ബേപ്പൂർ തുറമുഖ വികസനത്തിന് മാസ്റ്റർ പ്ലാനുണ്ടാക്കും –മന്ത്രി റിയാസ്
text_fieldsകോഴിക്കോട്: ബേപ്പൂർ തുറമുഖത്തിന്റെ സമഗ്ര വികസനത്തിന് മാസ്റ്റർ പ്ലാനുണ്ടാക്കുമെന്നും ആഴം ആറു മീറ്ററാക്കുന്നതിന് 60 കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്ന് ഗവർണറുടെ നയപ്രഖ്യാപനത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും പൊതുമരാമത്ത് -ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്.
കാലിക്കറ്റ് പ്രസ് ക്ലബിന്റെ മുഖാമുഖം പടിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബേപ്പൂരിന്റെ വികസനം മലബാറിന്റെ മൊത്തം വികസനമാണ്. ഇവിടെ വലിയ ചരക്കുകപ്പൽ വരാൻ ഇടപെടും. തുറമുഖ മന്ത്രികൂടി ജില്ലയിൽനിന്നുള്ള ആളായതിനാൽ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലക്ഷദ്വീപിെൻറ പ്രധാന കവാടങ്ങളിലൊന്നു കൂടിയാണ് ബേപ്പൂർ. ദ്വീപ് ജനതക്കുകൂടി ഉപകാരപ്രദമാവുന്ന തരത്തിൽ ലക്ഷദ്വീനെയും ബേപ്പൂരിനെയും ബന്ധപ്പെടുത്തിയുള്ള ടൂറിസം പദ്ധതികളും നടപ്പാക്കും. കോഴിക്കോട്ട് കെ.ടി.ഡി.സിയുടെ പുതിയ ഹോട്ടൽ നിർമിക്കുന്നതടക്കം പരിഗണനയിലുണ്ട്.
ഇക്കാര്യത്തിൽ ഉദ്യോഗസ്ഥ തലത്തിൽ ചർച്ച നടന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മാരകം ഈ സർക്കാറിെൻറ കാലത്ത് ഉയരും. ഇക്കാര്യത്തിൽ കാലതാമസമുണ്ടാവില്ല. മാനാഞ്ചിറ -വെള്ളിമാട്കുന്ന് റോഡ് വികസനവുമായി ബന്ധപ്പെട്ട തടസ്സങ്ങളെല്ലാം നീക്കും. ഇക്കാര്യം സ്ഥലം എം.എൽ.എ തോട്ടത്തിൽ രവീന്ദ്രനുമായി സംസാരിച്ചതായും മന്ത്രി ചാേദ്യത്തിന് മറുപടി നൽകി. പ്രസ് ക്ലബ് പ്രസിഡൻറ് എം. ഫിറോസ്ഖാൻ അധ്യക്ഷതവഹിച്ചു. സെക്രട്ടറി പി.എസ്. രാഗേഷ് സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.