‘ബേപ്പൂർ ആൻഡ് ബിയോണ്ട്’ ടൂറിസം പദ്ധതി ഇന്ന് സമർപ്പിക്കും
text_fieldsബേപ്പൂർ: രാജ്യാന്തര ജലമേളക്ക് ഒരുങ്ങുന്ന ബേപ്പൂർ പുലിമുട്ടിന് സമീപത്തെ മറീനയിൽ പൂർത്തിയായ ‘ബേപ്പൂർ ആൻഡ് ബിയോണ്ട്’ സമഗ്ര ടൂറിസം പദ്ധതിയുടെ ആദ്യഘട്ടം ഇന്ന്(വ്യാഴം) നാടിനു സമർപ്പിക്കും. വൈകീട്ട് 6.30ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിക്കും. 9.94 കോടി രൂപ ചെലവിട്ടാണ് ആദ്യഘട്ട നവീകരണം പൂർത്തിയാക്കിയത്. പദ്ധതിയുടെ ഭാഗമായി കടലിലേക്ക് ഒരു കിലോമീറ്റർ നീളുന്ന പുലിമുട്ട് സൗന്ദര്യവത്കരണം, വിശാലമായ കൂടുതൽ ഇരിപ്പിടങ്ങൾ, ചവിട്ടുപടികൾ, ഡ്രെയ്നേജ്, ടോയ്‌ലറ്റ് കോംപ്ലക്സ് എന്നിവയൊരുക്കിയിട്ടുണ്ട്. വിശാലമായ തീരത്ത് നിറയെ അലങ്കാര വിളക്കുകൾ പുതുക്കി സ്ഥാപിച്ചതോടെ മറീന തീരം പൂർണമായും പുതുമോടിയിൽ മാറിക്കഴിഞ്ഞു.
വിശാലമായ അടിത്തറയിൽ നവീന മാതൃകയിൽ ആകർഷകമായ ബ്ലൂ സ്പ്രേ കോൺക്രീറ്റിങ് ഒരുക്കി. തറ കോൺക്രീറ്റ് ചെയ്തു ഗ്രാനൈറ്റ് പാളികൾ വിരിച്ചു. സഞ്ചാരികൾക്ക് കടൽത്തീരത്തേക്കു ഇറങ്ങാൻ കോൺക്രീറ്റ് പ്ലാറ്റ്ഫോം ഒരുക്കിയ ബീച്ചിന്റെ പാർശ്വഭാഗത്ത് കരിങ്കല്ല് സ്ഥാപിച്ച് ബലപ്പെടുത്തുകയും, ഇരുമ്പുപൈപ്പ് കൊണ്ടുള്ള സുരക്ഷാവേലി സ്ഥാപിക്കുകയും ചെയ്തു. രാത്രിയിൽ സഞ്ചാരികൾക്ക് സൗകര്യപ്രദമായ രീതിയിൽ കൂടുതൽ ഹൈമാസ്റ്റ് വിളക്കുകൾ സ്ഥാപിച്ചു. കവാടത്തിൽ തൈ നടീൽ എന്നിവയും ആദ്യഘട്ടത്തിൽ നടപ്പാക്കിയിട്ടുണ്ട്.
ബേപ്പൂരിന്റെ ചരിത്ര പൈതൃകം വീണ്ടെടുക്കുക ലക്ഷ്യമിട്ടാണ് ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ മാതൃകാ പദ്ധതികൾ നടപ്പാക്കിയത്. 2ാം ഘട്ട വികസന പദ്ധതികൾക്ക് 15 കോടി രൂപ കൂടി വിനോദസഞ്ചാര വകുപ്പ് അനുവദിച്ചിട്ടുണ്ട്.
ഇതുപയോഗിച്ച് വിശാലമായ പാർക്കിങ് സൗകര്യം, കവാടം മുതൽ കടൽത്തീരം വരെ വരെ നടപ്പാതയോടെ റോഡ് നവീകരണം, മറീന ജെട്ടി നവീകരണം, കൂടുതൽ അലങ്കാര വിളക്കുകൾ സ്ഥാപിക്കൽ, ലാൻഡ് സ്കേപ്പിങ്, ശുചിമുറി നവീകരണം തുടങ്ങിയവ നടപ്പാക്കും. ഭേദഗതികൾ വരുത്തിയുള്ള വിശദമായ ഡി.പി.ആർ പെട്ടെന്നു സമർപ്പിച്ച് അനുമതി തേടി രണ്ടാം ഘട്ട പ്രവർത്തനം വേഗത്തിൽ തുടങ്ങാനാണു പദ്ധതി. ഘട്ടം ഘട്ടമായി ബേപ്പൂരിനെ ആഗോള മാതൃകയായ ഉത്തരവാദിത്ത ടൂറിസം കേന്ദ്രമാക്കി മാറ്റുവാനാണ് വിനോദ സഞ്ചാര വകുപ്പ് ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.