അസൗകര്യങ്ങളുടെ വിലങ്ങണിഞ്ഞ് ബേപ്പൂര്‍ പൊലീസ് സ്റ്റേഷന്
text_fieldsബേപ്പൂര്‍: അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുകയാണ് ബേപ്പൂര്‍ പൊലീസ് സ്റ്റേഷന്. ബേപ്പൂർ ബസ് സ്റ്റാൻഡിന് എതിർവശത്ത്, മതിയായ അടിസ്ഥാന സൗകര്യങ്ങളില്ലാത്ത വാടകക്കെട്ടിടത്തിലാണ് നിലവിൽ പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്.
പ്രാഥമികാവശ്യങ്ങള്‍ നിർവഹിക്കാൻപോലും സൗകര്യമില്ലാത്ത കുടുസ്സായ വാടകക്കെട്ടിടത്തിൽ അഞ്ച് വനിത പൊലീസുകാരടക്കം 41 പേരാണ് ജോലി ചെയ്യുന്നത്. വനിത പൊലീസുകാർക്ക് പ്രത്യേക ശുചിമുറിയോ വിശ്രമസൗകര്യമോ ഇല്ല. 41 പേർക്ക് ഉപയോഗിക്കാൻ രണ്ട് ശുചിമുറി മാത്രമായതിനാൽ വനിത പൊലീസുകാർക്ക് മാത്രമായി അതിലൊന്ന് നീക്കിവെക്കാൻ സാധിക്കുന്നില്ല. പൊലീസ് കസ്റ്റഡിയിലുള്ളവർക്കും പരാതിക്കാർക്കും പൊതു ആവശ്യങ്ങൾക്ക് പൊലീസ് ഉദ്യോഗസ്ഥരെ കാണാനെത്തുന്നവർക്കും പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കണമെങ്കിൽ ഏക ആശ്രയം ഈ രണ്ട് ശുചിമുറികൾ മാത്രമാണ്. രാത്രിയിലും ജോലിയെടുക്കേണ്ട വനിത പൊലീസുകാർക്ക് പ്രത്യേക വിശ്രമ സൗകര്യം ഇല്ലാത്തത് മാനസിക പ്രയാസമുണ്ടാക്കുന്നു.
തൊണ്ടിമുതലുകൾ സൂക്ഷിക്കാനും രേഖകൾ സൂക്ഷിക്കാനും പ്രത്യേകം മുറികൾ വേണമെന്നാണ് വ്യവസ്ഥ. ഏറെ സുരക്ഷിതമായും രഹസ്യ സ്വഭാവത്തോടെയും കൈകാര്യം ചെയ്യേണ്ട വയർലെസ് വാർത്താ വിനിമയ സംവിധാനങ്ങൾക്കും സുരക്ഷിതമായ സൗകര്യം ഒരുക്കണം. സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുന്ന സ്റ്റേഷനിൽ ഇതിനൊന്നും പ്രത്യേകം സൗകര്യങ്ങളില്ല. പരിശോധനകൾക്കായി സ്റ്റേഷനിൽ എത്തിക്കുന്ന വാഹനങ്ങൾക്കോ കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങൾക്കോ താൽക്കാലികമായി നിർത്തിയിടാൻ സൗകര്യമില്ല.
പരാതിക്കാരുടെയും സന്ദർശകരുടെയും വാഹനങ്ങൾ നിർത്തുന്നതിനും സൗകര്യമില്ല. സ്റ്റേഷൻ പ്രവർത്തിക്കുന്ന വാടകക്കെട്ടിടം ബേപ്പൂർ അങ്ങാടിയുടെ ഹൃദയഭാഗത്തായതിനാൽ സ്റ്റേഷനിലേക്ക് വരുന്നവരുടെ വാഹനം പാതയോരത്ത് നിർത്തിയിടുന്നത് പലപ്പോഴും ഗതാഗത തടസ്സത്തിനും കാരണമാകുന്നു.
കുറ്റാന്വേഷണം, ക്രമസമാധാന പരിപാലനം, സാമൂഹിക സുരക്ഷയും-നിയമപരിരക്ഷയും ഉറപ്പുവരുത്തുന്നതിനുള്ള ജനമൈത്രി പൊലീസ് സംവിധാനം, വിദ്യാർഥികളിൽ നിയമപരിപാലന അവബോധം സൃഷ്ടിക്കുന്ന സ്റ്റുഡൻറ് പൊലീസ് കാഡറ്റ് പരിശീലനം തുടങ്ങിയ സേവന മേഖലകൾ സമയബന്ധിതമായി ചെയ്തുതീർക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ എത്രയും പെട്ടെന്ന് ഒരുക്കിക്കൊടുക്കണമെന്നാണ് പൊതുപ്രവർത്തകരുടെ ആവശ്യം. ബേപ്പൂർ പൊലീസ് സ്റ്റേഷന് സ്വന്തമായി കെട്ടിടം നിർമിക്കുന്നതിന് തുറമുഖ വളപ്പില്‍ മൂന്നുവർഷം മുമ്പ് ആരംഭിച്ച നവീനരീതിയിലുള്ള കെട്ടിടനിര്‍മാണം സാങ്കേതിക കുരുക്കിൽപെട്ട് നിശ്ചലാവസ്ഥയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.