ബേപ്പൂർ-യു.എ.ഇ കപ്പൽ സർവിസ്; കാർഗോ സാധ്യതയെക്കുറിച്ച് സർവേ നടത്താൻ ആവശ്യപ്പെടും
text_fieldsബേപ്പൂർ: ബേപ്പൂർ-യു.എ.ഇ കപ്പൽ സർവിസ് ആരംഭിക്കുന്നത് സംബന്ധിച്ച് മലബാർ ഡെവലപ്മെന്റ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കപ്പൽ കമ്പനി പ്രതിനിധികളുമായി പ്രാരംഭ ചർച്ച നടത്തി. നോർക്കയുടെ സഹകരണത്തോടെ ഗൾഫ് സെക്ടറിലെ വിമാനയാത്രക്കാർക്കും പ്രവാസികൾക്കും കുറഞ്ഞ നിരക്കിൽ ചാർട്ടേഡ് യാത്ര - ചരക്കുകപ്പൽ സർവിസ് ആരംഭിക്കുന്നതിനുള്ള സാധ്യത മുൻനിർത്തിയായിരുന്നു ചർച്ച.
മാരിടൈം ബോർഡ് ചെയർമാൻ എൻ.എസ്. പിള്ളയുടെ നിർദേശപ്രകാരം ചേർന്ന യോഗം മലബാർ ഡെവലപ്മെന്റ് കൗൺസിൽ പ്രസിഡന്റ് സി.ഇ. ചാക്കുണ്ണി ഉദ്ഘാടനം ചെയ്തു. സ്ഥിരം കപ്പൽ സർവിസ് ആരംഭിക്കുന്നതിനു മുന്നോടിയായി നോർക്കയുമായും എംബസിയുമായും സഹകരിച്ച് യാത്രക്കാരുടെ കാർഗോ കയറ്റിറക്കുമതി സാധ്യതയെക്കുറിച്ച് സർവേ നടത്താൻ സർക്കാറിനോട് ആവശ്യപ്പെടും.
ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെയും ഉൾപ്പെടുത്തി ബേപ്പൂർ-യു.എ.ഇ ട്രയൽ റൺ നടത്തുന്ന കാര്യം പരിഗണിക്കുന്നതിന് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. മുഖ്യമന്ത്രിയുമായും മന്ത്രി അഹമ്മദ് ദേവർകോവിലുമായും ഇതു സംബന്ധിച്ച് തിരുവനന്തപുരത്തും ദുബൈയിലും തുടർചർച്ചകൾ നടത്തുമെന്നും പ്രതിനിധികൾ അറിയിച്ചു.
ബേപ്പൂർ തുറമുഖത്ത് കപ്പൽ ചാനലിന്റെ ആഴം കൂട്ടുന്നത് കൂടുതൽ വലിയ കപ്പലുകൾ തുറമുഖത്തേക്ക് അടുപ്പിക്കുന്നതിന് സഹായിക്കുമെന്നും അതുവഴി പുതിയൊരു വികസന മാതൃകക്ക് തുടക്കം കുറിക്കാൻ സാധിക്കുമെന്നും ‘അനന്തപുരി ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക് പ്രൈവറ്റ് ലിമിറ്റഡ്’ മാനേജിങ് ഡയറക്ടർ വി. മുരുകൻ പറഞ്ഞു. അലക്സ് സാം ക്രിസ്മസ്, സുരേഷ് കുമാർ, പി. സുദർശൻ, മുരുകൻ വാസുദേവൻ, അലക്സ് എം.ജോർജ്, അജി ജോർജ് കട്ടച്ചിറ, ഷിബു സാമുവേൽ, സ്ലീബാ ഡാനിയൽ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.