അപകടത്തിലായ ഉരുവിനെ രക്ഷപ്പെടുത്തി
text_fieldsബേപ്പൂർ: ബേപ്പൂർ തുറമുഖത്തുനിന്ന് നിറയെ ചരക്കുകളുമായി ലക്ഷദ്വീപിലേക്ക് യാത്രതിരിച്ച 'എം.എസ്.വി. ബിലാൽ' ഉരു നടുക്കടലിൽ എൻജിൻ തകരാറിലായി അപകടത്തിൽപ്പെട്ടു. വെള്ളിയാഴ്ച പുലർച്ച നാലോടെ എട്ടു ജോലിക്കാരുമായാണ് ഉരു ലക്ഷദ്വീപിലേക്ക് പുറപ്പെട്ടത്. സിമന്റ്, ഹോളോബ്രിക്സ്, ഫർണിച്ചറുകൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, നിത്യോപയോഗ വസ്തുക്കൾ, പഴം-പച്ചക്കറികൾ, കന്നുകാലികൾ തുടങ്ങിയ അവശ്യവസ്തുക്കളുമായി പുറപ്പെട്ട ഉരുവാണ് അപകടത്തിൽപെട്ടത്.
നിയന്ത്രണം നഷ്ടപ്പെട്ട് കടലിൽ ഒഴുകുന്നതിനിടെ അകത്തേക്ക് ചെറിയ സുഷിരങ്ങൾ വഴി വെള്ളം കയറാനും തുടങ്ങി. ഇതോടെ ഉരു കൂടുതൽ അപകടാവസ്ഥയിലായി. ഭയാശങ്കയിലായ ജീവനക്കാർ കോസ്റ്റ് ഗാർഡിന്റെ സഹായം തേടി. പുറംകടലിൽ സുരക്ഷ റോന്തുചുറ്റൽ നടത്തുകയായിരുന്ന കോസ്റ്റ് ഗാർഡ് കപ്പൽ 'വിക്രം' ഉടനെ ഉരുവിന്റെ അടുത്തെത്തുകയും ഉരുവിലേക്ക് വെള്ളം കയറുന്ന ദ്വാരങ്ങൾ താൽക്കാലികമായി അടച്ചതിനു ശേഷം, ജീവനക്കാരെയും ഉരുവിനെയും സുരക്ഷിതമായി ബേപ്പൂർ തുറമുഖ വാർഫിൽ എത്തിച്ചു.
അറ്റകുറ്റപ്പണികൾ നടത്തി ഉരു എത്രയും പെട്ടെന്ന് ലക്ഷദ്വീപിലേക്ക് പുറപ്പെടുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.