ഗോതീശ്വരം ഇനി സുന്ദരമാകും
text_fieldsബേപ്പൂർ: ജില്ലയുടെ കടൽതീര വിനോദകേന്ദ്രത്തിന് പുതിയ മുഖമായി, ഗോതീശ്വരം തീരത്തെ മാറ്റാനുള്ള വിനോദസഞ്ചാര വകുപ്പിന്റെ പദ്ധതിക്ക് സംസ്ഥാനസർക്കാർ അംഗീകാരം നൽകി. ‘ഗോതീശ്വരം ബീച്ച് റീ ഡെവലപ്മെന്റ്’ പദ്ധതിയുടെ ഭാഗമായി നവീകരണപദ്ധതിക്ക് 80 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു.
ജില്ലയിൽ സന്ദർശകർ കൂടുതലായി എത്തുന്ന കടൽതീരങ്ങളിൽ പെട്ടതാണ് ഗോതീശ്വരം. അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തത നേരത്തെ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് മന്ത്രിയുടെ നിർദേശ പ്രകാരം, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് നവീകരണ പദ്ധതി സർക്കാറിന് സമർപ്പിക്കുകയായിരുന്നു.
ചുറ്റുപാടുകളുടെ സൗന്ദര്യവത്കരണം, വ്യായാമത്തിനുള്ള ട്രാക്ക് നിർമാണം, ഇരിപ്പിടങ്ങൾ, നടപ്പാത, ദീപാലംകൃതമായ പൂന്തോട്ടം, വാഹനങ്ങൾ നിർത്തിയിടാനുള്ള സൗകര്യം എന്നിവയാണ് ആദ്യ ഘട്ടത്തിൽ ഒരുക്കുക. ഒരുവർഷത്തിനകം നിർമാണപ്രവൃത്തികൾ പൂർത്തീകരിക്കും. ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിനാണ് ചുമതല. നവീകരണവും സൗന്ദര്യവത്കരണവും പൂർത്തിയാവുന്നതോടെ ജില്ലയിലെ ഏറ്റവും മനോഹരമായ കടൽതീര വിനോദകേന്ദ്രങ്ങളിലൊന്നായി ഗോതീശ്വരം മാറുമെന്നും സമയബന്ധിതമായി പണി പൂർത്തിയാക്കാൻ നിർദേശം നൽകിയതായും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.