ബേപ്പൂരിൽ ചരക്കുകപ്പൽ സർവിസിന് വീണ്ടും തുടക്കമായി
text_fieldsബേപ്പൂർ: രണ്ടര വർഷത്തെ ഇടവേളക്കുശേഷം ബേപ്പൂരിൽനിന്ന് ചരക്കുകപ്പൽ സർവിസിന് വീണ്ടും തുട'ക്കമായി. കൊച്ചി വല്ലാർപാടം കണ്ടെയ്നർ ടെർമിനലിൽനിന്ന് 40 കണ്ടെയ്നറുകളുമായി 'ഹോപ് ദ സെവൻ' വ്യാഴാഴ്ച രാവിലെ ബേപ്പൂർ തുറമുഖത്തെത്തി. കപ്പൽചാലിന് ആഴം കുറവായതിനാൽ വേലിയേറ്റ സമയം നോക്കിയാണ് കപ്പലിനെ തുറമുഖത്തേക്ക് അടുപ്പിച്ചത്. മലബാറിലെ വിവിധ ജില്ലകളിലേക്കുള്ള ടൈൽസ്, സാനിറ്ററി ഉൽപന്നങ്ങൾ, തുണിത്തരങ്ങൾ, പ്ലൈവുഡ്, ടയർ എന്നിവയാണ് ചരക്കുകൾ.38 കണ്ടെയ്നർ തുറമുഖത്തിറക്കി.
രണ്ടു കണ്ടെയ്നർ അഴീക്കൽ തുറമുഖത്തിറക്കും. കൊച്ചിയിലേക്ക് കൊണ്ടു പോവാനുള്ള പത്ത് ഒഴിഞ്ഞ കണ്ടെയ്നറുകളും ദുബൈയിലെ ജബൽ അലി അന്താരാഷ്ട്ര തുറമുഖത്തേക്കുള്ള ബനാന ചിപ്സ് (വറുത്തകായ) കയറ്റിയ ഒരു കണ്ടെയ്നറും കൂടി ഇവിടെനിന്നും കയറ്റിയതിനുശേഷം വെള്ളിയാഴ്ച വൈകീട്ട് മൂന്നുമണിയോടെ അഴീക്കലിലേക്ക് പുറപ്പെടും. ശനിയാഴ്ച രാവിലെ കപ്പൽ അഴീക്കൽ തുറമുഖത്തെത്തും.
കുറഞ്ഞ ചെലവിൽ ജലഗതാഗത ചരക്കുനീക്കം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കപ്പൽ ചരക്കു കടത്ത് സർവിസ് പുനരാരംഭിച്ചത്. ഗ്രീൻ ഫ്രൈറ്റ് കോറിഡോർ - 2 എന്നപേരിൽ ആരംഭിച്ച സർവിസ് ആഴ്ചയിൽ രണ്ടു തവണ വല്ലാർപാടം കണ്ടെയ്നർ ടെർമിനലിൽ നിന്ന് പുറപ്പെട്ട് ബേപ്പൂർ-അഴീക്കൽ തുറമുഖങ്ങളിൽ എത്തും. സമീപഭാവിയിൽ തന്നെ കൊല്ലം തുറമുഖത്തേക്കുകൂടി സർവിസ് ആരംഭിക്കാനാണ് നീക്കം. മാസത്തിൽ നാലായിരത്തോളം കണ്ടെയ്നറുകളാണ് കൊച്ചി വല്ലാർപാടം തുറമുഖത്തുനിന്ന് മലബാറി െൻറ വിവിധ ഭാഗങ്ങളിലേക്ക് റോഡ്മാർഗം എത്തിക്കുന്നത്. ഗുജറാത്തിൽനിന്ന് കൊച്ചിയിലെത്തുന്ന അരി, ഗോതമ്പ്, ഉപ്പ് , നിർമാണ സാമഗ്രികൾ, സാനിറ്ററി ഉപകരണങ്ങൾ, സിമൻറ് എന്നിവയാണ് മലബാറിലേക്കുള്ള പ്രധാന ചരക്കുകൾ. ഇവിടെ നിന്ന് പ്ലൈവുഡ്, പാദരക്ഷകൾ, തുണിത്തരങ്ങൾ തുടങ്ങിയ ഉൽപന്നങ്ങൾ കൊച്ചിയിൽ എത്തിക്കാനും പദ്ധതിയുണ്ട്. തീരദേശ ചരക്കുനീക്കത്തിന് സംസ്ഥാന സർക്കാർ 10 ശതമാനം ഇൻസെൻറിവ് നൽകുന്നുണ്ട്. കൊച്ചി തുറമുഖവും വ്യവസായികൾക്ക് ആകർഷകമായ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.