വീട് നിർമാണം പാതിവഴിയിൽ; അധികൃതരുടെ കനിവ് തേടി കുടുംബങ്ങൾ
text_fieldsബേപ്പൂർ: മാത്തോട്ടത്തിന് പടിഞ്ഞാറുഭാഗം ചെമ്മരംപറമ്പിൽ സുഹറാബിയുടെ പേരിലുള്ള അഞ്ച് സെൻറ് സ്ഥലത്തെ വീട് നിർമാണം, അഞ്ചുവർഷത്തിലധികമായി പൂർത്തീകരിക്കാതെ കിടക്കുകയാണ്. പാതിവഴിയിൽ നിർമാണം മുടക്കിയ അധികൃതർക്ക് മുമ്പാകെ ഓഫിസുകൾ കയറിയിറങ്ങിയ സുഹറാബി രോഗാതുരയായി മരണപ്പെട്ടു.
കോർപറേഷൻ സോണൽ ഓഫിസിൽ പ്ലാനിന് അപേക്ഷ സമർപ്പിച്ച് അധികൃതർ പരിശോധന നടത്തി അനുവാദം നൽകിയത് പ്രകാരമാണ് ഇവരുടേതടക്കം പ്രദേശത്തെ ആറു വീടുകൾ നിർമാണം ആരംഭിച്ചത്. എന്നാൽ, 2015ൽ കോർപറേഷൻ നേരത്തേ പ്ലാൻ അനുവദിച്ച ആറ് വീടുകളുൾപ്പെടെ പ്ലാൻ റദ്ദു ചെയ്തുകൊണ്ട്, അന്നത്തെ കോർപറേഷൻ മേയർ അധ്യക്ഷയായിട്ടുള്ള എൽ.എൽ.എം.സി (ലോക്കൽ ലെവൽ മോണിറ്ററിങ് കമ്മിറ്റി) കലക്ടർക്ക് റിപ്പോർട്ട് നൽകുകയായിരുന്നു.
ചെമ്മരം പറമ്പ് തണ്ണീർത്തട സംരക്ഷണ ഭൂമിയിൽ ഉൾപ്പെട്ടതാണെന്നപേരിലായിരുന്നു ഇത്. 2012ൽ ഇവർക്ക് വീട് നിർമിക്കുവാൻ ഹൈകോടതി നൽകിയ ഉത്തരവ് മറികടന്നാണ് കലക്ടർക്ക് എൽ.എൽ.എം.സി റിപ്പോർട്ട് നൽകിയത്. ഇത് ചോദ്യംചെയ്ത് പ്രദേശത്തെ വീട്ടുടമകൾ എല്ലാവരും ചേർന്ന് കലക്ടറെ സമീപിച്ചെങ്കിലും 'ഫയലുകൾ നോക്കട്ടെ' എന്ന മറുപടി പറഞ്ഞു തിരിച്ചയച്ചു.
ഇതിനിടെ സ്ഥലം എം.എൽ.എയുടെ നിർദേശ പ്രകാരം കൃഷി ഓഫിസറും വില്ലേജ് ഓഫിസറും വീട് നിർമിക്കുന്ന സ്ഥലം പരിശോധന നടത്തി, 20 വർഷമായി നെൽകൃഷി നടക്കുന്നില്ലെന്നും, ഇരുപത് വർഷത്തിലധികം പ്രായമുള്ള തെങ്ങുകൾ നിലനിൽക്കുന്നുണ്ടെന്നും ഭൂമി ഉടമകൾക്ക് മറ്റു ഭൂമികൾ കൈവശമില്ലെന്നും റിപ്പോർട്ട് നൽകിയെങ്കിലും, ചുവപ്പുനാടയിൽ കുടുങ്ങിയ ഫയൽ പുറത്തെത്തിക്കാൻ കലക്ടറേറ്റിലും കോർപറേഷൻ ഓഫിസിലും പലപ്പോഴായി കയറിയിറങ്ങിയിട്ടും സാധിച്ചില്ല. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനെയും നേരിൽകണ്ട് ബോധിപ്പിച്ചെങ്കിലും ശരിയാക്കാം എന്ന മറുപടി മാത്രമാണ് കിട്ടിയത്.
പ്രദേശത്തെ സാമൂഹിക, ജീവകാരുണ്യ പ്രവർത്തകനായ സജീർ മാത്തോട്ടവും ഭാര്യയും, രണ്ടു മക്കളും സഹോദരനുമടങ്ങുന്ന ആറംഗ കുടുംബം വീട് നിർമാണം വഴിമുട്ടിയതിനാൽ വാടകവീട്ടിലാണ് താമസിച്ചുവരുന്നത്. പിതാവിെൻറ ചികിത്സയും തൊഴിലില്ലായ്മയും കാരണം, വാടക നൽകുന്നതിൽ പ്രയാസം അനുഭവിക്കുന്നതിനിടയിൽ വാടകവീട് ഒഴിഞ്ഞു കൊടുക്കേണ്ട അവസ്ഥയിൽ എത്തിയിരിക്കുകയാണ്. നിരവധി കുടുംബങ്ങൾ വീട് നിർമിച്ചു താമസിക്കുന്ന ചെമ്മരംപറമ്പിൽ നിർമാണം പാതിവഴിയിൽ തടസ്സപ്പെടുത്തിയ അധികൃതർക്ക് മുമ്പാകെ ഇപ്പോഴും അപേക്ഷയുമായി കാത്തു നിൽക്കുകയാണ് കുടുംബങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.