ബേപ്പൂരിൽ ബോട്ടിന് തീപിടിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം
text_fieldsബേപ്പൂർ: അറ്റകുറ്റപ്പണികൾക്കായി യാർഡിൽ കയറ്റിയ ബോട്ടിന് തീപിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം. ബി.സി റോഡ് മാവിൻചുവട് ബസ് സ്റ്റോപ്പിന് തെക്കുഭാഗത്തായി നദീമുഖത്തോട് ചേർന്ന് പ്രവർത്തിക്കുന്ന ‘സ്വാഗത് മറൈൻസ്’ യാർഡിൽ കയറ്റിയ പുതിയാപ്പ സ്വദേശി മിഥുന്റെ ഉടമസ്ഥതയിലുള്ള മിലൻ ബോട്ടിനാണ് തീപിടിച്ചത്. ബുധനാഴ്ച പുലർച്ച 3.30നാണ് സംഭവം. ബോട്ടിന്റെ ഡ്രൈവർ മുറി ഉൾപ്പെടെ ഭാഗികമായി കത്തിനശിച്ചു.
കഴിഞ്ഞ ദിവസമാണ് ബോട്ട് യാർഡിൽ കയറ്റിയത്. മീഞ്ചന്തയിൽ നിന്നുള്ള അഗ്നിശമനസേനയും പൊലീസും നാട്ടുകാരും ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അഗ്നിരക്ഷസേനക്ക് നദീമുഖത്തോട് ചേർന്ന യാർഡിലേക്ക് എത്തുന്നതിന് പ്രയാസം നേരിട്ടതിനാൽ തീ നിയന്ത്രണവിധേയമാക്കുന്നതിന് താമസമുണ്ടായി. ബോട്ടിന്റെ പ്രൊപ്പല്ലർ (യന്ത്രത്തോട് ചേർന്ന് കറങ്ങുന്ന പങ്ക) മാറ്റുന്നതിനാണ് യാർഡിൽ കയറ്റിയത്.
75 ലക്ഷം രൂപ വിലവരുന്ന ബോട്ടാണിത്. പുതുതായി നിർമിക്കുന്ന ബോട്ടുകളടക്കം കോടികൾ വില വരുന്ന മറ്റു ബോട്ടുകളും യാർഡിലുണ്ടായിരുന്നു. അഗ്നിരക്ഷസേനയുടെ ഒരു മണിക്കൂർ നേരത്തെ സമയോചിത ഇടപെടൽ മൂലം മറ്റു ബോട്ടുകളിലേക്ക് തീപടരാതെ അണക്കാൻ സാധിച്ചു.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. കൂടുതൽ പരിശോധനക്കുശേഷം അപകട കാരണം വ്യക്തമാവുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
അസിസ്റ്റൻറ് സ്റ്റേഷൻ ഓഫിസർ പി. സുനിൽ, ഇ. ശിഹാബുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ ഓഫിസർമാരായ സി.പി. ബിനീഷ്, ജിൻസ് ജോർജ്, ജോസഫ് ബാബു, പി. ശൈലേഷ്, സി. ഷിജു, ഹോം ഗാർഡുമാരായ എൻ.വി. റഹീഷ്, കെ. സത്യൻ, വിശ്വംഭരൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.