോളം വാഹനങ്ങളും അവധി ദിവസങ്ങളിൽ ആയിരത്തിൽപരം ആളുകളും 250ഓളം വാഹനങ്ങളും ജങ്കാർ വഴി ഇരുഭാഗത്തേക്കുമായി യാത്ര ചെയ്യാറുണ്ടെന്നാണ് ഏകദേശ കണക്ക്. ജങ്കാർ നിർത്തിയപ്പോൾ ഇതുവഴിയുള്ള അന്തർസംസ്ഥാന വാഹനയാത്രക്കാർക്കും നാട്ടുകാർക്കും ഒന്നരമണിക്കൂറോളം സമയനഷ്ടം വരുത്തി, പത്തു കിലോമീറ്ററോളം ചുറ്റി ഫറോക്ക് വഴി അധികയാത്ര ചെയ്യേണ്ടിവന്നിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.