കടൽനിറയെ മത്തി; പിടിക്കുന്നതിൽ കരുതൽ വേണം
text_fieldsബേപ്പൂർ: കടൽനിറയെ ഇത്തവണ ടൺകണക്കിന് മത്തിയാണ് മത്സ്യത്തൊഴിലാളികൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. യന്ത്രവത്കൃത ബോട്ടുകളുടെ ട്രോളിങ് നിരോധന സമയമായ ജൂൺ- ജൂലൈ മാസം മുതൽ വള്ളങ്ങൾക്കും തോണിക്കാർക്കും ലഭിച്ചുതുടങ്ങിയ മത്തിലഭ്യത വേണ്ടുവോളം തുടരുകയാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി കേരളതീരത്ത് മത്തിയുടെ ലഭ്യത നന്നേ കുറവായിരുന്നു. ഇതിനിടയിലാണ് ഇത്തവണ വൻതോതിൽ മത്തിച്ചാകര പ്രകടമായത്.
100 രൂപക്ക് രണ്ടും മൂന്നും കിലോ രുചിയുള്ള നെയ്മത്തിയാണ് വഴിയോരങ്ങളിലും മീൻചന്തകളിലുമായി വിറ്റഴിക്കുന്നത്. ഉയർന്ന ലഭ്യതമൂലം ആവശ്യക്കാർ കുറഞ്ഞതിനാൽ, ഫിഷിങ് ഹാർബറുകളിൽനിന്ന് ടൺകണക്കിന് കുഞ്ഞൻമത്തി ലോറികളിൽ കയറ്റി ഗോവ, മംഗളൂരു, തമിഴ്നാട്ടിലെ തൂത്തുക്കുടി തുടങ്ങിയ വളംനിർമാണ കമ്പനികളിലേക്ക് എത്തിച്ചാണ് വിപണനം ഉറപ്പുവരുത്തുന്നത്.
2013ന് ശേഷം കേരളതീരങ്ങളിൽ മത്തി കിട്ടുന്നത് വളരെ കുറവായിരുന്നു. മലയാളികളുടെ ഇഷ്ടമീനായ മത്തിയുടെ ലഭ്യതക്കുറവിനാൽ തമിഴ്നാട്ടിൽനിന്നും ആന്ധ്രയിൽനിന്നും കടലൂർ മത്തി എന്നപേരിലാണ് വലിയ നെയ്മത്തി സംസ്ഥാനത്തെ വിവിധ മീൻ ചന്തകളിൽ എത്തിച്ച് വിൽപന നടത്തുന്നത്. ഒമാനിൽനിന്ന് കണ്ടെയ്നർ കപ്പലുകൾവഴി എത്തിക്കുന്ന വലിയ ഒമാൻ മത്തിയും വിപണിയിൽ ലഭ്യമാണ്.
എന്നാല്‍, മത്സ്യക്കുഞ്ഞുങ്ങളുടെ അതിജീവനംതന്നെ പ്രതിസന്ധിയിലാക്കുന്ന രൂപത്തിൽ, ചെറുമത്തികള്‍ വളർച്ചയെത്തുന്നതിന് മുമ്പുതന്നെ ഒട്ടാകെ കോരിയെടുക്കുന്ന രീതി തടയേണ്ടതാണ്. ഇപ്പോള്‍ വന്നുതുടങ്ങിയ കുഞ്ഞുമത്തികളെ വളരാന്‍ അനുവദിക്കാതെ വിവേചനരഹിതമായ മത്സ്യബന്ധനം തുടർന്നാൽ ഇവയുടെ പ്രത്യുല്‍പാദനനിരക്ക് കുറയുന്നതിന് കാരണമാകുമെന്നാണ് മത്സ്യഗവേഷണ സ്ഥാപനങ്ങളുടെ അഭിപ്രായം.
മീൻപിടിത്ത തൊഴിലാളികൾ ചെറുമീനുകളെ കൂട്ടത്തോടെ പിടിക്കുന്നത് നിയന്ത്രിക്കണമെങ്കിൽ കടലിൽ വലയിടുന്നതിനുമുമ്പായി, മത്സ്യങ്ങളുടെ വലുപ്പം മുൻകൂട്ടി നിർണയിക്കുന്ന ആധുനിക ഉപകരണം യാനങ്ങളിൽ ഘടിപ്പിക്കുന്നതിന് ഫിഷറീസ് വകുപ്പ് നടപടിയെടുക്കേണ്ടതുണ്ട്. കുറഞ്ഞ വലക്കണ്ണിവലുപ്പം 10 സെന്റീമീറ്ററിൽനിന്ന് 14 സെന്റീമീറ്ററായി ഉയര്‍ത്തണമെന്നും അഭിപ്രായമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.