വികസനപ്രതീക്ഷയിൽ ബേപ്പൂർ തുറമുഖം
text_fieldsബേപ്പൂർ: മലബാറിലെ പ്രധാന തുറമുഖമായ ബേപ്പൂർ വികസനപ്രതീക്ഷയിൽ. വിവിധ പദ്ധതികളാണ് തുറമുഖവുമായി ബന്ധപ്പെട്ട് ആവിഷ്കരിച്ചത്. ഇതിനായി 430 കോടിയോളം രൂപ ആവശ്യപ്പെടുകയും ചെയ്തു. വാർഫിലെ സ്ഥലപരിമിതി കാരണം, ഇവിടെയെത്തുന്ന കണ്ടെയ്നർ കപ്പലുകൾ, യാത്രാ കപ്പലുകൾ, ബാർജ്, ഉരു എന്നിവയെ മുഴുവന്‍ ഉൾക്കൊള്ളാനുള്ള സൗകര്യം നിലവിലില്ല. വാര്ഫിെൻറ നീളം കുറവായതിനാല്‍ ലക്ഷദ്വീപിലെ ചരക്കുകളുമായി എത്തുന്ന ഉരുക്കൾ മൂന്നും നാലും ദിവസം അകലെ നങ്കൂരമിട്ടതിനുശേഷമാണ് തുറമുഖത്തേക്ക് അടുപ്പിക്കുന്നത്. വാർഫിെൻറ നീളക്കുറവും നദീമുഖത്തെ ആഴക്കുറവും തുറമുഖത്ത് സുഗമമായി കപ്പലടുക്കുന്നതിന് വെല്ലുവിളിയാണ്. വാർഫ് 200 മീറ്റർ കൂടി പടിഞ്ഞാറ് ഭാഗത്തേക്ക് നീട്ടുന്നതിനാണ് ആലോചന.
ഇപ്പോഴത്തെ വാർഫിെൻറ പടിഞ്ഞാറേ അറ്റം മുതൽ നിലവിലെ ജങ്കാർ ജെട്ടിയുൾപ്പെടുന്ന പുലിമുട്ട് ബീച്ച് ഭാഗത്തേക്ക് 200 മീറ്റർ വീതിയിൽ പുതിയ വാർഫ് നിർമിക്കാനാണ് ആലോചിക്കുന്നത്. കടലും പുഴയുമായി ബന്ധപ്പെട്ട പ്രത്യേകയിടമായതിനാൽ, കടലിൽനിന്ന് പുഴയിലേക്കുള്ള ജലപ്രവാഹവും തിരയടിയും മറ്റു സാങ്കേതിക വശങ്ങളും വിശദമായി പരിശോധിക്കേണ്ടതുണ്ട്.
മലബാറിലേക്ക് എത്തിക്കേണ്ട ചരക്കുകളുടെ 60 ശതമാനവും നിലവില്‍ കൊച്ചി തുറമുഖത്താണ് എത്തിക്കുന്നത്. അടിസ്ഥാന സൗകര്യവികസനത്തിനൊപ്പം വാര്‍ഫ് ബേസിെൻറ ആഴം കൂട്ടിയാല്‍ കൂടുതല്‍ കപ്പലുകള്‍ ബേപ്പൂര്‍ തുറമുഖത്തെത്തിക്കാനും അതുവഴി തുറമുഖത്തിെൻറ വരുമാനം കൂട്ടാനും കഴിയും. ഒരു വർഷം 1.25 ലക്ഷം ടൺ കാർഗോയും 10,000ത്തിലധികം യാത്രക്കാരും ബേപ്പൂർ തുറമുഖത്തുനിന്ന് ലക്ഷദ്വീപിൽ എത്തുന്നുണ്ട്.
കേന്ദ്രസർക്കാറിെൻറ 'സാഗർമാല' പദ്ധതിയിൽ ഉൾപ്പെടുത്തി വികസനം വേഗത്തിലാക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. കേന്ദ്ര തുറമുഖ ഷിപ്പിങ് ജലഗതാഗത മന്ത്രി സർബാനന്ദ സോണോവലുമായി സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഇതിനകം ചർച്ച നടത്തി. 430 കോടി രൂപയാണ് അടിയന്തരമായി പദ്ധതിക്ക് ആവശ്യപ്പെട്ടത്. അടിസ്ഥാന സൗകര്യവികസനത്തിന് 10 കോടി, റോഡ് നെറ്റ്വർക്കിന് 200 കോടി, റെയിൽ കണക്ടിവിറ്റിക്കായി 50 കോടി, കണ്ടെയ്നർ ഹാൻഡ്ലിങ് വാർഫിനും അനുബന്ധ സൗകര്യങ്ങൾക്കുമായി 80 കോടി, ഡ്രെഡ്ജിങ്ങിന് 80 കോടി, അധിക വാർഫ് വികസനത്തിനായി 10 കോടി രൂപവീതം അനുവദിക്കണമെന്നാണ് ആവശ്യം. അന്താരാഷ്ട്ര നിലവാരത്തിൽ ബേപ്പൂർ തുറമുഖം വികസിക്കുന്നതോടെ കോഴിക്കോട് നഗരത്തിന് മാത്രമല്ല, മലബാറിെൻറ സമഗ്ര വികസനത്തിനുതന്നെ സാധ്യതയേറും.
തദ്ദേശസ്ഥാപനങ്ങളെ കൂട്ടിയിണക്കിയുള്ള ബേപ്പൂർ മാതൃകാ ഉത്തരവാദിത്ത ടൂറിസം, ഫിഷിങ് ഹാർബർ വികസനം, ചാലിയം ഫിഷ് ലാൻഡിങ് സെൻറർ, ബഷീർ സ്മാരകം ഉൾപ്പെടുന്ന മലബാർ ലിറ്റററി സർക്യൂട്ട് ഉൾപ്പെടെയുള്ള വികസന പദ്ധതികളും പരിഗണനയിലാണ്.
സംയോജിത വികസനത്തിന് വേണ്ടി പദ്ധതിയെ 'തുറമുഖവും അനുബന്ധ വികസനവും', 'ഹാര്‍ബറും അനുബന്ധ വികസനവും','ഉത്തരവാദിത്ത ടൂറിസം', 'കമ്യൂണിറ്റി വികസനപദ്ധതി' എന്നീ നാല് മേഖലകളായി തരംതിരിച്ചിട്ടുണ്ട്. തുറമുഖ അനുബന്ധ വികസനത്തില്‍ തുറമുഖ വികസനം, ഡ്രെഡ്ജിങ്, സമുദ്ര പരിശീലന സ്ഥാപനം എന്നിവയും റോഡ് വീതികൂട്ടല്‍, റെയില്‍ കണക്ടിവിറ്റി, കണ്ടെയ്നര്‍ ടെര്‍മിനല്‍ തുടങ്ങിയവ ഇതിെൻറ ഭാഗമാകും.
തുറമുഖ വികസനത്തിൽ ഏറ്റവും പ്രധാന ഘടകമായ വാർഫ് നീളം കൂട്ടൽ, ഗോഡൗണുകൾ നിർമിക്കൽ തുടങ്ങിയ പദ്ധതികൾ നടപ്പാക്കുന്നതിന് സർക്കാർ ഏറ്റെടുത്ത തുറമുഖത്തിനോട് ചേർന്നുകിടക്കുന്ന കോവിലകം ഭൂമിയായ 3.83 ഏക്കർ തുറമുഖ വകുപ്പിന് കൈമാറുന്നതിനുള്ള താമസം നീക്കേണ്ടതുണ്ട്. വർഷങ്ങൾക്കുമുമ്പ് കേരള ഷിപ് ബ്രേക്കിങ് യൂനിറ്റിന് (സിൽക്ക്) ലീസിന് നൽകിയ നാലര ഏക്കറോളം വരുന്ന ഭൂമി, കാലാവധി കഴിഞ്ഞിട്ടും തിരിച്ചുകിട്ടിയിട്ടില്ല.
തുറമുഖം സിൽക്കിന് നൽകിയ ഭൂമി തിരിച്ചുലഭിച്ചാൽ അടിസ്ഥാനസൗകര്യങ്ങളുടെ കുറവ് പരിഹരിക്കാൻ സാധിക്കും.ഭൂമി തുറമുഖ വകുപ്പിന് കൈമാറേണ്ടത് റവന്യൂ വകുപ്പാണ്. തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ ബേപ്പൂർ തുറമുഖത്തിെൻറ വികസനകാര്യത്തിന് പ്രത്യേക ഊന്നൽ നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
തുറമുഖത്ത് ഇൻറർനാഷനൽ ഷിപ്സ് ആൻഡ് പോർട്ട് സെക്യൂരിറ്റി കോഡിന് (ഐ.എസ്.പി.എസ്) കീഴിലാക്കുന്നതിെൻറ ഭാഗമായുള്ള പാസഞ്ചർ സെക്യൂരിറ്റി പരിശോധന കേന്ദ്രവും മറ്റും നേരത്തെ സജ്ജമാണ്. ഇതിനു പുറമെ വെസൽ ട്രാഫിക് മോണിറ്ററിങ് സിസ്റ്റം (വി.ടി.എം.എസ്) കൂടി പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.
കപ്പൽമാർഗമുള്ള ചരക്കു കയറ്റിറക്കിന് സർക്കാർ ഇളവ് അനുവദിച്ചത് മലബാറിലെ വാണിജ്യ വ്യവസായ മേഖലക്ക് ഏറെ ഗുണകരമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.