ബേപ്പൂർ തുറമുഖം: കണ്ടെയ്നർ കപ്പൽ സർവിസ് നിർത്തി
text_fieldsബേപ്പൂർ: ബേപ്പൂർ തുറമുഖത്തുനിന്ന് ഏറെ വികസന പ്രതീക്ഷയോടെ ആരംഭിച്ച കണ്ടെയ്നർ കപ്പൽ സർവിസ്, കപ്പൽ കമ്പനിക്കാർ താൽക്കാലികമായി നിർത്തിവെച്ചു. കുറഞ്ഞ ചെലവിൽ ജലഗതാഗത ചരക്കുനീക്കം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച കപ്പൽ ചരക്കുകടത്താണ് ഒമ്പതു മാസം തികയും മുമ്പേ നിർത്തിയത്.
ബേപ്പൂർ, അഴീക്കൽ, കൊച്ചി, കൊല്ലം തുറമുഖങ്ങളെ ബന്ധിപ്പിച്ച് ആരംഭിച്ച 'ഗ്രീൻ ഫ്രൈറ്റ് കോറിഡോർ-2'എന്ന പേരിൽ തുടക്കമിട്ട സർവിസാണിത്. തുറമുഖത്ത് ഏറെക്കാലം ഉപയോഗിക്കാതിരുന്ന കണ്ടെയ്നർ ഹാൻഡ് ലിങ് ക്രെയ്നും, റീച്ച് സ്റ്റേക്കറും അടിയന്തരമായി ലക്ഷങ്ങൾ ചെലവിട്ട് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയാണ് കണ്ടെയ്നർ കപ്പൽ സർവിസിനെ വരവേൽക്കാൻ തുറമുഖം ഒരുങ്ങിയത്.
രാജ്യത്തെ മുൻനിര കപ്പൽ കമ്പനിയായ ജെ.എം.ബക്സി ഗ്രൂപ്പിന്റെ 'ചൗഗുളേ 8' കപ്പലിന്റെ കേരള സർവിസ് വലിയ ആഘോഷങ്ങളോടെ ജൂലൈ ആദ്യവാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഫ്ലാഗ് ഓഫ് ചെയ്തത്. ചരക്കുനീക്കത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ തുറമുഖങ്ങളിൽ ഒരുക്കാത്തതും, ഇൻസെന്റിവ് കുടിശ്ശിക ഒരു കോടി രൂപ കടന്നിട്ടും തുക അനുവദിക്കാത്തതുമാണു സർവിസ് അവസാനിപ്പിക്കാൻ കാരണമെന്നാണു കപ്പൽ കമ്പനിയുമായി ബന്ധപ്പെട്ടവർ പറയുന്നത്.
20 അടി നീളമുള്ള 106 കണ്ടെയ്നറുകൾ വഹിക്കാൻ ശേഷിയുള്ള കപ്പലാണു 'ചൗഗുളേ 8'. ബേപ്പൂരിലെയും, കണ്ണൂർ അഴീക്കലിലെയും കപ്പൽച്ചാലുകൾക്ക് ആഴമില്ലാത്തതിനാൽ ഇത്രയും കണ്ടെയ്നറുകൾ കയറ്റാൻ സാധിച്ചിരുന്നില്ല. കപ്പൽച്ചാലിന്റെ ആഴക്കുറവിനാൽ വേലിയേറ്റത്തിൽ ജലനിരപ്പ് ഉയരുന്നതുവരെ പുറംകടലിൽ കാത്തുകിടക്കണം. ഇതു കാരണം, ലക്ഷക്കണക്കിനു രൂപയുടെ ഇന്ധനനഷ്ടവും സമയനഷ്ടവുമാണ് ഓരോ സർവിസിലും കപ്പൽ കമ്പനിക്ക് ഉണ്ടായത്.
സംസ്ഥാനതീരത്തുനിന്നും മാരിടൈം ബോർഡ് ആരംഭിച്ച ചരക്കു സർവിസിൽ, ഒമ്പതു മാസംകൊണ്ട് കേരളത്തിലെ ചെറുകിട തുറമുഖങ്ങളെ മേജർ തുറമുഖമായ കൊച്ചിയുമായി ബന്ധിപ്പിച്ചു നടത്തിയ 43 സർവിസുകളിലായി 3,330 കണ്ടെയ്നറുകൾ ഈ കപ്പൽ ഇതിനകം കൈകാര്യം ചെയ്തു.
കേന്ദ്ര സർക്കാറിന്റെ 'സാഗർമാല' പദ്ധതിയിൽ പെടുത്തി ബേപ്പൂർ തുറമുഖം വികസിപ്പിക്കുമെന്നു കഴിഞ്ഞ വർഷത്തെ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചിരുന്നെങ്കിലും നടന്നില്ല. മാസത്തിൽ നാലായിരത്തോളം കണ്ടെയ്നറുകളാണ് കൊച്ചി വല്ലാർപാടം തുറമുഖത്തുനിന്ന് മലബാറിന്റെ വിവിധ ഭാഗങ്ങളിലേക്ക് റോഡുമാർഗം എത്തിക്കുന്നത്. ബേപ്പൂരിൽനിന്നുള്ള കണ്ടെയ്നർ കപ്പൽ സർവിസ് നിർത്തിയത് മലബാറിന്റെ വികസന സ്വപ്നങ്ങൾക്ക് കടുത്ത തിരിച്ചടിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.