ബസിന് വൃത്തിയില്ലെങ്കിൽ ജീവനക്കാർ കുടുങ്ങും
text_fieldsബേപ്പൂർ: കെ.എസ്.ആർ.ടി.സി ബസുകൾ വൃത്തിയായി പരിപാലിച്ചില്ലെങ്കിൽ ബന്ധപ്പെട്ട ജീവനക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ നിർദേശം. ദീർഘദൂര സർവിസുകൾ മുതൽ ഓർഡിനറി വരെയുള്ള ബസുകളിലെ വൃത്തിഹീനമായ അവസ്ഥയും അപര്യാപ്തതകളും സംബന്ധിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. അകം മുഴുവൻ പൊടിപിടിച്ചും പുറംഭാഗം നിറംമങ്ങിയും അഴുക്കുപുരണ്ട ബസുകളിൽ ദൂരയാത്ര വലിയ പ്രശ്നമായിരുന്നു.
ദീർഘദൂര സർവിസ്-ഓർഡിനറി ഉൾപ്പെടെ എല്ലാ ബസുകളും കഴുകി വൃത്തിയാക്കി മാത്രമേ സർവിസിന് അയക്കാവൂ എന്നാണ് മാനേജിങ് ഡയറക്ടറുടെ ഉത്തരവ് . ഡ്രൈവർ കാബിൻ, ഡ്രൈവർ ഡാഷ് ബോർഡ്, ജനൽ ഷട്ടർ അകവും പുറവും, യാത്രക്കാരുടെ സീറ്റ് , ബസ് പ്ലാറ്റ്ഫോം, ടോപ്, പിറകിലെ എമർജൻസി ഗ്ലാസ് മുതലായവ എപ്പോഴും വൃത്തിയും വെടിപ്പുമുള്ളതായിരിക്കണമെന്നും ഉത്തരവിൽ പറയുന്നു. 'സേവ് കെ.എസ്.ആർ.ടി.സി- ക്ലീൻ കെ.എസ്.ആർ.ടി.സി' എന്ന മുദ്രാവാക്യത്തിന്റെ ഭാഗമായിട്ടു കൂടിയാണ് നിർദേശം.
യാത്രക്കാരിൽനിന്ന് മേലിൽ പരാതികളോ വിഡിയോ ദൃശ്യങ്ങളോ ഫോട്ടോകളോ ലഭിച്ചാൽ ഗാരേജ് അധികാരികൾ ബന്ധപ്പെട്ട ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണ്.
സൂപ്പർവൈസറി ഉദ്യോഗസ്ഥൻ ബസുകൾ വൃത്തിയുള്ളതാണെന്ന് ഉറപ്പുവരുത്തി യൂനിറ്റ് ഓഫിസർമാർക്ക് റിപ്പോർട്ട് നൽകണം. പല ഡിപ്പോകളിലും ബസുകൾ കഴുകി വൃത്തിയാക്കാൻ നിയോഗിച്ചിരിക്കുന്നത് ദിവസ വേതനക്കാരെയാണ്. ഒരു ഡ്യൂട്ടിയിൽ എട്ടു മണിക്കൂറിനകം 15 ബസ് കഴുകി വൃത്തിയാക്കണമെന്ന് ടാർഗറ്റുമുണ്ട്.
ഒരു ബസ് കഴുകാൻ 27 രൂപയാണ് നൽകുന്നത്. താൽക്കാലിക ജീവനക്കാർക്ക് 15 ബസ് കഴുകിയാൽ കിട്ടുന്ന 400 രൂപ നന്നേകുറഞ്ഞ വേതനമായതിനാൽ ഉത്തരവ് നടപ്പാക്കുന്നതിന് ഡിപ്പോ അധികൃതർ കുഴയുകയാണ്. പല ഡിപ്പോകളിലും രാത്രി വെളിച്ചത്തിന്റെ പരിമിതിയിലാണ് ബസ് കഴുകുന്നത്.
കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്ടറുടെ ഉത്തരവ് നടപ്പാക്കാൻ നിർദേശം നൽകിയതായി കോഴിക്കോട് ജില്ല ട്രാൻസ്പോർട്ട് ഓഫിസർ വി. മനോജ്കുമാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.