കോർപറേഷൻ വാർഷിക പദ്ധതി ഭേദഗതി; ബേപ്പൂരിൽ നിർധനർക്കുള്ള ഫ്ലാറ്റ് സമുച്ചയത്തിന് 7.21 കോടി
text_fieldsകോഴിക്കോട്: ബേപ്പൂരിൽ തീരുമാനിച്ച നിർധനർക്കുള്ള ഫ്ലാറ്റ് സമുച്ചയത്തിന് 7.21 കോടി രൂപ ഉൾപ്പെടുത്തി കോർപറേഷൻ വാർഷിക പദ്ധതി ഭേദഗതി. ഇതടക്കം മൊത്തം 177.9 കോടി രൂപയുടെ വാർഷിക പദ്ധതി ഭേദഗതി മേയർ ഡോ. ബീനാഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന കോർപറേഷന്റെ പ്രത്യേക കൗൺസിൽ യോഗം അംഗീകരിച്ചു. ഭൂമിയും വീടുമില്ലാത്തവരുടെ ഭവന നിർമാണത്തിന് നാലു കോടി രൂപയടക്കം മൊത്തം 465 പദ്ധതികൾ അംഗീകരിച്ചു.
കുടുംബശ്രീ പ്രീമിയം ഹോട്ടൽ തുടങ്ങാൻ തീരുമാനിച്ചു. ഈ പദ്ധതിക്ക് 60 ലക്ഷം രൂപ വകയിരുത്തി. കോഴിക്കോട് സാഹിത്യനഗരം പദ്ധതിക്ക് മൊത്തം 72.37 ലക്ഷം രൂപയും ഭേദഗതിയിൽ വകയിരുത്തി. രണ്ട് ഇനങ്ങളിലായി 25 ലക്ഷം, 47.37 ലക്ഷം എന്നിങ്ങനെയാണ് മാറ്റിവെച്ചത്. തെരുവുനായ് നിയന്ത്രണത്തിനുള്ള എ.ബി.സി പദ്ധതിക്കും മുതലക്കുളം സംരക്ഷണത്തിനും ബീച്ചിൽ കച്ചവടത്തിന് അടിസ്ഥാന സൗകര്യമൊരുക്കാനുമെല്ലാം പണം നീക്കിവച്ചിട്ടുണ്ട്. ട്രാൻസ്ജെൻഡർ ഷെൽട്ടർ ഹോമിനായി 15 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്. പുതിയ ഭേദഗതി ജില്ല ആസൂത്രണസമിതിക്ക് മുന്നിൽ അംഗീകാരത്തിനായി സമർപ്പിക്കും.
കോർപറേഷന്റെ വാർഷിക ധനകാര്യപത്രികയും യോഗം അംഗീകരിച്ചു. 125 കോടി രൂപ നീക്കിയിരിപ്പുള്ളതാണ് ധനകാര്യപത്രിക. ഉപയോഗിക്കാതെ കിടക്കുന്ന കോർപറേഷന്റെ അക്കൗണ്ടുകളെപ്പറ്റി കെ.സി. ശോഭിത, കെ. മൊയ്തീൻ കോയ എന്നിവരുടെ നേതൃത്വത്തിൽ ആശങ്കയുന്നയിച്ചു. ഇത്തരം അക്കൗണ്ടിലെ പണം തിരിമറിക്ക് ഇട നൽകുന്നുവെന്നാണ് പരാതി. എന്നാൽ അത്തരം അക്കൗണ്ടുകൾ ഒഴിവാക്കിയെന്ന് ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് പറഞ്ഞു. പഞ്ചാബ് നാഷനൽ ബാങ്കിന്റെ അക്കൗണ്ട് മാത്രമേ ഇനി ബാക്കിയുള്ളുവെന്ന് ഡെപ്യൂട്ടി മേയർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.