ബേപ്പൂർ-യു.എ.ഇ കപ്പൽ സർവിസ്: നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം
text_fieldsബേപ്പൂർ: യു.എ.ഇയിൽനിന്ന് കൊച്ചി വഴി ബേപ്പൂർ തുറമുഖത്തേക്കുള്ള യാത്രക്കപ്പൽ സർവിസിന്റെ നടപടികൾ ത്വരിതപ്പെടുത്താൻ മുഖ്യമന്ത്രി നിർദേശം നൽകി. മലബാർ ഡെവലപ്മെന്റ് കൗൺസിൽ പ്രതിനിധി സംഘം ദുബൈ-കേരള സെക്ടറിൽ ചാർട്ടേഡ് യാത്രക്കപ്പലും വിമാന സർവിസും ആരംഭിക്കുന്നതിന്റെ ആവശ്യകതയും സാധ്യതയും ഉൾപ്പെടുത്തി തയാറാക്കിയ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കഴിഞ്ഞ ദിവസം നൽകിയിരുന്നു. കാലതാമസമില്ലാതെ നടപടി സ്വീകരിക്കാൻ തുറമുഖ വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് എം.ഡി.സി പ്രതിനിധികളെ അറിയിച്ചു.
സാധാരണക്കാരായ പ്രവാസികളിൽനിന്ന് വിമാന കമ്പനികൾ ആഘോഷ-അവധി വേളകളിൽ നീതീകരിക്കാനാവാത്ത ഭീമമായ ടിക്കറ്റ് നിരക്കാണ് ഈടാക്കുന്നത്. ഇത് നിയന്ത്രിക്കാൻ സാധ്യമല്ലെന്ന് വ്യോമയാന വകുപ്പും പ്രധാനമന്ത്രിയും അറിയിച്ച സാഹചര്യത്തിലാണ് കപ്പൽ സർവിസ് എന്ന ആവശ്യം മലബാർ കൗൺസിൽ മുഖ്യമന്ത്രിയുടെയും തുറമുഖ മന്ത്രി, ടൂറിസം മന്ത്രി, ചീഫ് സെക്രട്ടറി, നോർക്ക വൈസ് ചെയർമാൻ, കേരള മാരിടൈം ബോർഡ്, നോർക്ക തുടങ്ങിയവരുടെയും ശ്രദ്ധയിൽപെടുത്തിയത്. പ്രവാസികളുടെ യാത്രപ്രശ്നം പരിഹരിക്കാൻ 15 കോടി രൂപ സർക്കാർ വകയിരുത്തിയിട്ടുണ്ട്. ഇതുകൂടി ഉപയോഗപ്പെടുത്തി ഏകദേശം 10,000 രൂപ നിരക്കിൽ 200 കിലോ ലഗേജിനോടൊപ്പം മൂന്നുദിവസംകൊണ്ട് യാത്രക്കപ്പലിൽ ഗൾഫ് സെക്ടറിൽനിന്ന് കേരളത്തിലേക്കും തിരിച്ചും എത്താനാവും. ചുരുങ്ങിയ ചെലവിൽ കാർഗോ കയറ്റിറക്കുമതിക്കും അവസരം ലഭിക്കും. ഇത് മലബാറിന്റെ സമഗ്ര വികസനത്തിന് ഏറെ ഉപകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.