കടലിൽ അകപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
text_fieldsബേപ്പൂർ: ചാലിയത്തുനിന്ന് ഫൈബർ വഞ്ചിയിൽ മത്സ്യബന്ധനത്തിന് പോയി കടലിൽ അകപ്പെട്ട അഞ്ച് തൊഴിലാളികളെ തീര സംരക്ഷണ സേന രക്ഷപ്പെടുത്തി കരയിലെത്തിച്ചു. കൊച്ചിയിൽ നിന്നെത്തിയ കോസ്റ്റ് ഗാർഡിന്റെ ‘അഭീക്’ കപ്പലാണ് രാത്രിയോടെ തൊഴിലാളികളെ രക്ഷപ്പെടുത്തി മംഗലാപുരത്തെത്തിച്ചത്. ‘യു.കെ സൺസ്’ വഞ്ചിയിലെ തൊഴിലാളികളാണ് ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് തിരിച്ചുപോരാനാകാതെ കടലിൽ അകപ്പെട്ടത്. 30ന് ഉച്ചക്കാണ് ചാലിയത്ത് നിന്നും ഇവർ മത്സ്യബന്ധനത്തിന് പുറപ്പെട്ടത്. ശക്തമായ കാറ്റിലും തിരമാലകളിലും അകപ്പെട്ട ഇവർ ബേപ്പൂരിന് പടിഞ്ഞാറ് ഒമ്പത് നോട്ടിക്കൽ മൈൽ അകലെയായിരുന്നു രക്ഷതേടി നങ്കൂരമിട്ട് നിന്നത്. ഉടമ പരപ്പനങ്ങാടി സ്വദേശി പുരക്കൽ അബ്ദുല്ല തീരദേശ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് വഞ്ചിയിലെ തൊഴിലാളികളുമായി വയർലെസിൽ ബന്ധപ്പെട്ട് നങ്കൂരമിട്ട സ്ഥലത്തുനിന്ന് വഞ്ചിയുമായി മുന്നോട്ടുപോകാതെ സുരക്ഷിതമായിരിക്കുവാൻ നിർദേശിച്ചു.
തീരക്കടലിൽ ശക്തിയേറിയ തിരമാലകൾ ഉയരത്തിൽ അടിക്കുന്നതിനാൽ കാലാവസ്ഥ അനുകൂലമാകുന്നത് വരെ തൊഴിലാളികൾ നങ്കൂരമിട്ടുതന്നെ നിന്നു. ദിവസങ്ങൾ കഴിഞ്ഞിട്ടും എത്തായതോടെ തീരസംരക്ഷണസേന വയർലെസ് വഴി വീണ്ടും ബന്ധപ്പെടുകയായിരുന്നു.
വ്യാഴാഴ്ചയോടെ സാഹചര്യങ്ങൾ ഭീകരമായതോടെ തൊഴിലാളികൾ അടിയന്തര ജീവൻ രക്ഷക്കായി തീര സംരക്ഷണ സേനയുടെ സഹായം തേടി. കടൽ പ്രക്ഷുബ്ധാവസ്ഥയിലായതിനാൽ തീരസംരക്ഷണസേനയുടെ കപ്പലിനും ഉദ്ദേശിച്ച പോലെ വഞ്ചിയുടെ അടുത്തെത്താനായില്ല. വ്യാഴാഴ്ച രാത്രിയോടെയാണ് വഞ്ചിയെയും തൊഴിലാളികളെയും കണ്ടെത്തി രക്ഷപ്പെടുത്താനായത്.
സ്രാങ്കായ മാറാട് സ്വദേശി എം. പ്രശാന്തുൾപ്പെടെ രണ്ട് മലയാളികളും രണ്ട് പശ്ചിമ ബംഗാൾ സ്വദേശികളും ഒരു തമിഴ്നാട് സ്വദേശിയുമാണ് വഞ്ചിയിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.